ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ മികച്ച ടാബ്ലോയ്‌ക്കും, മികച്ച മാർച്ചിംഗ് സംഘങ്ങൾക്കുമുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആഘോഷത്തിൽ അണിനിരന്ന 21 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളിൽ നിന്നും ഏറ്റവും മികച്ച ടാബ്ലേയ്‌ക്കുള്ള പുരസ്‌കാരം ഉത്തർപ്രദേശ് സ്വന്തമാക്കി. അതേസമയം, ജനപ്രിയ വിഭാഗത്തിൽ മഹാരാഷ്‌ട്രയുടെ നിശ്ചല ദൃശ്യത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

മൂന്ന് സേന വിഭാഗങ്ങളിൽ നിന്നും ഇന്ത്യൻ നാവിക സേനയുടെ മാർച്ചിംഗ് സംഘത്തിനെയാണ് മികച്ചതായി തിരഞ്ഞെടുത്തത്. ജനപ്രിയ മാർച്ചിംഗ് സംഘമായി ഇന്ത്യൻ വ്യോമ സേനയുടെ സംഘത്തെയും തിരഞ്ഞെടുത്തു.

സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ഉത്തർപ്രദേശ് ഇക്കുറി നിശ്ചല ദൃശ്യം ഒരുക്കിയത്. ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിവഴി ഓരോ ജില്ലയും വികസിപ്പിച്ചെടുത്ത തദ്ദേശീയവും പ്രത്യേകവുമായ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളുമാണ് യുപി നിശ്ചലദൃശ്യത്തിൽ പ്രകടിപ്പിച്ചത്. കൂടാതെ കാശി ഇടനാഴിയേയും ടാബ്ലോയിൽ ഉൾപ്പെടുത്തിയിരുന്നു. 2017-18 കാലഘട്ടത്തിലാണ് ഇത്തരമൊരു പദ്ധതിയ്‌ക്ക് യോഗി സർക്കാർ രൂപം നൽകിയത്. കഴിഞ്ഞവർഷം അയോദ്ധ്യ രാമക്ഷേത്രമാണ് യുപി നിശ്ചല ദൃശ്യമായി പ്രദർശിപ്പിച്ചത്.

‘പരമ്പരാഗത കരകൗശലത്തൊഴിലാളികളുടെ കളിത്തൊട്ടിൽ’ എന്ന ചിത്രത്തെ അടിസ്ഥാനമാക്കി കർണാടകയ്‌ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ‘സുഭാഷ് @125’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പാർപ്പിട, നഗരകാര്യ മന്ത്രാലയത്തിന്റെ ടാബ്ലോയും ‘വന്ദേ ഭാരതം’ നൃത്ത സംഘവും പ്രത്യേക സമ്മാന വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here