യാത്രക്കാരെ മര്‍ദിച്ച സംഭവം: കല്ലട ട്രാവല്‍സിന്റെ രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍; ബസുടമയെ ചോദ്യം ചെയ്യും; രണ്ടുപേര്‍ കസ്റ്റഡിയില്‍

0
6

കൊച്ചി: ബസ് യാത്രക്കാരെ വഴിമധ്യേ ആക്രമിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ട്രാവല്‍സിന്റെ രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍. ജയേഷ്, ജിതിന്‍ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കല്ലട ഗ്രൂപ്പിന്റെ മാനേജര്‍ അടക്കം രണ്ടുപേര്‍ കസ്റ്റഡിയിലുണ്ട്. തിരുവനന്തപുരം മാനേജരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. ബസ് ഉടമയായ സുരേഷ് കല്ലടയോട് അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിടുണ്ട്.

അതേസമയം, യാത്രക്കാരെ ബസ് ജീവനക്കാര്‍ ആക്രമിച്ചെന്ന് സമ്മതിച്ച് സുരേഷ് കല്ലട സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിശദീകരണ കുറിപ്പ് ഇറക്കി. വൈറ്റിലയില്‍ നടന്ന ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച കല്ലട ട്രാവല്‍സ് വൈറ്റിലയില്‍ യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ച ശേഷമാണ് സംഭവത്തെക്കിറിച്ച് അറിയുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരെ യാത്രക്കാര്‍ ആക്രമിച്ചെന്നും കുറിപ്പില്‍ പറയുന്നു. ഹരിപ്പാട് വച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിച്ചെന്നും കൊച്ചി ഓഫിസിലെ ജീവനക്കാരനു നേരെ കയ്യേറ്റം നടത്തിയെന്നുമാണ് കല്ലട ട്രാവല്‍സ് പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

ഗ്രൂപ്പിന്റെ കൊച്ചി വൈറ്റിലയിലെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. യാത്രക്കാരെ മര്‍ദിച്ച സംഭത്തില്‍ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുധേഷ് കുമാര്‍ ഐപിഎസ് പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. മര്‍ദ്ദനം ഏറ്റവരുടെ മൊഴി ടെലിഫോണില്‍ വിളിച്ച് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവത്തില്‍ കര്‍ശനനടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റയും പറഞ്ഞു. ഗതാഗത കമ്മീഷണറോട് ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയില്‍ കിടന്നിരുന്നു. ദീര്‍ഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് ബസ് ജീവനക്കാര്‍ യാതൊരു മറുപടിയും നല്‍കിയില്ല. യാത്രക്കാരായ രണ്ട് യുവാക്കള്‍ ഇത് ചോദ്യം ചെയ്തിരുന്നു. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോള്‍ കൂടുതല്‍ ബസ് ജീവനക്കാര്‍ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു. 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്, പാലക്കാട് സ്വദേശികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് തന്റെ ഫോണില്‍ ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും പിന്നീട് ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

വൈറ്റിലയില്‍ വച്ച് മര്‍ദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവര്‍ ഇറക്കിവിട്ടു. മര്‍ദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here