ആഡംബരവാഹനങ്ങളില്‍ കറക്കം; തിരക്കഥാകൃത്തെന്നു നാട്ടുകാരോടും ബന്ധുക്കളോടും; പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതി

0
7

കുന്ദമംഗലം: ചേരിഞ്ചാല്‍ റോഡില്‍ പടിയത്ത് സുനീറിന്റെ വീട്ടില്‍ കയറി ഉറങ്ങിക്കിടന്ന കുട്ടിയുടെയും അമ്മയുടെയും ആഭരണങ്ങള്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. നിരവധി മോഷണ കേസുകളിലെ പ്രതിയായ കക്കോടി കോട്ടുപ്പാടം സ്വദേശി രാജേഷ് (31) നെയാണ് ഭവന ഭേദനത്തിനുള്ള ആയുധങ്ങളുമായി കാരപ്പറമ്പില്‍ വച്ച് വാഹനപരിശോധനയ്ക്കിടെ നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍ എസ് സജീവും സംഘവും ചേര്‍ന്ന് പിടികൂടിയത് സ്ഥിരമായി ആള്‍താമസമുള്ള വീടുകളില്‍ ഉറങ്ങിക്കിടക്കുന്ന ആളുകളുടെ ശരീരത്തില്‍ നിന്നുപോലും ആഭരണങ്ങള്‍ മോഷണംനടത്തുന്നതിനാല്‍ സ്ത്രീകളടക്കമുള്ള ജനങ്ങള്‍ ഭീതിയില്‍ ആയതിനാല്‍ മോഷ്ടാവിനെ കണ്ടെത്തുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥിരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വഡ് രൂപീകരിച്ചു അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പോലീസിന്റെ പിടിയിലാവുന്നത്.

കുരുവട്ടൂര്‍ മച്ചക്കുളത്തെ തയ്യത്ത് മീത്തല്‍ അഹമ്മദ് കോയ എന്നയാളുടെ വീട്ടില്‍ കയറി ഒരുലക്ഷം രൂപയുടെ വിദേശ കറന്‍സികള്‍ മോഷ്ടിച്ചതും ഇയാളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചേവായൂരില്‍ വെച്ച് നൈറ്റിധരിച്ച് മേഷണത്തിനായി എത്തിയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാക്കൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ച് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അടക്കമോഷണം നടത്തിയതിനും ഇയാളുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്. ചെറുപ്പകാലം മുതല്‍ക്കെ രാത്രിയില്‍ വീടുകളലിലെത്തി ഒളിഞ്ഞുനോട്ടം പതിവാക്കിയ ഇയാളെ അരീക്കോട്, എരഞ്ഞിക്കല്‍,കാക്കൂര്‍ തുടങ്ങിയ പല സ്ഥലങ്ങളില്‍ വെച്ച് മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. പിടിക്കപ്പെട്ട എല്ലാ സ്ഥലത്തുനിന്നും ഒളിഞ്ഞുനോട്ടത്തിന് വന്നതായിരുന്നു എന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് പതിവ്.

കക്കോടി, കാക്കൂര്‍ മേഖലകളിലെ വീടുകളില്‍ പര്‍ദ്ദ ധരിച്ച് മോഷണത്തിനായി എത്തി ജനങ്ങളുടെ ഉറക്കം കൊടുത്തിയത് ഇയാളാണെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. മോഷണമുതലുകള്‍ വിറ്റുകിട്ടുന്ന പണമുപയോഗിച്ച് ആഡംബര കാറുകളിലും ബൈക്കുകളിലും സഞ്ചരിക്കുന്ന ഇയാള്‍ തിരക്കഥാകൃത്ത് ആണെന്നും, തിരക്കഥ വിറ്റുകിട്ടുന്ന പണമാണ് ചിലവഴിക്കുന്നത് എന്നുമാണ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്.

മുമ്പ് പിടിയിലായപ്പോളൊക്കെയും ബന്ധുക്കളോട് മദ്യപിച്ച് വീട് മാറി പോയതാണെന്നും പോലീസ് കളളക്കേസ് എടുത്തതാണെന്നും പറഞ്ഞു പോലീസിനെതിരെ കള്ള പരാതികല്‍ നല്‍കുകയാണ് പതിവ്. തുറന്നിട്ട ജനലിലൂടെ കയ്യിട്ടു ഡോര്‍ കം വിന്‍ഡോയുടെ ജനല്‍ ഗ്ലാസ് പൊട്ടിച്ച് അതുവഴി വാതില്‍ തുറന്ന് ആളുകളുള്ള വാടുകളില്‍ വരെ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ക്കു പുറമെ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ശരീരത്തില്‍ നിന്നും ആഭരണങ്ങള്‍ അഴിച്ചെടുക്കുന്നതില്‍ വിരുതനാണെന്ന് ഈ രീതിയില്‍ നടന്ന മോഷണങ്ങളുടെ വിവരങ്ങളില്‍ നിന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സമാനരീതിയിള്ളല മോഷണങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. നടക്കാവ് എസ്‌ഐ എസ് സജീവ്, എഎസ്‌ഐ സുനില്‍കുമാര്‍, സതീഷ് കുമാര്‍, നിമേഷ്, സബീഷ്, ബിജു, മുഹമ്മദ് ഷാഫി, സജി,അഖിലേഷ്, ഷാലു, പ്രപിന്‍, ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here