ന്യൂഡല്‍ഹി : സൈക്ലിംഗ് താരത്തിന് അപ്രതീക്ഷിത സമ്മാനം നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഡല്‍ഹി അനന്ദവിഹാര്‍ സര്‍വ്വോദയ ബാല്‍ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും സൈക്ലിംഗ് താരവുമായ റിയാസിന് രാഷ്ട്രപതി റേസിംഗ് സൈക്കിള്‍ കൈമാറി. സൈക്കിള്‍ ലഭിച്ചചതോടെ ലോകത്തെ മികച്ച സൈക്ലിംഗ് താരമാകണമെന്ന റിയാസിന്റെ ലക്ഷ്യത്തിന് പ്രചോദനമേകിയിരിക്കുകയാണ്.

ബീഹാറില്‍ ജനിച്ച റിയാസ് ഏതാനും വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. ബാല്യത്തിലേ ലോകം അറിയപ്പെടുന്ന സൈക്ലിംഗ് താരമാകണമെന്നായിരുന്നു റിയാസിന്റെ മോഹം. എന്നാല്‍ കുടുംബത്തിലെ പിന്നോക്കാവസ്ഥ ഒരു റേസിംഗ് സൈക്കിള്‍ എന്ന റിയാസിന്റെ ആഗ്രഹത്തിന് തടസ്സമായി നിന്നു. കായിക മത്സരങ്ങള്‍ക്കായി റേസിംഗ് സൈക്കിള്‍ കടം വാങ്ങി പരിശീലനം നടത്തുന്ന റിയാസിന്റെ ജീവിതകഥ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ റേസിംഗ് സൈക്കിള്‍ സമ്മാനിക്കാന്‍ രാഷ്ട്രപതി തീരുമാനിച്ചത്.

റിയാസിന് സൈക്കിള്‍ കൈമാറിയ വിവരം രാഷ്ട്രപതി ഭവനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. റിയാസിന് സൈക്കിള്‍ കൈമാറുന്നതിന്റെ ദൃശ്യങ്ങളും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നാളത്തെ വലിയ സൈക്കിള്‍ താരമാകാന്‍ റിയാസിന് കഴിയട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചതായും രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

പഠനത്തില്‍ മിടുക്കനായ റിയാസ് ഒഴിവു സമയങ്ങളില്‍ കഠിന പരിശ്രമമാണ് നടത്താറുള്ളത്. 2017 ലെ സംസ്ഥാന സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ റിയാസ് വെങ്കല മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഗുവാഹട്ടിയില്‍ നടന്ന സ്‌കൂള്‍ കായിക മേളയില്‍ ദേശീയ റാങ്കില്‍ നാലാം സ്ഥാനമാണ് റിയാസ് സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here