കൊച്ചിയില്‍ പുകശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാര്‍; അര്‍ധരാത്രിയില്‍ റോഡ് ഉപരോധിച്ചു

0
6

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിച്ചതിനെ തുടര്‍ന്നു കൊച്ചിയില്‍ പുക ശല്യം രൂക്ഷമായി തുടരുന്നു. വൈറ്റില, തൃപ്പുണിത്തുറ, ഇരുമ്പനം ഭാഗങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. ജില്ലാകളക്ടര്‍ ബ്രഹ്മപുരം പ്ലാന്റില്‍ പരിശോധന നടത്തി. പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുകയാണ്. ബ്രഹ്മപുരത്തെ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശല്യമൂലം തൃപ്പുണ്ണിത്തറ ഇരുമ്പനം പ്രദേശവാസികള്‍ അര്‍ദ്ധരാത്രിയില്‍ റോഡ് ഉപരോധിച്ചിരുന്നു.

മാലിന്യ പ്ലാന്റിന് തീപിടിച്ചത് മൂലമുണ്ടായ രൂക്ഷമായ പുക പ്രദേശവാസികളെ ആകെ ബുദ്ധിമുട്ടിലാക്കിയിരുന്നു. രാത്രി വൈകിയും പുക രൂക്ഷമായതോടെ ആളുകള്‍ക്ക് വീടിനുള്ളില്‍ കിടന്ന് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുമ്പനം സ്വദേശികള്‍ കൂട്ടത്തോടെ അര്‍ദ്ധരാത്രിയില്‍ തന്നെ സമരവുമായി എത്തിയത്. സത്രീകളും കൊച്ചു കുട്ടികളുമായെത്തിയ സമരക്കാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.

റോഡ് ഗതാഗതം തടസപ്പെട്ടതോടെ കണയന്നൂര്‍ തഹസില്‍ദാര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. കളക്ടര്‍ നേരിട്ടെത്തി പ്രശ്‌ന പരിഹാരത്തിന് നേതൃത്വം നല്‍കുമെന്നും ഉറപ്പ് നല്‍കി. തുടര്‍ന്ന് വെളുപ്പിനെ മൂന്ന് മണിയോടെ ഉപരോധം അവസാനിപ്പിച്ച് വാഹനങ്ങള്‍ കടത്തിവിട്ടു. എന്നാല്‍ ഉപരോധം അവസാനിപ്പിച്ചെങ്കിലും പ്രശ്‌നം പൂര്‍ണമായും പരിഹരിക്കുന്നത് വരെ സമര രംഗത്ത് തുടരുമെന്നും സമരക്കാര്‍ പറഞ്ഞു.

പതിനേഴ് മണിക്കൂര് നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം ആണ് പുക നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടത്തിന് സാധിച്ചത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് കിലോമീറ്ററുകള്‍ക്കപ്പുറം വൈറ്റില, പേട്ട, പനമ്പിള്ളി , തുടങ്ങി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാമെത്തിയ പുക ജനങ്ങളെ ശരിക്കും ശ്വാസം മുട്ടിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here