അനുഭവങ്ങളുടെ സ്മാരകശിലകള്‍

0
75

എം.കെ. ഹരികുമാര്‍

അനുഭവങ്ങളെ നമ്മള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് പതിവ്. അതുകൊണ്ട് രാഷ്ട്രീയക്കാരും ബിസിനസുകാരും തൊഴിലാളികളുമെല്ലാം ആത്മകഥയെഴുതുന്നുണ്ട്. ആത്മകഥയും ഓര്‍മ്മക്കുറിപ്പുകളും തമ്മില്‍ അന്തരമുണ്ട്. ആത്മകഥകള്‍ ഒരാളുടെ സമ്പൂര്‍ണ ജീവിതകഥയാണെങ്കില്‍, ഓര്‍മ്മക്കുറിപ്പുകള്‍ ഏതെങ്കിലുമൊരു പാര്‍ശ്വത്തെക്കുറിച്ചായിരിക്കും. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖരായ ധാരാളം എഴുത്തുകാര്‍ ആത്മകഥയെഴുതിയിട്ടുണ്ട്. അതില്‍ ജീവിതവും കഥയുമുണ്ട്. എഴുത്തുകാരുടെ ആത്മകഥകള്‍ വ്യത്യസ്തമാകുന്നത് അതിന്റെ അവതരണത്തില്‍ കഥാനുരൂപമായ ഘടന വന്നുചേരുന്നതുകൊണ്ടാണ്. കഥപറച്ചില്‍ ഒരു വിധിയായി ഏറ്റെടുത്തിട്ടുള്ളവര്‍ എന്തെഴുതിയാലും അതില്‍ നര്‍മ്മവും കല്പിതകഥാംശവും ഇടംപിടിക്കും. ‘എ മൂവബിള്‍ ഫീസ്റ്റ്’ എന്ന പേരില്‍ പ്രശസ്ത കഥാകൃത്ത് ഹെമിംഗ്‌വേ എഴുതിയ സ്വന്തം കഥ വളരെ പ്രചാരം നേടി. ഗാര്‍സിയാ മാര്‍കേസിന്റെ ‘ലിവിംഗ് ടു ടെല്‍ ദ് ടെയില്‍’ ഒരു നോവല്‍ പോലെയാണ് വായനക്കാര്‍ സ്വീകരിച്ചത്. യാതൊരു ബുദ്ധിജീവി പരിവേഷവുമില്ലാതെ ഉള്ളത് അതുപോലെ തുറന്നുപറയുന്ന എഴുത്തുകാര്‍ മലയാളത്തിലുമുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുള്ളയാണ് അതില്‍ മുന്നില്‍. അദ്ദേഹത്തിന്റെ ആത്മകഥ ‘നഷ്ടജാതകം’ നല്ലൊരു കടന്നുകാണലും കലാത്മകമായ അനുഭവവുമാണ്. ‘സ്മാരകശിലകളും’ ‘മരുന്നും’ എഴുതിയ വായനക്കാര്‍ അറിഞ്ഞിട്ടില്ലാത്ത പുനത്തില്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സമ്പൂര്‍ണ ജീവിതമല്ലിത്. അദ്ദേഹത്തെ ആകര്‍ഷിച്ച, കുറെ ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍ നഗ്നമായി ആഗതരാവുന്നു. ചമയങ്ങളില്ല എന്ന് പറഞ്ഞതുകൊണ്ട് ഇതിലെല്ലാം നഗ്നതാണ്ഡവമാണെന്ന് തെറ്റിദ്ധരിക്കണ്ട. ഭാഷയുടെ ഭംഗിയും ജീവിതസൗന്ദര്യത്തോടുള്ള അടങ്ങാത്ത ആസക്തിയുമാണ് ഈ ആത്മകഥാഖ്യാനത്തെ കലയോട് അടുപ്പിക്കുന്നത്. ഏതിലും കലയുണ്ട്. ഒരാള്‍ നടക്കുന്നതില്‍ പോലുമുണ്ട്. ചാര്‍ളി ചാപ്ലിന്റെ നടപ്പ് എത്രയോ പ്രശസ്തമാണ്! അതില്‍ കലയുടെ തലമുണ്ട്. ആ നടപ്പ് യൂറോപ്യന്‍ യുദ്ധഭീതിയുടെയും മുതലാളിത്ത വെറിയുടെയും ഫലമായ വിറയലിന്റെ നേര്‍ചിത്രമാണ്.
