പാൽ ഉല്പാദനത്തിൽ രാജ്യത്ത് ഒന്നാമതെത്തുന്നതിനുള്ള പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെയായിരിക്കും പദ്ധതികൾ നടപ്പിലാക്കുക. യുവ തലമുറയ്ക്കും പ്രവാസികൾക്കും സഹായമാകുന്ന പദ്ധതികളും വകുപ്പ് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

ആലുവ മഹാത്മാ ഗാന്ധി ടൗൺഹാളിൽ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ഷീര സംഗമത്തിന്റെ പൊതുസമ്മേളനവും മേഖലയിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുയൊയിരുന്നു മന്ത്രി.

പ്രാദേശികതലത്തിൽ കാലിത്തീറ്റ ഉല്പാദിപ്പിക്കുന്നവർക്കുള്ള ധനസഹായ പദ്ധതിയായ എൻ.സി.എഫ്.ആർ ന്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പ്രാദേശിക തലത്തിൽ കാലിത്തീറ്റ ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചാൽ കന്നുകാലികൾക്കുള്ള തീറ്റച്ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവർക്കുള്ള സാമ്പത്തിക സഹായവും സർക്കാർ നൽകും. ജില്ലയിൽ ആദ്യമായി ഇത്തരത്തിൽ കാലിത്തീറ്റ ഉല്പാദിപ്പിച്ച പറവൂർ ബ്ലോക്കിലെ കോട്ടയിൽ കോവിലകം ക്ഷീര സംഘത്തിനുള്ള സഹായം ചടങ്ങിൽ കൈമാറി.

പ്രാദേശികമായി ലഭ്യമാക്കുന്ന ഉപ ഉല്പന്നങ്ങളായ മരച്ചീനി, ചക്കക്കുരു, തവിടുകൾ, തേങ്ങാപ്പിണ്ണാക്ക് എന്നിവ പരമാവധി ഉപയോഗപ്പെടുത്തി അതോടൊപ്പം പരുത്തി, സോയ തവിടുകൾ എന്നിവ ചേർത്ത് പോഷക സമ്പുഷ്ടമായ കാലിത്തീറ്റ കുറഞ്ഞ ചിലവിൽ നിർമ്മിക്കുന്നതിന് ഒരു ക്ഷീര സംഘത്തെ പ്രാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ച് ലക്ഷം രൂപ വരെ പദ്ധതിക്കായി ചിലവ് പ്രതീക്ഷിക്കുന്നു. അതിൽ 3.75 ലക്ഷം രൂപ ക്ഷീര വികസന വകുപ്പ് സബ്സിഡിയായി നൽകും.

സംസ്ഥാനത്ത് എൻ.സി.എഫ്.ആർ പദ്ധതി പ്രകാരം മൂന്ന് സംഘങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ക്ഷീര കർഷകരെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ തലത്തിൽ നടപടികൾക്ക് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ മികച്ച ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു.

അൻവർ സാദത്ത് എം എൽ എ ചടങ്ങിൽ അധ്യക്ഷനായി. ബെന്നി ബഹന്നാൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആലുവ നഗരസഭാ ചെയർമാൻ എം.ഒ.ജോൺ, ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി.സുരേഷ്കുമാർ, ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പി.പി. ബിന്ദു മോൻ, ഇ.ആർ.സി.എം.പി.യു ചെയർമാൻ ജോൺ തെരുവത്ത്, കരുമാലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here