കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

0
8

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാപാതകത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇന്ന് ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നില്‍ അറിയിച്ചു. രാവിലെ പത്തിന് കോട്ടച്ചേരിയില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. പതിനൊന്നുമണിയോടെ പുതിയകോട്ടയിലെ ഡിവൈ.എസ്.പി. ഓഫീസിലെത്തും. ഡിവൈ.എസ്.പി. ഓഫീസ് നില്‍ക്കുന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററോളം അകലെ ആലാമിപ്പള്ളിയില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുചടങ്ങുണ്ട്. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി പുതിയ ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനം, കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി. റോഡ് ഉദ്ഘാടനം, ലൈഫ് മിഷന്‍-സുനാമി-ഓഖി വീടുകളുടെ താക്കോല്‍ദാനം എന്നിവ. 11 മണിക്കാണിതും. അതിനാല്‍ പോലീസ് കനത്ത സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തുന്നുണ്ട്.

കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വിദ്യാനഗറില്‍ നടത്തിയ ഉപവാസം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു. രാവിലെ പത്തുമുതല്‍ വൈകീട്ട് നാലുവരെ നടന്ന ഉപവാസത്തില്‍ സ്ത്രീകളടക്കം നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.രാഷ്ട്രീയകൊലപാതകങ്ങളില്‍ സി.പി.എം. പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ‘ആദ്യം അവര്‍ നിഷേധിക്കും, പങ്കില്ലെന്ന് പറയും. പ്രതികളാക്കിയാല്‍ പുറത്താക്കിയെന്ന് പറയും. എന്നിട്ട് കേസ് നടത്തിപ്പ് പാര്‍ട്ടി ഏറ്റെടുക്കും. ശിക്ഷിച്ചാല്‍ എന്തുസഹായവും ചെയ്തുകൊടുക്കും. അധികാരത്തില്‍ വന്നാല്‍ സ്ഥിരമായി പരോള്‍ അനുവദിക്കും’ -അദ്ദേഹം കുറ്റപ്പെടുത്തി.’പെരിയയില്‍ ഉണ്ടായ ചില പ്രദേശിക പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ പലവട്ടം അഭ്യര്‍ഥിച്ചു. എം.എല്‍.എ. അടക്കമുള്ളവര്‍ അത് ഗൗരവത്തില്‍ എടുത്തില്ലെന്ന് നടിച്ചു. കാരണം, വകവരുത്താന്‍ അവസരം പാര്‍ത്തിരിക്കുകയായിരുന്നു അവര്‍. ശരത് ലാല്‍ നിരന്തരം ഭീഷണിയിലായിരുന്നു. അതുകാരണം, പോണ്ടിച്ചേരിയില്‍ പഠിക്കാന്‍ വിട്ടിട്ട് മംഗളൂരുവിലാണ് പഠിക്കുന്നതെന്നാണ് വീട്ടുകാര്‍ പുറത്തുള്ളവരോട് പറഞ്ഞത്-അദ്ദേഹം പറഞ്ഞു.

ഈ രീതിയില്‍ അക്രമം തുടര്‍ന്നാല്‍ ബംഗാളിലെപ്പോലെ കേരളത്തിലും സി.പി.എം. ഇല്ലാതാകുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് മുന്നറിയിപ്പ് നല്‍കി. ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷനായിരുന്നു.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍, ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ.നീലകണ്ഠന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, എം.സി.പ്രഭാകരന്‍, വിനോദ്കുമാര്‍ പള്ളയില്‍ വീട്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദീന്‍, സോണി സെബാസ്റ്റ്യന്‍, എ.ഗോവിന്ദന്‍ നായര്‍, എം.സി.ജോസ്, ചാണ്ടി ഉമ്മന്‍, സുബ്ബയ്യ റൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here