ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു; തൃശൂരില്‍ മത്സരിച്ചേക്കും; കോണ്‍ഗ്രസ് ഇത്തവണയും സീറ്റ് നല്‍കാത്തത് വടക്കനെ ചൊടിപ്പിച്ചു

0
23

ഡല്‍ഹി: കോണ്‍ഗ്രസ് മുന്‍വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദില്‍ നിന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ് വിടാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്ന് ടോം വടക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു.

കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നൊരോപിച്ചാണ് സോണിയാ ഗാന്ധിയുടെ അടുത്ത അനുയായികൂടിയായിരുന്ന ടോം വടക്കന്‍ കോണ്‍ഗ്രസ് വിടുന്നത്. പുല്‍വാമ വിഷയത്തിലടക്കം കോണ്‍ഗ്രസെടുത്ത നിലപാടിലും അതൃപ്തിയുണ്ടെന്നാണ് ടോം വടക്കന്‍ പറയുന്നത്

ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് എപ്പോഴും കോണഗ്രസിന് ഉള്ളതെന്നും ടോം വടക്കന്‍ ആരോപിച്ചു. മോദിയുടെ വികസന നിലപാടുകളില്‍ ആകൃഷ്ടനാണ് താനെന്ന് പറഞ്ഞ ടോം വടക്കന്‍ അംഗത്വം അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും നന്ദിയും പറഞ്ഞു.

പാര്‍ട്ടിക്കകത്ത് ഏറെ കാലമായി ഉണ്ടായ അതൃപ്തിയാണ് ടോം വടക്കനെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിച്ചതെന്ന് വിവരം. കേരളത്തില്‍ മത്സരിക്കണമെന്ന താല്‍പര്യം പലതവണ പ്രകടിപ്പിച്ചിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്ന വികാരമാണ് ടോം വടക്കന്റെ അതൃപ്തിക്ക് പിന്നിലെന്നാണ് സൂചന. അഖിലേന്ത്യാ വക്താവായി തുടരുമ്പോഴും കേരളത്തില്‍ മത്സരിക്കണമെന്നായിരുന്നു എന്നും ടോം വടക്കന്റെ ആഗ്രഹം.

പാര്‍ട്ടിയുടെ ദേശീയ വക്താവും മലയാളിയുമായ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണ് നല്‍കിയത്. 2009ലും 2014ലും തൃശൂര്‍ സീറ്റിന് വേണ്ടി ടോം വടക്കന്‍ വലിയ സമ്മര്‍ദ്ദം നടത്തിയെങ്കിലും വിജയിച്ചില്ല.

ഏറ്റവും ഒടുവില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും തൃശൂരില്‍ മത്സരിക്കാന്‍ സന്നദ്ധനായി ടോം വടക്കന്‍ രംഗത്തുണ്ടായിരുന്നു. കേരളത്തിലെ നേതാക്കള്‍ സാധ്യത പട്ടിക തയ്യാറാക്കുകയും ഹൈക്കമാന്റ് സ്‌ക്രീനിംഗ് കമ്മിറ്റി സാധ്യതാ സ്ഥാനാത്ഥികളെ ചര്‍ച്ചക്കെടുക്കുകയും എല്ലാം ചെയ്‌തെങ്കിലും ഒരിക്കല്‍ പോലും ടോം വടക്കന്റെ പേര് ഉയര്‍ന്ന് വന്നിട്ടില്ല.

ഇത്തവണ തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളില്‍ ടോം വടക്കന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കാം. കേരളത്തില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ടോം വടക്കാന്‍ പാര്‍ട്ടി വിടുന്നതും.

മൂന്ന് ദിവസം മുന്‍പ് വരെ കോണ്‍ഗ്രസിനെ ന്യായീകരിച്ച് പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കന്‍ മൂന്ന് ദിവസത്തിനകമാണ് നിലപാട് അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയതും മെമ്പര്‍ഷിപ്പ് കൈപ്പറ്റിയതും. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വടക്കന്‍ ആഞ്ഞടിക്കുകയും ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here