ഡൽഹി: എൻഡിഎ രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ദ്രൗപദി മുർമുവാണ് സ്ഥാനാർത്ഥി. ഒഡിഷയിൽ നിന്നുള്ള വനവാസി നേതാവാണ് ദ്രൗപദി മുർമു. 2000ൽ സംസ്ഥാന രൂപീകരണത്തിന് ശേഷം അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുന്ന ഝാർഖണ്ഡിലെ ആദ്യ ഗവർണറായിരുന്നു ദ്രൗപദി മുർമു.

രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്രവർഗ വനിത എന്ന പ്രത്യേകതയും ദ്രൗപദി മുർമുവിന് ഉണ്ട്. ഒഡിഷയിലെ മയൂർഭഞ്ജ് ഗ്രാമത്തിൽ 1958 ജൂൺ 20നായിരുന്നു ദ്രൗപദി മുർമുവിന്റെ ജനനം. സന്താൾ ഗോത്രവർഗത്തിൽ നിന്നുമുള്ള വനിതാ നേതാവാണ്. ഒഡിഷയിലെ ബിജു ജനതാദൾ- ബിജെപി സഖ്യ സർക്കാരിൽ 2000 മാർച്ച് 6 മുതൽ 2002 ഓഗസ്റ്റ് 6 വരെ വാണിജ്യ, ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് 6 മുതൽ 2004 മെയ് 16 വരെ ഫിഷറീസ് മന്ത്രിയുടെ ചുമതലയും വഹിച്ചു. ഗോത്രവർഗ ജനതയ്‌ക്കിടയിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ദ്രൗപദി മുർമുവിന്റെ സംസ്ഥാനതല രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

റായ് രംഗ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആയിരുന്നു. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ പദവി വഹിക്കുന്ന ഒഡിഷയിൽ നിന്നുള്ള ആദ്യ ഗോത്രവർഗ വനിതയാണ് ദ്രൗപദി മുർമു. മികച്ച നിയമസഭാ സാമാജികയ്‌ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here