വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

0
81

തൊടുപുഴ: കനത്ത ചൂടില്‍ നാടെരിയുമ്പോള്‍ സൂര്യാഘാതത്തിനു പുറമെ മറ്റ് രോഗങ്ങള്‍ക്കും സാധ്യതയേറി. ജലക്ഷാമം രൂക്ഷമായതോടെ ശുദ്ധ ജലത്തിന്റെ ലഭ്യതക്കുറവും രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ഉഷ്ണ രോഗങ്ങളോടൊപ്പം വായു ജലജന്യ രോഗങ്ങളും ഇപ്പോള്‍ വ്യാപകമായിട്ടുണ്ട ്. സാധാരണ വേനല്‍ക്കാലത്ത് കണ്ടു വരുന്ന ചൂടുപനി, വയറുകടി, ശ്വാസകോശ രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍ എന്നിവ പിടിപെടാനാണ് സാധ്യതയേറിയിരിക്കുന്നത്. സൂര്യതാപത്തിനു പുറമെയാണ് ചൂടിന്റെയും കാലാവസ്ഥയുടെയും മാറ്റത്തിനനുസരിച്ച് മറ്റു രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയേറിയത്. അസഹ്യമായ ചൂടില്‍ നിര്‍ജലീകരണം മൂലം ശരീരത്തിലെ ധാതുലവണങ്ങള്‍ നഷ്ടപ്പെടുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നതാണ് വേനലില്‍ ഇത്തരം രോഗങ്ങള്‍ പിടിപെടാന്‍ കാരണം.
ജലദോഷം മുതല്‍ മഞ്ഞപ്പിത്തം വരെ വേനല്‍ക്കാല രോഗങ്ങളുടെ കൂട്ടത്തിലുണ്ട്. വേനല്‍ക്കാലത്ത് സ്ഥിരമായി കണ്ടുവരുന്ന രോഗമായ ചിക്കന്‍പോക്‌സ് പല സ്ഥലങ്ങളിലും വ്യാപകമായി. ഇതിനു പുറമെ മുണ്ടിനീരിനും സാധ്യതയേറി. ചൂടുകാലത്ത് അനവധി ത്വക്ക് രോഗങ്ങളും പതിവായി ഉണ്ടാകാറുണ്ട്. ചൂടുമൂലം പതിവായി ഉണ്ടാകാറുള്ള ചെങ്കണ്ണും പടര്‍ന്നു തുടങ്ങി.
ശുചിത്വമില്ലാത്ത വെള്ളത്തിന്റെ ഉപയോഗം മഞ്ഞപ്പിത്തം, കോളറ,ടൈഫോയ്ഡ് തുടങ്ങിയ അസുഖങ്ങള്‍ പിടിപെടാനിടയാക്കുമെന്നും ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു .
ചൂടധികരിച്ചതോടെ വഴിയോരത്തും മറ്റുമുള്ള തണുത്ത ശീതള പാനീയങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തണുപ്പിച്ച പാനീയങ്ങള്‍ വഴിയരികില്‍ നിന്ന് കഴിക്കുന്‌പോള്‍ ജലത്തിന്റെ ശുചിത്വം ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.
മറ്റ് പാര്‍ശ്വഫലമുണ്ടാകില്ലെന്ന വിശ്വാസമാണ് ജനങ്ങളെ എന്തു വിലകൊടുത്തും തദ്ദേശീയ ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നഗരത്തിന്റെ വിവിധ കോണുകളില്‍ സജീവമായി കച്ചവടം ചെയ്യപ്പെടുന്ന തണ്ണിമത്തന്‍ ജ്യൂസും കരിമ്പിന്‍ ജ്യൂസും വാങ്ങി കുടിക്കുന്‌പോള്‍ അവയുടെ ഗുണമേന്‍മയെ കുറിച്ച് ആവശ്യക്കാര്‍ ചിന്തിക്കാറില്ലെന്നതാണ് വസ്തുത.
ചൂടു കാലത്ത് ഗുണനിലവാരമില്ലാത്ത ശീതളപാനീയങ്ങള്‍ വില്‍ക്കുന്നതിനെതിരെ നടപടിക്കായി ഒരുങ്ങുകയാണ് ഭക്ഷ്യ സുരക്ഷാവകുപ്പ്.
ശീതളപാനീയങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്നത് ശുദ്ധമായ ജലമാണോയെന്ന് പരിശോധിക്കും. ഇതിനു പുറമെ ജ്യൂസുകള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന പഴങ്ങള്‍, ഐസ്, പഞ്ചസാര, മറ്റ് ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവയുടെയും ഗുണനിലവാര പരിശോധനയും നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here