ആലപ്പുഴയിലെ വീട്ടമ്മയുടെ കൊലപാതകത്തിനു പിന്നില്‍ സെക്‌സ് റാക്കറ്റ്; പ്രതികള്‍ കുടുങ്ങിയത് പൊലീസിന്റെ രഹസ്യഅന്വേഷണത്തില്‍

0
60

ആലപ്പുഴ: തനിച്ചുതാമസിച്ചിരുന്ന വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്നു തെളിഞ്ഞതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സംഭവത്തില്‍ അനാശ്യാസ സംഘത്തിലുള്ള രണ്ടുസ്ത്രീകളടക്കം മൂന്നുപേര്‍ അറസ്റ്റിലായി. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വാര്‍ഡ് ചക്കാലയില്‍ മേരി ജാക്വിലി(52)നെ മാര്‍ച്ച് 12നു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണു നാടകീയ വഴിത്തിരിവുണ്ടായതും പുന്നപ്ര സൗത്ത് പണിക്കര്‍ വെളി അജ്മല്‍(നജ്മല്‍-28), ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡ്‌ െതെപ്പറമ്പില്‍ വീട്ടില്‍ അസീസിന്റെ ഭാര്യ മുംതാസ് (46), ആര്യാട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ചിറയില്‍ വിട്ടില്‍ മുഹമ്മദ് കബീറിന്റെ ഭാര്യ സീനത്ത് (49) എന്നിവര്‍ അറസ്റ്റിലായതും.

മരിച്ച വീട്ടമ്മയ്ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടായിരുന്നു. ഈ റാക്കറ്റിലെ അംഗങ്ങളാണ് ഗൂഢാലോചന നടത്തി ഇവരെ കൊലപ്പെടുത്തിയത്. മരിച്ച സ്ത്രീയ്ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

മുഖ്യപ്രതി അജ്മല്‍ രണ്ടു ബലാത്സംഗകേസുകളിലായി നാലുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്. പണം പലിശയ്ക്കു നല്‍കുകയും വീട്ടില്‍ ഊണ് എന്ന നിലയില്‍ ഭക്ഷണശാല നടത്തുകയും ചെയ്തിരുന്നു മേരി. നഗരത്തിലെ ചില അനാശാസ്യസംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും മേരിയുടെ പക്കലുണ്ടായിരുന്ന പണം കവരാന്‍ ഈ സംഘത്തില്‍പ്പെട്ടവര്‍ ആസൂത്രമായി നടത്തിയതാണ് കൊലപാതകമെന്നുമാണ് പോലീസ് പറയുന്നത്.

പോലീസ് പറയുന്നതിങ്ങനെ: മേരിയുടെ പണമിടപാടുകള്‍ അറിയാവുന്ന അജ്മലും മുംതാസും ഇവരെ വകവരുത്തി പണവും സ്വര്‍ണവും തട്ടാമെന്നു തീരുമാനിച്ചാണു സംഭവദിവസം വീട്ടിലെത്തിയത്. മദ്യലഹരിയിലായിരുന്ന അജ്മല്‍ മുതാംസിനെ കാവല്‍നിര്‍ത്തി മേരിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം പ്രതിഫലം നല്‍കാതെ മനഃപൂര്‍വം വാക്കുതര്‍ക്കം ഉണ്ടാക്കി. തുടര്‍ന്ന് മര്‍മഭാഗങ്ങളില്‍ മര്‍ദിച്ചു മേരിയെ വകവരുത്തിയശേഷം വിവസ്ത്രയാക്കി കട്ടിലില്‍ കിടത്തി ആഭരണങ്ങള്‍ അഴിച്ചെടുത്തു. ഇതിനുശേഷം തെളിവുനശിപ്പിക്കാനായി മേരിയുടെ ദേഹമാസകലം എണ്ണ തേച്ചു കിടത്തി വീടും പൂട്ടി കടന്നു. ആലപ്പുഴനഗരത്തിലെ ലൈംഗികത്തൊഴിലാളികളുടെ നേതാവായിരുന്ന സീനത്ത് വഴി ആഭരണങ്ങള്‍ അജ്മല്‍ മുല്ലയ്ക്കല്‍ തെരുവിലെ സ്വര്‍ണക്കടയില്‍ വിറ്റു. ഇതിന് പ്രതിഫലമായി ഒരു മോതിരവും പണവും സീനത്തിന് നല്‍കി.

ഗള്‍ഫിലായിരുന്ന ഏകമകന്‍ മാര്‍ച്ച് 11-ന് പലവട്ടം വിളിച്ചെങ്കിലും മേരി ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് 12ന് ഇയാള്‍ നാട്ടിലെത്തി പോലീസിന്റെ സാന്നിധ്യത്തില്‍ വീടു കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണു മരിച്ചനിലയില്‍ കണ്ടത്. സ്വാഭാവികമരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മേരിയുടെ ഫോണ്‍ അപ്രത്യക്ഷമായത് സംശയം ജനിപ്പിച്ചു. ശാസ്ത്രീയപരിശോധനയില്‍ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.എം. ടോമിയുടെ നിര്‍ദേശപ്രകാരം ആലപ്പുഴ അഡീഷണല്‍ എസ്.പി: ബി. കൃഷ്ണകുമാര്‍, ഡിവൈ.എസ്.പി. പി.വി. ബേബി എന്നിവരുടെ നേതൃത്വത്തില്‍ രഹസ്യമായി അന്വേഷണം ആരംഭിക്കുകയായിരുന്നു.

മൂന്നാഴ്ചയ്ക്കുശേഷമാണു പ്രതികള്‍ വലയിലായത്. വര്‍ഷങ്ങളായി തനിച്ചുതാമസിച്ച മേരി വീട്ടില്‍ ഊണിന്റെ പേരില്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്നതായി രഹസ്യവിവരം ലഭിച്ചു. തുടര്‍ന്നു ജില്ലയിലെ ലൈംഗികത്തൊഴിലാളികളെ ചോദ്യം ചെയ്തും ഇടപാടുകാരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്.

നഷ്ടപ്പെട്ട മൊബൈല്‍ ഫോണും കവര്‍ന്ന പണവും ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. സൗത്ത് സി.ഐ: കെ.എസ് അരുണ്‍, എസ്.ഐ: എസ്. ദ്വിജേഷ്, എ.എസ്.ഐമാരായ ടി.ഡി. നെവിന്‍, ഷാജിമോന്‍, പ്രമോദ്, സീനിയര്‍ സി.പി.ഒമാരായ മോഹന്‍കുമാര്‍, ജാക്സണ്‍, വര്‍ഗീസ്, സുധീര്‍, സിപിഒമാരായ അരുണ്‍, വിജുലാല്‍, പ്രവീഷ് , സിദ്ദീഖ്, സുഭാഷ്, ബൈജു സ്റ്റീഫന്‍, റോബിന്‍സണ്‍, മന്‍സൂര്‍, ജാസ്മിന്‍, ടീന, ബീന എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here