ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും വന്‍ തേരോട്ടം നടത്തി ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി ബിജെപിയെ മാറ്റുകയാണ്. യുപിയിലെ വിജയം ബിജെപിയുടെ രാഷ്ട്രീയ ഡിഎന്‍എയെ തന്നെ മാറ്റിയെഴുതുന്നതാണ്. കാര്‍ഷിക നിയമങ്ങളടക്കം പിന്മാറിയ വിഷയങ്ങളില്‍ കൂടുതല്‍ പരിഷ്ക്കാരവുമായി രംഗത്തെത്താനുള്ള ഊര്‍ജ്ജം ഇതോടെ ബിജെപിക്ക് കിട്ടുകയാണ്.

അഞ്ചിലങ്കത്തില്‍ നാലിടത്തെ വിജയം അതിശയോക്തിയല്ലെന്ന് ആവര്‍ത്തിച്ചപ്പോള്‍ 2024ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള സന്ദേഹങ്ങളിലും ബിജെപി വ്യക്തത വരുത്തുകയാണ്. ഒരു കാലത്ത് പരീക്ഷണശാലയായിരുന്ന ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് അധികാരത്തില്‍ വരിക എന്നത് ബിജെപിക്ക് ദുഷ്ക്കരമായിരുന്നു. ബാബറി മസ്ജിദ് തകര്‍ന്ന ശേഷമുള്ള സാഹചര്യവും അത്ര കണ്ട് അനുകൂലമായിരുന്നില്ല. ആ യുപിയെയാണ് മോദി യോഗി കൂട്ടുകെട്ട് മാറ്റിമറിച്ചിരിക്കുന്നത്. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്‍റെ മൂശയില്‍ വിരിയുന്നത് പുതിയ ചരിത്രം. അഞ്ച് വര്‍ഷം തികച്ച് ഭരിച്ചതിനൊപ്പം വീണ്ടും അധികാരത്തിലെത്തുകയെന്നത് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പുതിയ ഏടാണ്.

സംഘപരിവാർ രാഷ്ട്രീയത്തിൽ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിൻ്റെ വിജയം. യോഗിയെ മുന്നിൽ നിർത്തിയുള്ള വിജയം മോദിയുടെ പിൻഗാമിയെ നിർണ്ണയിക്കുന്നതിലും പ്രധാനമാകും.ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തിൽ ശക്തമാക്കാനുള്ള നീക്കത്തിനുള്ള അംഗീകാരമായി കൂടി യോഗി നയം മാറുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here