കൊച്ചി:എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഉജ്ജ്വല വിജയം. തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ രണ്ട് എൽഡിഎഫ് വാർഡുകൾ ബിജെപി പിടിച്ചെടുത്തു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു ഇവ രണ്ടും. നഗരസഭയിലെ 11-ാം ഡിവിഷനായ ഇളമനത്തോപ്പിൽ ബിജെപി സ്ഥാനാർത്ഥി വള്ളി രവി വിജയിച്ചു. സിപിഎമ്മിലെ കെടി സൈഗാൾ അന്തരിച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.

46-ാം ഡിവിഷനായ പിഷാരികോവിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രതി ബിജുവാണ് വിജയിച്ചത്. എൽഡിഎഫ് അംഗം രാജമ്മ മോഹൻ അന്തരിച്ച ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. 84.24 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. കൊച്ചി കോർപ്പറേഷൻ, തൃപ്പൂണിത്തുറ നഗരസഭ, കുന്നത്തുനാട്, വാരപ്പെട്ടി, നെടുമ്പാശ്ശേരി പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ആറ് വാർഡിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കൊച്ചി കോർപ്പറേഷൻ 62-ാം ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പദ്മജ എസ് മേനോൻ വിജയം സ്വന്തമാക്കി. പദ്മജയും യുഡിഎഫിനായി അനിത വാര്യരും എൽഡിഎഫിനായി എസ് അശ്വതിയുമാണ് മത്സരിച്ചത്. കൗൺസിലറുടെ മരണത്തോടെയാണ് ബിജെപി സിറ്റിംഗ് സീറ്റിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സിറ്റിംഗ് സീറ്റ് ഇവിടെ ബിജെപി നിലനിർത്തുകയും ചെയ്തു. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പോളിംഗ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.

തൃപ്പൂണിത്തുറയിലെ ബിജെപി വിജയത്തോടെ എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. എൽഡിഎഫിന്റെ കൈയ്യിലുണ്ടായിരുന്ന രണ്ട് വാർഡുകളാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ പിടിച്ചെടുത്തത്. അതേസമയം വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ വാർഡ് യുഡിഎഫ് നിലനിർത്തി. നെടുമ്പാശ്ശേരിയിലും യുഡിഎഫിന് വിജയിക്കാൻ സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here