ഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് ദേശീയതലത്തില്‍ ചര്‍ച്ചയാക്കുകയാണ് ബിജെപി. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമെന്നും പിണറായി വിജയന്‍ സ്ഥാനം രാജിവെക്കണമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി വളരെ ഗൗരവമേറിയതെന്ന് പാര്‍ട്ടി ദേശീയ വക്താവ് സംബീത് പാത്ര പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇരുവരും സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സിപിഎമ്മും മുഖ്യമന്ത്രിയും ഇടയ്ക്ക് ഇടയ്ക്ക് നിലപാട് മാറ്റുകയാണ്. ആദ്യം സ്വപ്നയെ അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അത് മാറ്റിപ്പറയുന്നു. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുടെ ബന്ധം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറില്‍ മാത്രമായി ഒതുങ്ങില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫീസിലും പോയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി അന്വേഷണം പുരോഗമിക്കുമ്പോള്‍ പകപോക്കലാണെന്ന് പറയുന്നു. അന്വേഷണം തന്നിലേക്ക് എത്തുമെന്നതിന്റെ ഭയമാണിതെന്നും മുരളീധരന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കുന്നതിനായാണ് സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ തീയിട്ട് നശിപ്പിച്ചത്. ഇത് വളരെ ആസൂത്രിതമായിട്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒന്നും ഒളിക്കാനില്ലെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ സിബിഐക്കെതിരെ കോടതിയെ സമീപിച്ചതെന്നും മുരളീധരന്‍ ചോദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here