കോതമംഗലത്തിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റു വാങ്ങി ജോയ്സ് ജോര്‍ജ്ജ്

0
9
കോതമംഗലത്ത് ജോയ്‌സ് ജോര്‍ജ്ജിനെ സ്വീകരിക്കുന്ന ജനങ്ങള്‍

കോതമംഗലം : കോതമംഗലത്ത് സ്നേഹാദരങ്ങളേറ്റുവാങ്ങി ജോയ്സ് ജോര്‍ജ്ജിന്റെ സ്വീകരണ പര്യടനത്തിന് തുടക്കമായി. രാവിലെ 7.30 ന് കോട്ടപ്പടി പഞ്ചായത്തിലെ തൈക്കാട്ടുപടിയില്‍ നിന്നായിരുന്നു തുടക്കം. നൂറുകണക്കിന് ഗ്രാമവാസികള്‍ രാവിലെ തന്നെ സ്വീകരണ കേന്ദ്രത്തില്‍ കാത്തു നിന്നിരുന്നു. ഒരു കുട്ടയില്‍ നിറച്ച പച്ചക്കറി വിഭവങ്ങളുമായാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. തുടര്‍ന്ന് കോട്ടപ്പടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്നേഹോഷ്മളമായ വരവേല്പ്പാണ് ലഭിച്ചത്.

നിശ്ചയിച്ചുറപ്പിച്ച സ്ഥലങ്ങളില്‍ സമയം തെറ്റാതെ എത്താന്‍ പരമാവധി ശ്രമിച്ച ജോയ്സ് ജോര്‍ജ്ജ് കൊള്ളിപ്പറമ്പില്‍ സ്വീകരണം ഏറ്റുവാങ്ങാന്‍ എത്താന്‍ അല്പം വൈകി. അപ്പോഴാണ് കൊടും ചൂടിലും തന്നെ കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ രണ്ട് കൊച്ചു മിടുക്കികള്‍ ദേവാംഗനമോളും ആരാധ്യകുട്ടിയും ഏറെനേരമായി ചുവന്ന മാലയും പിടിച്ച് കാത്തു നില്‍ക്കുന്നതായി പ്രവര്‍ത്തകര്‍ പറഞ്ഞത്. സ്ഥാനാര്‍ത്ഥിയെ കണ്ടതും കൊച്ചുമിടുക്കികള്‍ ഓടിചെന്ന് അച്ഛന്റെ തോളത്ത് ചാടിക്കയറി കൈയ്യിലുള്ള മാല നിറപുഞ്ചിരിയോടെ ജോയ്സ് ജോര്‍ജ്ജിനെ ഏല്‍പ്പിച്ചു. തിരിച്ച് രണ്ട് പേര്‍ക്കും ഓരോ ഉമ്മയും നല്‍കിയാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. കോതമംഗലത്തിന്റെ ജനമനസ്സുകളില്‍ ജോയ്സ് ജോര്‍ജ്ജിന് പ്രത്യേക സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പാതയോരങ്ങളില്‍ കാത്തു നിന്നിരുന്ന ജനസഞ്ചയം. ഉത്സവാന്തരീക്ഷത്തിലാണ് സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാന്‍ സ്വീകരണ കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നത്.

ഒന്നര വയസ്സുമുതല്‍ 95 വയസ്സുവരെയുള്ളവര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ കാണാനെത്തി. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിന് വോട്ടര്‍മാരാണ് തടിച്ചുകൂടിയത്. അഞ്ച് വര്‍ഷവും ഞങ്ങള്‍ക്കൊപ്പം നിന്ന ജോയ്സ് ജോര്‍ജ്ജ് തന്നെ തുടരണമെന്ന പ്രഖ്യാപനമായിരുന്നു സ്വീകരണകേന്ദ്രങ്ങളിലെ ജനപങ്കാളിത്തം തെളിയിച്ചത്. എല്‍ഡിഎഫ് നേതാക്കളായ ആര്‍ അനില്‍കുമാര്‍, ഇ കെ ശിവന്‍, ബാബുപോള്‍, ബേബി പൗലോസ്, എസ് സതീഷ്, മനോജ് ഗോപി, ഷാജി പീച്ചക്കര, ടി പി തമ്പാന്‍, എ എം മുഹമ്മദ് തുടങ്ങിയ നേതാക്കള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here