അയ്യപ്പഭക്തന്റെ മൃതദേഹം: വ്യാജവാര്‍ത്തകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്; ശക്തമായ നടപടിയുണ്ടാകും

0
4

തിരുവനന്തപുരം: കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേരളാ പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. മരിച്ചയാള്‍ നിലയ്ക്കല്‍ ഉണ്ടായ പൊലീസ് നടപടിയെ തുടര്‍ന്നാണ് മരിച്ചതെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ സമൂഹത്തില്‍ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും കേരളാ പൊലീസിന്‍െ ഫേസ്ബുക്ക് പേജില്‍ പറയുന്നു.

കേരളാ പൊലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ പൊലീസ് നടപടിയെ തുടര്‍ന്നാണ് മരണം എന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ മുന്നറിയിപ്പ് ഉണ്ട്. അയ്യപ്പ ഭക്തന്‍ മരിച്ചത് പൊലീസ് നടപടിയെ തുടര്‍ന്നാണെന്ന് ആരോപിച്ച് ബിജെപി ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

കേരളാ പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാര്‍ത്ത

നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി ഇതാണ്.

ഇന്ന് പത്തനംതിട്ട ളാഹ പഞ്ചായത്തിലെ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19 ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്റ്റേഷനില്‍ MAN MISSING ന് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്.

പത്തനംതിട്ട നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍- പമ്പ റൂട്ടിലാണ്. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17 നും മാത്രമാണ്. അതായത് പൊലീസ് നടപടിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ – പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഈ വ്യാജവാര്‍ത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണ്.

മരിച്ചയാളുടെ മോപ്പഡ് (മോട്ടര്‍സൈക്കിള്‍ ) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നില്‍ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളത്.

വ്യാജവാര്‍ത്ത നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here