കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മീഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്‌ളഡ് അഡൈ്വസറിയില്‍ പറയുന്നു.

കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാലുദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും ജല കമ്മീഷന്‍ അറിയിച്ചു.

പാലക്കാട് ജില്ലയിലെ ഭവാനി നദിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരും. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂടാതെ കർണാടകയിൽ മഴ തീവ്രമായ സാഹചര്യത്തിൽ വയനാട്ടിലെ കബനി നദിയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജല കമ്മീഷൻ അറിയിച്ചു.

അതേസമയം, ഓഗസ്റ്റ് ഒന്‍പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കിയിലും വയനാടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസവും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. ചില ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ മഴ തുടരുന്ന ഇടുക്കി, വയനാട് ജില്ലകളിലെ ദുരന്ത സാധ്യത മേഖലകളില്‍ താമസിക്കുന്നവരെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. രാത്രിയില്‍ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ രാത്രിയാകാന്‍ കാത്ത് നില്‍ക്കാതെ ആളുകളെ പകല്‍ തന്നെ നിര്‍ബന്ധപൂര്‍വ്വം മാറ്റാനാണ് നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here