എസ് ഡി പി ഐ ബന്ധം: മുസ്ലിം ലീഗ് ദേശീയനേതൃത്വവും ജില്ലാ നേതൃത്വവും രണ്ടുതട്ടില്‍

0
8

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ നേതൃത്വവും ജില്ലാ നേതൃത്വവും എസ് ഡി പി ഐ വിഷയത്തില്‍ രണ്ടുതട്ടില്‍. ജില്ലാ നേതൃത്വം വര്‍ഗീയശക്തികളുടെ വോട്ട് മുസ്ലിംലീഗിന് വേണ്ടെന്ന് അസന്നിഗ്ദ്ധമായി പറയുമ്പോള്‍, ആരുടെയും വോട്ട് വേണ്ട എന്നുപറയാന്‍ തയ്യാറല്ലെന്ന് ദേശീയ നേതൃത്വം.
കഴിഞ്ഞ ദിവസങ്ങളില്‍ എസ്ഡിപിഐമായി സ്ഥാനാര്‍ത്ഥികളും ഇ ടി മുഹമ്മദ്ബഷീറും, പി കെ കുഞ്ഞാലിക്കുട്ടിയും രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ വിശദീകരണങ്ങളില്‍ ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എസ്ഡിപിഐയുടെ വോട്ട് വേണ്ടന്ന് പറയാന്‍ തയ്യാറായില്ല. എന്നാല്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വര്‍ഗീയശക്തികളുടെ വോട്ടുകള്‍ മുസ്ലിംലീഗിന് വേണ്ടെന്നു തറപ്പിച്ചു പറയുകയും ചെയ്തു. ഇരു നേതൃത്വങ്ങളും എസ്ഡിപിഐയുടെ വോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ രണ്ട് അഭിപ്രായമാണ് പ്രകടിപ്പിച്ചത്. പാണക്കാട് തങ്ങള്‍ കുടുംബം വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുമ്പോള്‍ മുസ്ലിംലീഗിന്റെ ദേശീയ സെക്രട്ടറി അടക്കമുള്ളവര്‍ ഇത്തരക്കാരുമായി കൂട്ടുകൂടാന്‍ ആണ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. പാണക്കാട് കുടുംബത്തിന് മത്സര രംഗത്തേക്ക് വരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ വര്‍ഗീയശക്തികളെ മുസ്ലിംലീഗിന്റെ എഴയലത്ത് പോലും അടുപ്പിക്കാന്‍ അവര്‍ താല്പര്യം കാണിക്കാറില്ല. പാണക്കാട് തങ്ങള്‍മാര്‍ക്ക് മറ്റുമതസ്ഥര്‍ക്കിടയിലുള്ള സ്വീകാര്യതയും, മതേതരജനകീയമുഖവും ഇല്ലാതാക്കുന്നതായി എസ് ഡി പി ഐയുമായി നടത്തിയ ചര്‍ച്ചയെന്ന് ലീഗിന്നുള്ളില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പുവരുമ്പോള്‍ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മറ്റുകക്ഷികളുമായി ധാരണയുണ്ടാക്കാന്‍ ശ്രമിച്ചതില്‍ തെറ്റില്ലെന്നാണ് കുഞ്ഞാലിക്കുട്ടി ലോബി പറയുന്നത്. വര്‍ഗീയഫാസിസ്റ്റ് കക്ഷിയെന്ന് വിളിപ്പേരുള്ള പി ഡി പി പലതവണ പിന്തുണ പ്രഖ്യാപിച്ചപ്പോളൊന്നും ഇടതുന്നണി അത് തള്ളിക്കളഞ്ഞില്ലെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. സംസ്ഥാനത്തിനു പുറത്ത് കോണ്‍ഗ്രസുമായി സി പി എം കൂട്ടുചേര്‍ന്ന് മത്സരിക്കുന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here