വയനാട് : കൊച്ചിയിലെ മാലിന്യ കേന്ദ്രത്തിലെ തീപിടിത്തത്തിൽ കരിഞ്ഞത് വയനാടിന്റെ പ്രതീക്ഷകളുമെന്ന് ജില്ലയിലെ കർഷകരടക്കുള്ള നിവാസികൾ അഭിപ്രായപ്പെടുന്നു. എറണാകുളം കലക്ടറെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത് ശിക്ഷാനടപടിയെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ, സംസ്ഥാനത്തെ മികച്ച കലക്ടർക്കുള്ള പുരസ്ക്കാരം വാങ്ങിയ വയനാട് കലക്ടർ എ. ഗീതയെ ദിവസങ്ങൾക്കകംസ്ഥലം മാറ്റിയതാണ് ജില്ലക്കാരിൽ അലോസരമുണർത്തിയത്.

ജില്ലാ കലക്ടറുടെ പ്രൗഢി കാട്ടാതെ സാധാരണ സർക്കാർ ജീവനക്കാരിയെന്ന മട്ടിൽ ജനങ്ങളോടുള്ള ഇടപെടലാണ് എ. ഗീതയെ വേറിട്ട ജില്ലാ അധികാരിയാക്കി മാറ്റിയത്. കഥകളി കലാകാരിയെന്ന് പേരെടുത്തപ്പോഴും ഭൂസംരക്ഷണമടക്കം ഭരണ നടപടികളിൽ വിട്ടുവീഴ്ചയില്ലാത്ത കാർക്കശ്യവും അവർ പ്രകടമാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. ബ്രിട്ടീഷ് അധീനമെന്നു കരുതിപ്പോന്ന വിഖ്യാതമായ കൽപ്പറ്റയിലെ വുഡ്ലാൻഡ്സ് എസ്റ്റേറ്റ് അളന്നു തിരിച്ച് ഭൂരഹിതർക്ക് ലഭ്യമുക്കാൻ നടപടി സ്വീകരിച്ചതും
മാനന്തവാടിയിലും മുത്തങ്ങയിലും നിർധനരായ നൂറു കണക്കിന് പ്രദേശവാസികൾക്ക് ഭൂരേഖ അനുവദിച്ചതും ചുരുങ്ങിയ സമയം കൊണ്ടാണ്.

ഐ എ എസ് ലഭിക്കും മുൻപ് ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്നതിനാൽ റവന്യൂ വിഷയങ്ങളുടെ പ്രായോഗികവശം മറ്റാരുടെയും സഹായം കൂടാതെ വിലയിരുത്താൻ കഴിഞ്ഞതും കൂട്ടായ ആലോചനകളിലൂടെ പ്രശ്ന പരിഹാരം കണ്ടെത്താൻ എ. ഗീതയെ ഏറെ സഹായിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഗോത്രവിഭാഗങ്ങൾക്ക് ആധാർ മുതൽ ബാങ്ക് പാസ്ബുക്ക് വരെ എല്ലാ തിരിച്ചറിയൽ രേഖകളും ഒരേ സമയം ലഭ്യമാക്കാനും അവ ഡിജിറ്റൈസ് രൂപത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ ഡേറ്റാബേസ് സൃഷ്ടിക്കാനും കഴിഞ്ഞതും സംസ്ഥാനത്തെ വിപ്ലവകരമായ നടപടിയായിരുന്നു.

ജനകീയ കലക്ടറുടെ സ്ഥാനചലനം ജനങ്ങൾക്കെന്ന പോലെ സർക്കാർ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗത്തിനും ഞെട്ടലുളവാക്കുന്നതായി. വനിതാ ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ വന്ന വാർത്ത വനിതാ ജീവനക്കാർക്കാരിൽ പലർക്കും ഉൾക്കൊള്ളാനായില്ല. വിവരമറിഞ്ഞ് കലക്ടറെ ചേംബറിൽ കാണാനെത്തിയ ജീവനക്കാരിൽ ചിലർ വിതുമ്പിക്കരഞ്ഞത് വികാരനിർഭരമായ രംഗങ്ങൾക്ക് വഴി തെളിച്ചു. അതേ സമയം റവന്യൂ വകുപ്പ് മികച്ച കലക്ടറായി തെരഞ്ഞെടുത്ത ഉദ്യോഗസ്ഥയെ ജില്ലയിൽ നടന്ന പട്ടയമേള സംസ്ഥാനതല ഉദ്ഘാടനത്തിന്റെ പിറ്റേന്നു തന്നെ സ്ഥലം മാറ്റിയത് വകുപ്പ് ഭരിക്കുന്ന സി പി ഐയും പൊതുഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന സി പി എമ്മും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമാണെന്നും വ്യാഖ്യാന മുയർന്നു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here