ജോയ്‌സ് ജോര്‍ജിന്റെ മൂന്നാംഘട്ട പര്യടനം ബുധനാഴ്ച പൂര്‍ത്തിയാകും

0
15
ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജിന് രാജകുമാരി പുതകില്‍ നല്‍കിയ സ്വീകരണം

നെടുങ്കണ്ടം: മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ സ്ഥാനാര്‍ത്ഥിയുടെ നേരിട്ടുള്ള സാന്നിധ്യം ഉറപ്പുവരുത്തി ഇടതുപക്ഷ മുന്നണി തയ്യാറാക്കിയ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടം മറ്റന്നാള്‍ പൂര്‍ത്തിയാകും.
ലക്ഷക്കണക്കിന് വോട്ടര്‍മാരെ നേരിട്ട് കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കുവാനുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചും ആദ്യം പ്രചരണം ആരംഭിച്ചും ആദ്യം നോമിനേഷന്‍ നല്കിയും തെരഞ്ഞെടുപ്പ് രംഗത്ത് നേടിയെടുത്ത മേല്‍ക്കൈ അതേപടി നിലനിര്‍ത്തി തന്നെയാണ് എല്‍ഡിഎഫും ജോയ്‌സ് ജോര്‍ജും ബുധനാഴ്ചയോടെ നാലാംഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. ജില്ലയുടെ തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തവും കെട്ടുറുപ്പുള്ളതുമായ മുന്നണിയിലെ ഐക്യമാണ് ഇടതുപക്ഷത്തിന്റെ കരുത്ത്. പുതുതായി മുന്നണിയില്‍ ചേര്‍ന്ന കക്ഷികളുടെ സാന്നിധ്യവും പ്രത്യേകിച്ചും മണ്ഡലത്തില്‍ ശക്തി തെളിയിക്കാന്‍ പോകുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന്റെ പ്രസക്തിയും എല്‍ഡിഎഫ് പ്രവര്‍ത്തനത്തിന് കരുത്തേകുകയാണ്. അടിത്തട്ടില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയാണ് എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.എതിരാളികള്‍ നഗരങ്ങളില്‍ ഒതുങ്ങുമ്പോള്‍ ഗ്രാമഹൃദയങ്ങളിലാണ് എല്‍ഡിഎഫിന്റെ കണ്ണ്. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും എംപിയെന്ന നിലയില്‍ ജോയ്‌സ് ജോര്‍ജ് നടപ്പിലാക്കിയ 4750കോടിയുടെ വികസന പ്രവര്‍ത്തനങ്ങളിലും ഊന്നിനിന്നാണ് പ്രചരണം കൊഴുക്കുന്നത്. ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ്സാണെന്നും 2013 നവംബര്‍ 13 ലെ ഉത്തരവിലൂടെ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയതും ഒടുവില്‍ അന്തിമ വിജ്ഞാപനത്തിന് എതിരുനിന്നതും കോണ്‍ഗ്രസ്സാണെന്ന പ്രചരണം ശക്തമാക്കിയാണ് ഇടതുപക്ഷം ജനങ്ങളിലേക്ക് ഇറങ്ങിയത്.
മന്ത്രിയും എംപിയും ജില്ലയില്‍ നിന്ന് ഉണ്ടായതോടെ നാട്ടിലുണ്ടായ പുരോഗതിയും ജനങ്ങളുടെ ഐക്യവുമാണ് ഗ്രാമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിജയം ആവര്‍ത്തിക്കപ്പെടുന്നതിലൂടെ മാത്രമേ ഇടുക്കിയുടെ ഐക്യവും കെട്ടുറപ്പും കൂടുതല്‍ ശക്തമായി ലോകത്തെ അറിയിക്കാന്‍ കഴിയൂ എന്ന സന്ദേശമാണ് വീടുകളിലേക്ക് എത്തിക്കുന്നത്.
എല്‍ഡിഎഫിന്റെ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ ചിട്ടയായ രീതിയില്‍ പ്രവര്‍ത്തന സജ്ജമായി. പാര്‍ലമെന്റ്- അസംബ്ലി മണ്ഡലം കണ്‍വന്‍ഷനുകളും 250 മേഖല കണ്‍വന്‍ഷനുകളും 1305 ബൂത്ത് കണ്‍വന്‍ഷനുകളും പൂര്‍ത്തിയാക്കി കഴിഞ്ഞു. കുടുംബ യോഗങ്ങളും സ്‌ക്വോഡ് വര്‍ക്കുകളുമാണ് ഇപ്പോള്‍ നടക്കുന്നത്.
ജനങ്ങള്‍ തന്നെ വീണ്ടും തെരഞ്ഞെടുക്കുമ്പോള്‍ ഡല്‍ഹിയില്‍ ഒരുമതേതര ഗവണ്‍മെന്റ് ഉണ്ടാക്കാനായിരിക്കും തന്റെ വോട്ട് വിനിയോഗിക്കുകയെന്നും വോട്ടര്‍മാരെ ഓര്‍മ്മപ്പെടുത്തിയാണ് ജോയ്‌സ് ജോര്‍ജ് മുന്നേറുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here