ജലീലിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കും; വയനാട്ടില്‍ ജാഗ്രതാ നിര്‍ദേശം

0
8

കല്‍പ്പറ്റ: മാവോയിസ്റ്റുകളുമായി ഏറ്റു മുട്ടല്‍ നടന്ന വൈത്തിരി,ലക്കിടി പ്രദേശങ്ങളടക്കം ദേശീയപാതയില്‍ അതീവ ജാഗ്രതാ നിര്‍ദേശം.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെങ്ങും പോലീസ് റോന്തു ചുറ്റുകയാണ്. സംശയമുള്ള വാഹനങ്ങളെയും വ്യക്തികളെയുമൊക്കെ ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ പോലീസ് വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും..തുടര്‍ന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ പാണ്ടിക്കാട് നെല്ലിക്കുത്തിലേക്ക് കൊണ്ടു പോയി സംസ്‌കരിക്കും. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ജലീല്‍ കൊല്ലപ്പെട്ടത്.

പോലീസും മാവോയിസ്റ്റുകളും ഒട്ടും പ്രതീക്ഷിക്കാതെയാണ് വെടിവെയ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. റിസോര്‍ട്ടിലെ റസ്റ്റോറന്റില്‍ ഭക്ഷണം ആവശ്യപ്പെട്ട് രണ്ട് മാവോയിസ്റ്റുകള്‍ എത്തി ഒരു മണിക്കുറിന് ശേഷം പോലീസെത്തുമ്പോള്‍ ഭക്ഷണപ്പൊതികളുമായി മടങ്ങി പോകാനൊരുങ്ങുകയായിരുന്നു ഇരുവരും. ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ പതിനായിരം രൂപ റിസോര്‍ട്ടിലെ ജീവനക്കാര്‍ കൊടുത്തു. ബാക്കി തുക എ.ടി.എമ്മില്‍ നിന്ന് എടക്കാനായി ഒരു ജീവനക്കാരന്‍ പുറത്തു പോയി മടങ്ങി വരുന്നത് കാത്തു നില്‍ക്കുന്നതിനിടെയാണ് വൈത്തിരി പോലീസ് സ്റ്റേഷനില്‍ നിന്ന് തണ്ടര്‍ ബോള്‍ട്ടും എത്തുന്നത്.അപ്രതീക്ഷിതമായി പോലീസിനെ കണ്ടവര്‍ പോലീസ് വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വെടികൊണ്ട് പോലീസ് വാഹനത്തിന് കേടുപാട് പറ്റിയിട്ടുണ്ട്. ഇതിനിടെ ഇവരിലൊരാള്‍ നാടന്‍ തോക്കും ഗ്രനേഡും ജീവനക്കാരെ കാണിച്ചിരുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.പോലീസ് വെടിവെയ്പിപിനിടെ മാവോയിസ്റ്റുകള്‍ മുകള്‍ ഭാഗത്തെ വനത്തിലേക്ക് ഓടി ക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ജലീലിന് പിന്നില്‍ നിന്ന് വെടി കൊണ്ടത്. തലയുടെ പിന്‍ഭാഗത്ത് നിന്ന് വെടിയുണ്ട തലയോട്ടിയിലൂടെ കണ്ണിന്റെ സമീപത്തുകൂടി പുറത്തേക്ക് പോയി. മറ്റൊരു വെടിയുണ്ട തോളിലും കൊണ്ടു.അല്‍പ്പസമയത്തിനകം തന്നെ ഇയാള്‍ മരിച്ചുവെന്നാണ് കരുതുന്നത്. പോലീസ് തുരുതുരാ വെടി വെച്ചപ്പോള്‍ രണ്ടാമത്തെയാള്‍ക്കും വെടികൊണ്ട് സാരമായ പരിക്കേറ്റു. ഇയാള്‍ വനത്തിലേക്ക് ഓടി മറഞ്ഞു. തിരച്ചില്‍ നടത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും വനത്തില്‍ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് തിരച്ചില്‍ വേണ്ടന്ന് വച്ചു. ഇയാള്‍ പോയ വഴിയില്‍ ധാരാളം രക്തം വാര്‍ന്ന് പോയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് പോലീസ് നായയുടെ സഹായത്തോടെ വീണ്ടും തിരച്ചില്‍ നടത്തിയത്. റിസോര്‍ട്ടില്‍ എത്തിയവര്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണം ആവശ്യപ്പെട്ടിരുന്നതിനാല്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്നും അവര്‍ പരിക്കേറ്റയാളെ രക്ഷപ്പെടുത്തിയിട്ടുണ്ടാകാമെന്നും സംശയമുണ്ട്.വൈത്തിരിയില്‍ സ്വയം രക്ഷക്കായാണ് പോലീസ് മാവോയിസ്റ്റിനെ വെടിച്ചതെന്ന് ഐ.ജി. പറഞ്ഞു.വയനാട് ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍, സബ് കലക്ടര്‍ എന്‍.എസ്. കെ. ഉമേഷ്, കണ്ണൂര്‍ ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ ,വയനാട് എസ്.പി. കറുപ്പസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നത്. ഏറ്റുമുട്ടലില്‍ പോലീസില്‍ ആര്‍ക്കും പരിക്കില്ലന്ന് സ്ഥിരീകരിച്ചു. രണ്ട് പോലീസുകാര്‍ക്ക് പരിക്കുണ്ടന്ന് നേരത്തെ സംശയമുണ്ടായിരുന്നു. .മുപ്പത് അംഗ തണ്ടര്‍ബോള്‍ട്ടിന്റെ സംഘം വൈത്തിരി വനത്തില്‍ തിരച്ചില്‍ നടത്തി.മലബാറിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പോലീസ് നടത്തുന്ന ഓപ്പറേഷന്‍ അനാക്കോണ്ടഎന്ന മാവോയിസ്റ്റ് വിരുദ്ധ നടപടി തുടരുമെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി.ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് വിരുദ്ധ നടപടി തുടങ്ങിയിരുന്നു . ഡിസംബറിലാണ് ഓപ്പറേഷന്‍ അന്നാകോണ്ട ആരംഭിച്ചത്. മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ടെങ്കിലും ഇത് തുടരും. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടുന്ന പൊതു ജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പോലീസിനുണ്ട്. കോളനികളില്‍ വന്ന് അരിക്കും ഭക്ഷണ സാധനങ്ങളും പണവും ആവശ്യപ്പെടുന്ന പതിവ് ഉണ്ടന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് വിരുദ്ധ കാര്യങ്ങളില്‍ കേരള പോലീസും തണ്ടര്‍ബോള്‍ട്ടും ആന്റി നക്‌സല്‍ സ്‌ക്വാഡും ഒരുമിച്ചാണ് നടപടി സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.മഞ്ചേരി പാണ്ടിക്കാട് ചെറുകപ്പള്ളില്‍ പരേതനായ ഹംസയുടെയും അലീമയുടെയും ഒമ്പത് മക്കളില്‍ ആറാമത്തെ മകനാണ് സി.പി. ജലീല്‍ . മരണത്തില്‍ ദുരൂഹതയുണ്ടന്നും മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നും സഹോദരന്‍ സി.പി. റഷീദ് പറഞ്ഞു. മാവോയിസ്റ്റ് കബനി ദളത്തിന്റെ പ്രചാരണ വിഭാഗം ചുമതലയാണ് ജയിലിനുണ്ടായിരുന്നതെന്നും ആയുധമെടുത്തുള്ള പോരാട്ടത്തില്‍ പങ്കെടുക്കാറില്ലന്നും റഷീദ് പറഞ്ഞു. അതു കൊണ്ടു തന്നെയാണ് സംശയമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here