പുനത്തിലിന്റെ വ്യക്തിഗതമായ ഓര്‍മ്മകള്‍ ചെന്നുചേരുന്നത് ഭൂതകാലത്തെ മറ്റൊരു രീതിയില്‍ വാര്‍ത്തെടുക്കുന്നതിലാണ്. ഒരാള്‍ സ്വന്തം കഥയെഴുതുമ്പോള്‍, അതില്‍ സ്വയം കേന്ദ്രമായി മാറും. അവനവന്റെ ഭയാശങ്കകളും സൗന്ദര്യപരമായ ഉത്ക്കണ്ഠകളും ചരിത്രത്തിലെ വിശേഷപ്പെട്ട അറിവുകളായി രൂപാന്തരപ്പെടും. ആത്മകഥ ഒരാളെ പരിവര്‍ത്തിപ്പിക്കുന്നു. അയാള്‍ ജീവിച്ച പൂര്‍വകാലത്തിന്റെ വഴികളെ അത് വീണ്ടും പ്രകാശമാനമാക്കുന്നു. അതിലെ ഇരുണ്ട ഇടനാഴികകളും അടക്കിപ്പിടിച്ച കരച്ചില്‍ ശബ്ദങ്ങളും സവിശേഷാര്‍ത്ഥ ധ്വനികളായി പുറപ്പെട്ടുവരും. അയാള്‍ ഒരു ലോകത്തിന്റെ കേന്ദ്രമാവുന്നു. തന്നിലേക്ക് ഒഴുകിയെത്തിയ ലോകവും താന്‍ നീന്തിക്കയറിയ ലോകവും വേര്‍തിരിഞ്ഞു കിട്ടുകയാണ്. ഒ.വി. വിജയന്‍ ‘ഖസാക്കിന്റെ ഇതിഹാസ’ത്തില്‍ ‘പഥികന്റെ കാലിലെ വ്രണം’ എന്നെഴുതിയത് എത്രയോ അര്‍ത്ഥവത്താണെന്ന് ഓര്‍ത്തുപോകുന്നത് ഇവിടെയാണ്. പുനത്തില്‍ മൂന്നാമത്തെ അദ്ധ്യായത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെ അനുസ്മരിക്കുന്ന ഭാഗം ശ്രദ്ധിക്കേണ്ടതാണ്. പള്ളിക്കൂടത്തിന്റെ കിഴക്കുഭാഗത്തുള്ള ദേവാലയത്തില്‍ തനിച്ചുപോയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ എഴുതുന്നു: ”ദേവാലയത്തിന്റെ കിഴക്കുഭാഗത്തുള്ള വലിയ കുളത്തിന്റെ പടവുകളില്‍ ഭക്തന്മാര്‍ ഇരിക്കുന്നു. ചിലര്‍ രണ്ടു കൈകൊണ്ടും വെള്ളം കോരിയെടുത്ത് ദേഹശുദ്ധി വരുത്തുന്നു. ചിലര്‍ പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ ചിന്തകളില്‍ ആമഗ്നരായിരിക്കുന്നു. കുളത്തിലെ വെള്ളം ഇരുണ്ടിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍മരങ്ങള്‍ ചുറ്റും ഇരുട്ട് പരത്തിയിരിക്കുന്നു. അവ കാവല്‍ക്കാരെപ്പോലെ നിലകൊള്ളുകയാണ്. നിബിഡമായ വൃക്ഷത്തലപ്പുകള്‍ക്കുമേലെ ആകാശം വെളുത്തുനരച്ചു കിടന്നു. കുറച്ചകലെ കുട്ടികളുടെ കുഴിമാടങ്ങള്‍ കണ്ടു. ഒന്നിനരികെ ഒരു വൃദ്ധന്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്നു. വൃക്ഷങ്ങള്‍ക്കിടയിലൂടെ കടന്നുവരുന്ന കിരണങ്ങള്‍ അയാളുടെ താടിരോമങ്ങളില്‍ മിന്നാട്ടമിട്ടുകൊണ്ടിരുന്നു.” ഇത് വെറുമൊരു ആത്മകഥാ സംഭവമല്ല; അതിലുപരിയാണ്. തന്റെ ഓര്‍മ്മകള്‍ക്ക് ഓരം ചേര്‍ന്ന് താന്‍ എങ്ങനെ ജീവിച്ചു എന്ന് വ്യക്തമാക്കുന്ന വൈകാരിക ഭാഗമാണിത്. ഒരാള്‍ തന്റെ ജീവിതത്തിന്റെ ഓഹരി അവ്യക്തതകളില്‍ നിന്ന് മൂര്‍ത്ത രൂപത്തിലേക്ക് കൊണ്ടുവരുകയാണ്. ജീവിച്ചിരിക്കുന്നതിന്റെ തെളിവായി ഈ വാക്കുകള്‍ പറയുകയാണ്. ഹെമിംഗ്‌വേ അത് പറഞ്ഞിട്ടുണ്ട്, തന്റെ അസ്തിത്വം ഒരു യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യപ്പെട്ടത് എഴുതിയപ്പോഴാണെന്ന്. എല്ലാ എഴുത്തുകളിലും ഇത് ഉണ്ടാകണമെന്നില്ല. ജീവിക്കുന്നതിന്റെ ലഹരിയിലാണ് ആ വാക്കുകളെങ്കില്‍ മാത്രമേ അതിനു അര്‍ത്ഥമുള്ളൂ. മരണവും ആകാശവും ഒരു പെയിന്റിംഗിലെന്നപോലെ ആ കുട്ടിയുടെ മനസിനെ ആവേശിച്ചിരുന്നു. ഇത് പില്‍ക്കാലത്ത് പുനത്തില്‍ കണ്ടെത്തിയതാണ്. ഒരിക്കലും ഭൂതകാലം സമ്പൂര്‍ണമല്ല. അത് ആവശ്യാനുസരണം വിപുലമാക്കേണ്ടതാണ്. അത് അനന്തമായ ആശയങ്ങളെയും അര്‍ത്ഥങ്ങളെയും വഹിക്കുന്നു.
ഉറൂബിനെ കണ്ട കാര്യം ഓര്‍ക്കുന്നത് ഒരു കുട്ടിയുടെ മനസ്സോടെയാണ്:
”കടത്തനാട് നാരായണന്‍ എന്റെ തൊട്ടുമുകളില്‍ വിദ്യാര്‍ത്ഥിയായിരുന്നു. കടപ്പുറത്തുകൂടെ ഒരു വൈകുന്നേരം ഞങ്ങള്‍ സൊള്ളിച്ചുകൊണ്ട് നടക്കാനിറങ്ങിയപ്പോള്‍ ഞങ്ങളുടെ മുന്നില്‍ ഉറൂബ് പോകുന്നതുകണ്ടു. ഞങ്ങള്‍ ധൃതിയില്‍ നടന്ന് ഉറൂബിനെ പിന്നില്‍നിന്ന് തൊട്ടു. ഉറൂബ് തിരിഞ്ഞ് ഞങ്ങളെ നോക്കി. ”ഉറൂബല്ലേ?” എന്ന് ഞങ്ങള്‍ ചോദിച്ചു. ‘അതെ” എന്ന് അദ്ദേഹം സ്വതസിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞു. പിന്നെ ഞങ്ങള്‍ അധികം താമസിച്ചില്ല. ഉടനെ തിരിഞ്ഞു നടന്നു.”
