കോഴിക്കോട്: തടസമില്ലാതെ ക്വാറി നടത്താൻ രണ്ടുകോടി രൂപ ആവശ്യപ്പെട്ട ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി. കോഴിക്കോട് ബാലുശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം രാജീവിനെതിരെയാണ് നടപടി. കാന്തലാട് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പ്രശ്നങ്ങളില്ലാതെ ക്വാറി നടത്താൻ രണ്ട് കോടി രൂപ രാജീവൻ ആവശ്യപ്പെട്ടതായാണ് ആരോപണം. ക്വാറി കമ്പനി പ്രതിനിധിയോട് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള രാജീവന്റേതെന്ന് കരുതുന്ന ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു.

ക്വാറിക്ക് സമീപമുള്ള തന്റെയും മറ്റൊരാളുടെയും വീട് കൈമാറാമെന്നും ഇതുമായി ബന്ധപ്പെട്ട് വിജിലൻസിന് നൽകിയ പരാതി പിൻവലിക്കാമെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. പണം നൽകിയാൽ വിജിലൻസിന് നൽകാനിരിക്കുന്ന തെളിവ് കൈമാറാമെന്നും പിന്നീട് ഒരു പ്രശ്നവും ഇല്ലാതെ ക്വാറി നടത്താമെന്നും സംഭാഷണത്തിൽ ഉറപ്പ് നൽകുന്നുണ്ട്.

നേരത്തെ മങ്കയത്തെ ക്വാറിക്കെതിരേ പ്രദേശവാസികൾ സമരം നടത്തിയിരുന്നു. ആറ് മാസം മുമ്പ് വിജിലൻസിന് പരാതിയും നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അധികൃതർ ക്വാറി ഉടമയെ വിളിച്ച് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടേതെന്ന് കരുതുന്ന ഫോൺ സംഭാഷണം പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here