പീതാംബരന്റെയും ഭാര്യ മഞ്ജുവിന്റെയും മൊഴികളില്‍ വൈരുദ്ധ്യം; സി പി എം പ്രതിരോധത്തില്‍

0
10

സ്വന്തം ലേഖകന്‍
കാസര്‍ക്കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കിയെന്നുമാത്രമല്ല, ഇതുസംബന്ധിച്ച് പീതാംബരന്‍ പോലീസിനുനല്‍കിയ മൊഴിയുടെ സത്യാവസ്ഥയെസംബന്ധിച്ച് സംശയവുമുയര്‍ന്നു.
അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പീതാംബരന്റെ മൊഴി. കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ ഉണ്ടാകാത്തത് നിരാശ ഉണ്ടാക്കിയെന്ന് പീതാംബരന്‍ പറഞ്ഞത്. കൃപേഷിന്റെ പേരില്‍ കേസെടുക്കണമെന്നായിരുന്നു പീതാംബരന്റെ ആവശ്യമെന്നും എന്നാല്‍ പാര്‍ട്ടിയില്‍നിന്ന് അനുകൂലമായ നിലപാടുണ്ടായില്ലെന്നുമാണ്‌മൊഴി. ഇതില്‍ നിരാശ പൂണ്ട പീതാംബരന്‍ തന്റെ സുഹൃത്തുക്കളുമായി ഇക്കാര്യം ആലോചിക്കുകയും കൊല ആസൂത്രണം ചെയ്യുകയും ചെയ്തുവെന്നും മൊഴിയിലുണ്ട്.
എന്നാല്‍ കൊല ചെയ്തിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ അറിവോടെയാണെന്ന് പീതാംബരന്റെ ഭാര്യ മഞ്ജു അസന്നിഗ്ദ്ധമായി പറയുന്നു. തന്റെ ഭര്‍ത്താവ് ആക്രമിക്കപ്പെട്ടശേഷം കയ്യിന് സ്റ്റീലിടേണ്ടി വന്നുവെന്നും അതിനാല്‍ ആ കൈകൊണ്ട് യാതൊന്നും ചെയ്യാനും പറ്റില്ലെന്നും പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയില്ലെന്നും ഈ അവസ്ഥയില്‍ കൊലപാതകത്തില്‍ പങ്കെടുത്തു എന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് മഞ്ജു മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. മര്‍ദ്ദനമേറ്റശേഷം ഇനി പാര്‍ട്ടി പ്രവര്‍ത്തനം വേണ്ടെന്ന് പീതാംബരന്‍ പറയുമായിരുന്നുവെന്നും അതിനാല്‍ പീതാംബരന്‍ സ്വന്തം നിലയ്ക്ക് കൊല നടത്താന്‍ സാധ്യതയില്ലെന്നും മറ്റാര്‍ക്കോവേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും ഭാര്യയും മകളും ആരോപിക്കുന്നു.
പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ആസൂത്രകര്‍ ആരെന്ന കാര്യത്തില്‍ മഞ്ജുവിന്റെ വെളിപ്പെടുത്തല്‍ സംശയമുണ്ടാക്കിയിരിക്കുകയാണ്. ആരുടേയോ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചമൊഴിയാണ് പീതാംബരന്‍ നല്‍കിയിരിക്കുന്നതെന്ന സംശയം ബലപ്പെടുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ മൊഴി പൂര്‍ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here