തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധനയ്ക്കിടയിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയ രേഖകൾ അംഗീകരിക്കാൻ വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന് നാടകീയ രംഗങ്ങൾ. ബുധനാഴ്ച രാവിലെ പരിശോധനയ്ക്ക് എത്തിയ സംഘം രാത്രിയോടെ പരിശോധന പൂർത്തിയാക്കി എങ്കിലും ഇന്ന് 24 മണിക്കൂറാകാറായിട്ടും വീട്ടിൽ നിന്ന് മടങ്ങിയിട്ടില്ല.

ബിനീഷിന്റെ ഭാര്യ റിനീറ്റയും ഭാര്യാപിതാവുമാണ് വീട്ടിലുള്ളത്. ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി മുഹമ്മദ് അനൂപുമായി ബിനീഷ് നടത്തിയ ഇടപാടുകൾ ശരിവെക്കുന്ന ചില രേഖകൾ കണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇവ വീട്ടിൽ നിന്ന് എടുത്തതാണെന്ന് സ്ഥിരീകരിക്കാനും സാക്ഷ്യപ്പെടുത്തി നൽകാനും വീട്ടുകാർ വിസമ്മതിച്ചു.

ഉദ്യോഗസ്ഥർ കൊണ്ടുവന്നുവെച്ചതാണെന്നാണ് വീട്ടുകാരുടെ വാദം. അഭിഭാഷകനെയും വീട്ടുകാർ ബന്ധപ്പെട്ടു. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തയാറാക്കിയ രേഖകളിൽ ഒപ്പിടാൻ വീട്ടുകാർ വിസമ്മതിച്ചതായി അഭിഭാഷകനും പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ഇ.ഡി.സംഘം ബിനീഷിന്റെ വീട്ടിലേക്കെത്തുന്നത്. തുടർന്ന് നടന്ന റെയ്ഡ് പത്ത് മണിക്കൂർ കൊണ്ട് അവസാനിച്ചു. തുടർന്ന് മഹസർ രേഖകൾ തയ്യാറാക്കുന്ന നടപടികളിലേക്ക് കടന്നു. എന്നാൽ രേഖകളിൽ ഒപ്പുവെക്കാൻ ബിനീഷിന്റെ ഭാര്യ ഒരു തരത്തിലും തയ്യാറായില്ല. ഇവിടെ നിന്ന് ക്രെഡിറ്റ്കാർഡ് കണ്ടെടുത്തുവെന്ന് പറയുന്ന രേഖയിലാണ് ഒപ്പുവെക്കാൻ തയ്യാറാകാതിരിക്കുന്നത്. അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡാണിത്. ഇ.ഡി തന്നെ ഈ കാർഡ് കൊണ്ടുവരികയായിരുന്നുവെന്നാണ് ബിനീഷിന്റെ ഭാര്യ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here