സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു പിന്മാറി; പിളരില്ല, പാര്‍ട്ടിക്കുള്ളില്‍നിന്നു പോരാടുമെന്ന് ജോസഫ്

0
8

തൊടുപുഴ: ഇടുക്കിയില്‍ നിന്ന് മത്സരിക്കുമെന്ന നിലപാടില്‍ നിന്ന് പിന്‍മാറി കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് പി ജെ ജോസഫ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറിയത്. കീഴടങ്ങിയെന്ന സൂചന നല്‍കിയപ്പോഴും ജോസഫ് പാര്‍ട്ടി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചു, അതൃപ്തി തുറന്നു പറയുകയും ചെയ്തു.

കെ.എം മാണി തന്നെ മന:പൂര്‍വം ഒഴിവാക്കുകയായിരുന്നു. കേരളാ കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് നല്‍കാമെന്നും അവിടേയ്ക്ക് പ്രമുഖനായ മറ്റൊരു സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തില്‍ തന്നെ ഇടുക്കിയിലേയ്ക്ക് പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ , ജോസ് കെ.മാണി ചര്‍ച്ചയ്ക്ക് തയ്യാറായില്ല. എന്തായാലും പാര്‍ട്ടിക്കുള്ളിലെ ഉള്‍പാര്‍ട്ടി ജനാധിപത്യം ശക്തിപ്പെടുത്താനുള്ള പോരാട്ടം താന്‍ തുടങ്ങിക്കഴിഞ്ഞുു. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് യു.ഡി.എഫിന്റെ സമുന്നതന്മാരായ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നുവെന്നും അവരുടെ വിജയത്തിനായി പോരാടുമെന്നും തൊടുപുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.

തനിക്കും ജോസ് കെ മാണിക്കും കേരളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഇരട്ടനീതിയാണ് കിട്ടിയതെന്ന് ജോസഫ് തുറന്നടിച്ചു. പ്രാദേശികവാദം ഉന്നയിച്ച് തന്നെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. ഇതില്‍ അമര്‍ഷമുണ്ട്. ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകാമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പിന്‍മാറുകയാണെന്ന് പിജെ ജോസഫ് വിശദീകരിച്ചു.

കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായതിനാല്‍ ആ സ്ഥാനാര്‍ഥിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ മുഴുവന്‍ വിജയത്തിന് വേണ്ടി കൂടെ ഉണ്ടാകുമെന്നും പി ജെ ജോസഫ് പറഞ്ഞു. അതേസമയം പാര്‍ട്ടിക്ക് അകത്ത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ജോസഫ് ആവര്‍ത്തിച്ചു.

ഇടുക്കിയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കാമെന്ന നിര്‍ദേശം വന്നു. എന്നാല്‍ ഇതിനായി കോണ്‍ഗ്രസ് മുന്നോട്ടു വച്ച വ്യവസ്ഥകള്‍ അംഗീകരിക്കാനാകാത്തതാണ്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ടു വച്ച നിര്‍ദേശം. കേരളാ കോണ്‍ഗ്രസുകാരനായ തനിക്ക് ഈ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാനാകാത്തതാണ്. കേരളാ കോണ്‍ഗ്രസിന്റെ താത്പര്യം മുന്‍നിര്‍ത്തി ഈ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനിച്ചതെന്നും ജോസഫ് പറഞ്ഞു.

കേരളാ കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനായി പോരാടുമെന്നാണ് ജോസഫ് വ്യക്തമാക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ വെട്ടിനിരത്തലുകള്‍ ഇനി അനുവദിക്കില്ല. കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകില്ലെന്ന് ജോസഫ് വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോരാടും. ആഭ്യന്തരജനാധിപത്യം സംരക്ഷിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം ശക്തമാക്കുമെന്നും ജോസഫ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here