ആലുവ: അപൂർവ്വമായി കണ്ടെത്തുന്ന സഹസ്രദളപത്മം കടുങ്ങല്ലൂരിൽ വിരിഞ്ഞു. ഒരു പതിറ്റാണ്ടോളമായി ജൈവകൃഷി പരിപാലന മേഖലയിൽ പ്രവർത്തിക്കുന്ന കിഴക്കെ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി റോഡിൽ ശ്രീവത്സം കൃഷ്ണകുമാറിന്റെ വീട്ടിലാണ് ആയിരം ഇതളുള്ള താമര വിരിഞ്ഞത്.

പുരാണങ്ങളിലും ഇതിഹാസങ്ങളിലും സൃഷ്ടികർത്താവായ ബ്രഹ്മാവും സരസ്വതിദേവിയും സഹസ്രദളപത്മത്തിൽ വസിക്കുന്നുവെന്ന വിശ്വാസം കൂടിയുള്ളതിനാൽ നിരവധിയാളുകളാണ് കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് താമര കാണാൻ എത്തുന്നത്. ഏകദേശം 1000 മുതൽ 1600 വരെ ഇതളുകൾ ഈ താമരക്കുണ്ടാകും. സഹസ്രദളപത്മത്തിന്റെ കിഴങ്ങ് വാങ്ങാൻ കിട്ടുമെങ്കിലും നട്ടാലും പിടിച്ചുകിട്ടുക അപൂർവ്വമാണ്.

ചൈനീസ് സയൻസ് അക്കാദമിയിൽ താമരകളെ കുറിച്ചുള്ള ഗവേഷണത്തിനായി ജീവിതം ഉഴഞ്ഞുവെച്ച ഡോ. ഡെയ്കി ടിയാൻ 2008ലാണ് സഹസ്രദളപത്മം കണ്ടെത്തുന്നത്. 2010ൽ ഇന്റർനാഷണൽ വാട്ടർ ലില്ലി ആന്റ് വാട്ടർ ഗാർഡനിംഗ് രജിസ്ട്രേഷൻ അനുവദിച്ചു. മൊട്ടുവന്ന് ഏകദേശം 20 ദിവസം എടുക്കും പൂവിരിയാൻ. രണ്ടര മാസം മുമ്പ് മാവേലിക്കര സ്വദേശിനിയിൽ നിന്നും 2000 രൂപ നൽകിയാണ് സഹസ്രദളപത്മത്തിന്റെ കിഴങ്ങ് കൃഷ്ണകുമാർ വാങ്ങിയത്.

വീട്ടുവളപ്പിൽ മത്സ്യ കൃഷിക്കും മറ്റുമായി ഉപയോഗിക്കുന്ന 200 ചതുരശ്ര മീറ്റർ വലിപ്പമുള്ള കുളത്തിലാണ് കിഴങ്ങ് നട്ടത്.

ഇതോടൊപ്പം റെഡ് ബില്ലീസ്, റെഡ് ബോൺസ്, സൈന്റ് വൈറ്റ്, നേറ്റി വൈറ്റ് തുടങ്ങി ഒമ്പത് ഇനം താമരകളും വളർത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here