ചാലക്കുടിയില്‍ ‘കുട’ത്തില്‍ ജയിച്ച ഇന്നസെന്റിന് ഇത്തവണ ‘അരിവാള്‍ ചുറ്റിക നക്ഷത്രം’

0
3

തിരുവനന്തപുരം: അഞ്ചു സ്വതന്ത്രരെ 2014-ല്‍ സിപിഎം രംഗത്തിറക്കിയിരുന്നെങ്കിലും രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായിരുന്നത്. എന്നാല്‍ ഇത്തവണ ‘സ്വതന്ത്ര’ പരീക്ഷണം പരമാവധി മാറ്റിവെച്ചിരിക്കുകയാണ് സിപിഎം. രണ്ട് പേരെ മാത്രമാണ് ഇത്തവണ സ്വതന്ത്രരായി പാര്‍ട്ടി രംഗത്തിറക്കിയിട്ടുള്ളൂ. പൊന്നാനിയില്‍ പി.വി അന്‍വറിനേയും 2014-ല്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ ഇടുക്കിയില്‍ സ്വതന്ത്രനായി ജയിച്ച ജോയ്സ് ജോര്‍ജുമാണ് ഇത്തവണ സിപിഎം പട്ടികയില്‍ ഇടംപിടിച്ച സ്വതന്ത്രര്‍.

അതേസമയം ചാലക്കുടിയില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഇന്നസെന്റ് ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത് എന്നതാണ് കൗതുകകരം. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ പി.സി.ചാക്കോയെ ‘കുടം’ ചിഹ്നത്തില്‍ മത്സരിച്ച ഇന്നസെന്റ് 13884 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇത്തവണ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ഇന്നസെന്റിനെ വീണ്ടും രംഗത്തിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും പാര്‍ട്ടി ലക്ഷ്യമിടുന്നില്ല.
ബംഗാളിലും ത്രിപുരയിലും ശോഷിച്ച പാര്‍ട്ടിക്ക് അവശേഷിക്കുന്ന കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യംകൂടി സ്വതന്ത്രരെ കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നിലുണ്ട്. അല്ലെങ്കില്‍ ദേശീയ പാര്‍ട്ടി എന്ന പദവി തന്നെ ഭീഷണിയിലാകും. സ്വതന്ത്രനായി മത്സരിച്ച സമയത്ത് ഇന്നസെന്റിനായി സിനിമ സഹപ്രവര്‍ത്തര്‍ പ്രചാരണത്തിനും മറ്റും പിന്തുണകളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിഹ്നം നല്‍കി പാര്‍ട്ടിക്കാരനാക്കിയതോടെ പ്രചാരണത്തിനായി ആരൊക്കെ എത്തുമെന്നതും ശ്രദ്ധേയമാണ്. 2014-ല്‍ ചാലക്കുടി, ഇടുക്കി, പൊന്നാനി, എന്നീ മണ്ഡലങ്ങള്‍ക്ക് പുറമെ പത്തനംതിട്ടയിലും എറണാകുളത്തും സിപിഎം സ്വതന്ത്രരെ നിര്‍ത്തിയിരുന്നു. ചാലക്കുടിയില്‍ ഇന്നസെന്റിനെ കൂടാതെ എറണാകുളത്തും പത്തനംതിട്ടയിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തന്നെയാണ് ഇത്തവണ നിര്‍ത്തിയിരിക്കുന്നത്. എറണാകുളത്ത് പി.രാജീവും പത്തനംതിട്ടയില്‍ വീണാജോര്‍ജുമാണ് മത്സരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here