കെവിന്‍ വധക്കേസ്: താഴ്ന്ന ജാതിക്കാരനായ കെവിനൊപ്പം ജീവിക്കാനനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തി; കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് നീനു

0
18

കോട്ടയം :കെവിന്‍ വധക്കേസില്‍ പിതാവ് ചാക്കോയ്ക്കും, ഗാന്ധിനഗര്‍ എസ് ഐ എംഎസ് ഷിബുവിനും എതിരെ നീനുവിന്റെ മൊഴി. കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്നും അയാളെ വിവാഹം കഴിക്കുന്നത് അഭിമാനക്ഷതമുണ്ടാക്കുമെന്ന് ചാക്കോ പറഞ്ഞു. കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്നും നീനു കോടതിയില്‍ മൊഴി നല്‍കി.

തന്റെ പിതാവും ചേട്ടന്‍ ഷാനുചാക്കോയുമാണ് കെവിനെ കൊന്നതെന്നും കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് നീനു പറഞ്ഞു. കെവിനും തനിക്കും ഭീഷണി ഉണ്ടായിരുന്നു. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും തന്നെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ പിതാവ് ചാക്കോ ശ്രമിച്ചെന്നും നീനു പറഞ്ഞു.

രണ്ടാംപ്രതി നിയാസും ഭീഷണിപ്പെടുത്തി. കെവിനെ ഫോണില്‍ വിളിച്ചും നിയാസ് ഭീഷണി മുഴക്കിയിരുന്നു. നീനുവിന്റെ ബന്ധു കൂടിയാണ് നിയാസ്. ഗാന്ധിനഗര്‍ എസ്ഐ ഷിബു കെവിനെ കഴുത്തില്‍ പിടിച്ച് തള്ളി. പിതാവ് ചാക്കോയോടൊപ്പം പോകാന്‍ നിര്‍ബന്ധിച്ചു. താന്‍ വിസമ്മതിച്ചപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതായി എഴുതി വാങ്ങിച്ചെന്നും നീനു കോടതിയില്‍ മൊഴി നല്‍കി. കെവിന്റെ വീട്ടില്‍ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. കെവിന്റെ മാതാപിതാക്കളെ സംരക്ഷിക്കുമെന്നും നീനു കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന വിചാരണയില്‍ കേസിലെ ആറും ഏഴും സാക്ഷികള്‍ പ്രതികള്‍ക്കെതിരായ മൊഴിയില്‍ ഉറച്ചു നിന്നു. നീനുവിനെ താമസിപ്പിച്ചിരുന്ന ഹോസ്റ്റലിലെ വാര്‍ഡന്‍ ബെന്നി, സംഭവദിവസം പ്രതികള്‍ രാത്രി ഭക്ഷണം കഴിച്ച കോട്ടയം മെഡിക്കല്‍ കോളേജിന് അടുത്ത് തട്ടുകട നടത്തുന്ന ബിജു എന്നിവരാണ് പ്രതികള്‍ക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയത്.

എന്നാല്‍ കേസിലെ 28-ാം സാക്ഷി അബിന്‍ പ്രദീപ് കോടതിയില്‍ കൂറുമാറി. പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയതെന്നാണ് അബിന്‍ പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രതികള്‍ കെവിനെ തട്ടിക്കൊണ്ടുപോകാന്‍ സഹായം ചോദിച്ചുവെന്ന മൊഴിയും ഇയാള്‍ തിരുത്തി. പ്രതികള്‍ ഉപയോഗിച്ച വാള്‍ ഒളിപ്പിക്കുന്നത് കണ്ടെന്ന മൊഴിയും ഇയാള്‍ നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here