മലമ്പുഴ കനാല്‍ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു

0
15

ഒറ്റപ്പാലം: ലക്കിടിപേരൂരില്‍ മലമ്പുഴ കനാല്‍ നവീകരണ പ്രവൃത്തികള്‍ തകൃതിയായി നടക്കുന്നു. മലമ്പുഴ ഡാമിലെ വെള്ളം എത്തുമ്പോഴേക്കും കനാല്‍ വൃത്തിയാക്കുന്ന പ്രവൃത്തികളാണ് പഞ്ചായത്തിലുടനീളം തൊഴിലുറപ്പ് തൊഴിലാളികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കത്തോടനുബന്ധിച്ച് കനാലില്‍ മിക്കസ്ഥലങ്ങളിലും വെള്ളത്തോടൊപ്പം മണ്ണും കുത്തിയൊലിച്ചിറങ്ങിയ നിലയിലാണ്.
ഇതോടെ കനാലിലൂടെ കൃഷിയിടങ്ങളിലേക്ക് എത്തേണ്ട വെള്ളം ഒഴുകുന്നതിന് തടസ്സമായി മാറിയിരിക്കുകയാണ്. ഇത്തരം പ്രദേശങ്ങളില്‍ മണ്ണ് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍.
കഴിഞ്ഞവര്‍ഷം മലമ്പുഴ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് കനാല്‍ നവീകരണ പ്രവൃത്തികള്‍ ചെയ്തത്. ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറിയ കനാല്‍ നവീകരണ പ്രവര്‍ത്തികള്‍ മാത്രമാണ് കഴിഞ്ഞവര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ 11 വാര്‍ഡുകളിലൂടെ 13 കിലോമീറ്റര്‍ നീളമാണ് മലമ്പുഴ കനാലൊഴുന്നത്. കനാല്‍ നവീകരണത്തിനായി 4800 പ്രവൃത്തി ദിനങ്ങളാണ് പദ്ധതിയിലുള്ളത്. 1335000 രൂപയും മലമ്പുഴ കനാല്‍ നവീകരണ പ്രവര്‍ത്തികള്‍ക്കായി തൊഴിലുറപ്പു പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. നവംബര്‍ 15നകം നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here