ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തെ മോശമായി ചിത്രീകരിക്കുന്നത് തടയാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ചലചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ എന്‍ഒസി നിര്‍ബന്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് അയച്ച കത്തിലാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ സൈന്യം ഇതിവൃത്തമായുള്ള ചിത്രങ്ങളിലും, ഡോക്യുമെന്ററികളിലും സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സൈന്യം പ്രമേയമാകുന്ന സിനിമകള്‍, ഡോക്യുമെന്ററികള്‍, വെബ് സീരീസുകള്‍ തുടങ്ങിയവ പൊതുയിടത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് നിര്‍മ്മാതാക്കള്‍ എന്‍ഒസി സര്‍ട്ടിഫിക്കേറ്റ് വാങ്ങിയിരിക്കണമെന്നും പ്രതിരോധ മന്ത്രാലയം അയച്ച കത്തില്‍ വ്യക്തമാക്കുന്നു. അധികം വൈകാതെ ഈ നിബന്ധന ഒടിടി പ്ലാറ്റ് ഫോമുകള്‍ക്കും ബാധകമാക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

സൈന്യം ഇതിവൃത്തമായി അടുത്തിടെ പുറത്തിറങ്ങിയ സീരീസ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം എന്‍ഒസി നിര്‍ബന്ധമാക്കാനുള്ള തീരുമാനം എടുത്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here