ബ്രെക്‌സിറ്റ് പ്രതിസന്ധി

0
34

യൂറോപ്യന്‍ രാജ്യങ്ങളുടെ പൊതു കൂട്ടായ്മയായ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ മാറണം എന്ന ജനഹിതം നടപ്പാക്കുന്നതിന്റെ പേരില്‍ പ്രധാനമന്ത്രി തെരേസമേയ് ലണ്ടനില്‍ ഭരണപരമായ പ്രതിസന്ധി നേരിടുകയാണ്. രാജ്യത്തെ ജനങ്ങളില്‍ ഭൂരിപക്ഷം പേര്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരാന്‍ റഫറണ്ടത്തിലൂടെ സര്‍ക്കാരിന് അനുമതി കൊടുത്തിട്ട് രണ്ടുവര്‍ഷം തികയാന്‍ പോകുന്നു. അതിനകം ഇ.യു വിട്ടു പോരുന്നതിനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കി യു.കെ സ്വന്തമായ ബിസിനസ് നയം ആവിഷ്‌കരിക്കേണ്ടതുണ്ട്. ബ്രെക്‌സിറ്റ് എന്ന് വിവക്ഷിക്കപ്പെടുന്ന ഈ പ്രക്രീയ സുഗമമായി നടപ്പാക്കാന്‍ മേയ് സര്‍ക്കാരിന് കഴിയുന്നില്ല. അതാ
ണ് ഇപ്പോള്‍ ബ്രിട്ടന്‍ നേരിടുന്ന ഏറ്റവും വലിയ വിഷമ പ്രശ്‌നം.

പഴയ ഗ്രേറ്റ് ബ്രിട്ടന്‍ എന്ന യുണൈറ്റഡ് കിംഗ്ഡം അല്‍പ്പാല്‍പ്പം ശോഷിച്ചുവരികയാണ്. അയര്‍ലന്‍ഡിന്റെ ഒരു ഭാഗം എന്നേ വിട്ടുപോയി. സ്‌കോട്ട്‌ലന്‍ഡ് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നു. അതിനായി സ്‌കോട്ടിഷ് പ്രദേശത്ത് 2014 -ല്‍ നടന്ന ജനഹിത പരിശോധനയില്‍ രണ്ട് ശതമാനത്തില്‍ താഴെ ഭൂരിപക്ഷത്തിലാണ് ഇപ്പോള്‍ യു.കെ നിലനില്‍ക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ മേല്‍ക്കോയ്മ അംഗീകരിക്കാത്ത പകുതിയോളം പേരെങ്കിലും ഇപ്പോള്‍ സ്‌കോട്ട്‌ലന്‍ഡിലുണ്ടെന്ന് സാരം. അയര്‍ലന്‍ഡും സ്‌കോട്ട്‌ലന്‍ഡും വിട്ടുപോയാല്‍ ദ്വീപ് രാഷ്ട്രമായ യു.കെ ഇല്ലാതാകും. ബ്രിട്ടന്‍ വെറും ഇംഗ്ലണ്ട് മാത്രായി ചുരുങ്ങും. ആറരക്കോടി ജനങ്ങളില്‍ പകുതിയോളം പേര്‍ പോയാല്‍, സൂര്യനസ്തമിക്കാത്ത രാജ്യം എന്ന് ചരിത്രം വിളിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന കോലം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി ബ്രിട്ടീഷ് ജനത രണ്ടായി തിരിഞ്ഞിരിക്കുന്നു. അവര്‍ തമ്മിലുള്ള വ്യത്യാസം രണ്ടു വര്‍ഷം മുമ്പ് വെറും രണ്ട് ശതമാനമായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ എന്നേക്കുമായി മാറുന്നതോടെ ഗുണവും ദോഷവും ഉണ്ടെന്ന് രണ്ട് വാദഗതികള്‍ നിലനില്‍ക്കുന്നു. അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹം യൂണിയന്‍ രാഷ്ട്രങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കുണ്ടായപ്പോള്‍ ഉയര്‍ന്ന പ്രതിഷേധം ചെറുതായിരുന്നില്ല. ഇ.യു വില്‍ തുടരുന്നതുകൊണ്ടാണ് അംഗരാഷ്ട്രങ്ങളുടെ സൗഹൃദ പ്രദേശങ്ങളില്‍ നിന്ന് വരുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കേണ്ടിവരുന്നതെന്നായിരുന്നു വാദം. യുണൈറ്റഡ് കിംഗ്ഡം ഇന്‍ഡിപ്പെണ്ടന്റ് പാര്‍ട്ടി പോലുള്ള പുതിയ രാഷ്ട്രീയ പ്രസ്ഥാനം അഭയാര്‍ത്ഥികള്‍ വന്ന് ബ്രിട്ടനില്‍ കുടിയേറുന്നതിനെതിരേ രൂപം കൊണ്ടു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആ പാര്‍ട്ടിക്ക് പ്രതിനിധികള്‍ ഉണ്ടായി. പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിക്കും ഇത് ഭീഷണിയായി. ഈ സാഹചര്യത്തിലാണ് ബ്രെക്‌സിറ്റ് ജനഹിത പരിശോധനയ്ക്ക് 2016 ല്‍ ഡേവിഡ് കാമറൂണ്‍ ഗവണ്‍മെന്റ് സന്നദ്ധമായത്. യൂറോപ്യന്‍ യൂണിയനില്‍ തുടരണം ബ്രിട്ടന്‍ എന്ന പക്ഷക്കാരനായിരുന്ന കാമറൂണ്‍ ജനഹിതം മറിച്ചായതുകൊണ്ട് പ്രധാനമന്ത്രിപദം രാജിവെച്ചു. പകരം അധികാരത്തിലേറിയ തെരേസാ മേയ് ആ ജനഹിതം നടപ്പാക്കാന്‍ ബാധ്യസ്ഥയായി. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഒരു വിഭാഗം തന്നെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ സമയമായപ്പോള്‍ പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞു. ബ്രിട്ടനിലെ രാഷ്ട്രീയ ഭരണകൂടം നേരിടുന്ന ഈ അനിശ്ചിതാവസ്ഥ മേയ് സര്‍ക്കാര്‍ എങ്ങനെ തരണം ചെയ്യും എന്നത് ലോകത്തിന്റെ കൗതുകമാണ്. ബ്രെക്‌സിറ്റ് നടപ്പാക്കിയ ശേഷം മേയ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് തിരഞ്ഞെടുപ്പ് നേരിടണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇല്ലെങ്കില്‍ ലേബര്‍ പാര്‍ട്ടിയുടെ നേതാവായ ജെറിമി കോര്‍ബൈന്‍ അധികാരത്തില്‍ വരുമെന്ന് ഭരണകക്ഷി എം.പിമാര്‍ പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു. ഈ അനിശ്ചിതാവസ്ഥയ്ക്കിടയില്‍ ബ്രിട്ടനിലെ വാണിജ്യ വ്യാപാര മണ്ഡലം സ്തംഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ മേയ് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ലോകവും ഉറ്റുനോക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here