ന്യൂദല്‍ഹി : കുടുംബപ്പേരുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ എണ്ണം കുറവാണെങ്കിലും ഇപ്പോഴും കുടുംബത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച്‌ മാത്രം ചിന്തിക്കുന്ന ചിലര്‍ രാഷ്ട്രീയത്തിലുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി . പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന രണ്ടാമത്തെ ദേശീയ യുവ പാര്‍ലമെന്റ് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് ഒന്നാം സ്ഥാനം നല്‍കുന്നതിനുപകരം, രാഷ്ട്രീയ കുടുംബവാഴ്ച ഞാനും എന്റെ കുടുംബവും മാത്രം ‘എന്ന ആശയം ദേശീയ മനസ്സില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. രാഷ്ട്രീയവും സാമൂഹികവുമായ അഴിമതിക്ക് ഇത് ഒരു വലിയ കാരണമാണ്. രാഷ്ട്രീയ കുടുംബങ്ങളില്‍ ജനിച്ചവരും വളര്‍ത്തപ്പെട്ടവരും കരുതുന്നത് അവരുടെ മുന്‍ തലമുറകള്‍ അഴിമതിയില്‍ നിന്ന് രക്ഷപ്പെട്ടതിനാല്‍, അവര്‍ക്കും അതിനു കഴിയുമെന്നാണ്. അതിനാല്‍, ഈ ആളുകള്‍ക്ക് നിയമത്തോട് ഒരു ബഹുമാനവും ഇല്ല, അവര്‍ക്ക് ഭയവുമില്ലെന്നും മോദി പറഞ്ഞു.

ഇന്ന് സത്യസന്ധരായവര്‍ക്ക് സേവനത്തിനുള്ള അവസരങ്ങള്‍ ഉണ്ട്, ആദര്‍ശരഹിതമായ പ്രവര്‍ത്തനം എന്ന രാഷ്ട്രിയത്തെ കുറിച്ചുള്ള ആ പഴയ കാഴ്ച്ചപ്പാട് മാറുകയാണ്. ഇന്ന് സത്യസന്ധതയും പ്രവര്‍ത്തന മികവും ആണ് ആവശ്യം. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രിയത്തിലെ കുടുംബ വാഴ്ച്ചയെ കുറിച്ചും പ്രധാനമന്ത്രി ദീര്‍ഘമായി സംസാരിച്ചു. അഴിമതി പൈതൃകമാക്കിയ ആളുകള്‍ ജനങ്ങളുടെ മേല്‍ അഴിമതിയുടെ ഭാരം വച്ചുകൊടുക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കുടുംബവാഴ്ച്ചയെ ഉന്മൂലനം ചെയ്യുവാന്‍ അദ്ദേഹം യുവാക്കളെ ആഹ്വാനം ചെയ്തു. രാഷ്ട്രിയത്തിലെ കുടുംബ വാഴ്ച ജനാധിപത്യത്തില്‍ കഴിവുകേടിനും ഏകാധിപത്യത്തിനും വഴിയൊരുക്കും. കാരണം കുടുംബത്തില്‍ രാഷ്ട്രിയവും രാഷ്ട്രിയത്തില്‍ കുടുംബവും നിലനിര്‍ത്തുന്നതിനാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.ഇന്ന് ഒരു കുടുംബ പേരിന്റെ ഊന്നുവടിയില്‍ താങ്ങി നിന്നു കൊണ്ട് തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. എന്നാലും കുടുംബവാഴ്ച്ച രാഷ്ട്രിയം ഇപ്പോഴും അതിന്റെ അന്ത്യത്തില്‍ നിന്നു വളരെ ദൂരെയാണ്. കുടുംബ വാഴ്ച്ച പ്രോത്സാഹിപ്പിക്കുന്നത് തന്നെയും തന്റെ കുടുംബത്തെയുമാണ്. അല്ലാതെ രാഷ്ട്രത്തിന്റെ മുന്നേറ്റമല്ല. ഇതാണ് ഇന്ത്യയിലെ സാമൂഹിക അഴിമതിയുടെ മുഖ്യ കാരണം – പ്രധാന മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here