ഇതുപോലുള്ള നിഷ്‌കളങ്കതകള്‍ ഇപ്പോള്‍ ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ കാണാനില്ല. ബാല്യകാല വിസ്മയങ്ങള്‍ വംശനാശം വന്നുകഴിഞ്ഞു. ആ വിസ്മയങ്ങള്‍ മറ്റൊന്തെക്കെയോ സോദേശ്യകാര്യങ്ങളായി പുനര്‍ജനിച്ചതാകാം.
മറ്റൊരു പ്രധാന സംഭവം അമ്മയെക്കുറിച്ചുള്ളതാണ്. തുറക്കാത്ത ഒരു ഗ്രന്ഥമായിരുന്നു അമ്മയെന്ന് പുനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അമ്മയ്ക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നത്രേ. താന്‍ കണ്ട അമ്മയെ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു: ”അമ്മ ഈ ലോകത്തോടുള്ള മമത പുലര്‍ത്തിയത് ആ കിളിവാതില്‍ വഴിയാണ്. മണിക്കൂറുകളോളം അമ്മ കിളിവാതിലിന്റെ അഴികളില്‍ പിടിച്ച് കുന്നിന്‍പുറത്തേക്കും ആകാശത്തേക്കും നോക്കും. ഇടയ്ക്ക് പതിഞ്ഞ സ്വരത്തില്‍ എന്തോ പിറുപിറുക്കുന്നതും കേള്‍ക്കാം. വര്‍ണമേഘങ്ങള്‍ ആകാശച്ചെരുവില്‍ ഉയരുമ്പോള്‍ അമ്മ കൈകള്‍ പുറത്തിട്ട് അതിനു സ്വാഗതം പറയും. കരിമേഘങ്ങള്‍ കാണുമ്പോള്‍ പതുക്കെ ചിരിക്കും. എന്നിട്ടതിനെ മാടിവിളിക്കും. പിന്നീട് മഴ കൊണ്ടിട്ടെന്നവണ്ണം ടര്‍ക്കിഷ് തൂവാലകൊണ്ട് തല തുടയ്ക്കാന്‍ തുടങ്ങും.”
ഏകാന്തതയില്‍ ഒരു സ്വതന്ത്രലോകമായി ഒറ്റതിരിഞ്ഞ അമ്മ പുനത്തിലിന് ദൂരങ്ങള്‍ താണ്ടിയെത്തിയ നനവുള്ള സ്‌നേഹസ്മൃതിയാണ്. ഒരിക്കല്‍ പോലും തന്നെ നോക്കിയിട്ടില്ലെന്ന് പറയുമ്പോഴും അദ്ദേഹം ആ അമ്മയെ തന്റെ മനസിന്റെ മണ്ണില്‍ നിന്ന് അനാവരണം ചെയ്യാന്‍ ഉത്സുകനാവുന്നു.
ഉരുനിര്‍മ്മാതാവായ വലിയമ്മാവന്റെ കൂടെ ബേപ്പൂരില്‍ താമസിച്ചപ്പോഴാണ് ബിരിയാണി ആദ്യമായി കഴിച്ചത്. ”ബരിയാണി എന്ന് കേട്ടതല്ലാതെ അത് രുചിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരക്കാട്ടിലെ വീട്ടില്‍ നെയ്‌ച്ചോറുണ്ടാക്കാറുണ്ട്. പക്ഷേ, ബിരിയാണി ഉണ്ടാക്കുന്ന പാചകവിദ്യ ആര്‍ക്കും അറിയില്ലായിരുന്നു. കോഴിക്കോട് മിഠായിത്തെരുവിലെ ലക്കി ഹോട്ടലില്‍ ഒരുറുപ്പിക കൊടുത്താല്‍ ഒരു പ്ലേറ്റ് കോഴിബിരിയാണി കിട്ടുമെന്ന് കേട്ടിരുന്നു. അന്തപ്പുരത്ത് തീന്‍മുറിയില്‍ സുപ്രയ്ക്ക് (വട്ടപ്പായ) ചുറ്റും ഞങ്ങള്‍ കുട്ടികളെ വട്ടത്തിലിരുത്തി വലിയ സാണില്‍ (പിഞ്ഞാണം) ബിരിയാണി കൊണ്ടുവന്നു നടുവില്‍ വച്ചുതന്നത് ഇന്നലെയെന്നപോലെ ഓര്‍മ്മയുണ്ട്. ആദ്യത്തെ പിടി തിന്നപ്പോള്‍ എനിക്ക് ഛര്‍ദ്ദിവന്നു.”
അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ ദല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയ കാര്യം അത്യുല്‍സാഹത്തോടെ വിവരിക്കുന്നുണ്ട്. എം. മുകുന്ദനെ അന്വേഷിച്ച് അദ്ദേഹത്തിന്റെ താമസസ്ഥലത്ത് പോയി. ചേട്ടന്‍ എം. രാഘവന്റെ കൂടെയാണ് മുകുന്ദന്റെ താമസം. മുകുന്ദന് ജോലി ആയിട്ടില്ല. ഫ്രഞ്ച് ഡിപ്ലോമ കോഴ്‌സിനു പഠിക്കുകയായിരുന്നു. ഭക്ഷണം കൊടുക്കാന്‍ രാഘവനു സന്തോഷമേയുള്ളൂ. എന്നാല്‍ മദ്യത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ലെന്ന് പുനത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ”മുകുന്ദന്‍ രാഘവേട്ടനെ വെട്ടിച്ച് ഫ്രഞ്ച് മദ്യം സംഘടിപ്പിക്കും. ബാല്‍ക്കണിയിലിരുന്ന് ഞങ്ങള്‍ അത് നുണയും”- അദ്ദേഹം ഓര്‍ക്കുന്നു.
ജീവിതത്തില്‍ എന്തായിത്തീരണമെന്ന ഒരു ലക്ഷ്യമില്ലാതെയാണ് അദ്ദേഹം പഠിച്ചുകൊണ്ടിരുന്നത്. ജീവിതം പഠിക്കണമെന്നുണ്ടായിരുന്നു. ജീവിതം മുന്‍നിശ്ചയപ്രകാരമുള്ള ഒരു നിര്‍മ്മിതിയല്ലെന്ന് തോന്നിയിരുന്നു. കുട്ടിക്കാലം കളികളില്‍ മുങ്ങിത്താഴ്ന്നു. ”ബോധം വരുമ്പോള്‍ അതാ, ജീവിതത്തിന്റെ രാത്രി എത്തിയിരിക്കുന്നു.”
പുനത്തില്‍ പൊലീസുകാരനാവാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എഞ്ചിന്‍ ഡ്രൈവറായാലും കുഴപ്പമില്ല. കുതിരസവാരിക്കാരന്റെ പണിയും ഇഷ്ടമായിരുന്നു. വായനയും എഴുത്തും നേരത്തെതന്നെ ഹരമായിരുന്നു. ആ ഉറപ്പിന്മേലാണ് പ്രൊഫ. എം.എന്‍. വിജയന്റെ മുറിയിലേക്ക് ചെന്നത്. പൂരിപ്പിച്ച അപേക്ഷാഫോറം അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തു. എന്താണ് കാര്യമെന്ന് തിരക്കിയ വിജയനോട് അനുഗ്രഹിക്കണമെന്ന് പറഞ്ഞു. അതിനു താന്‍ ഗുരുവല്ലെന്നായി വിജയന്‍. വിജയന്‍ ഇങ്ങനെ പറഞ്ഞു:
”കുഞ്ഞബ്ദുള്ളാ. കഥയെഴുതാന്‍ മലയാളം എം.എ. പഠിക്കേണ്ടതില്ല. കഥയെഴുതാന്‍ അക്ഷരം മാത്രം അറിഞ്ഞാല്‍ മതി.”
അപേക്ഷാ ഫോറം ഉള്ളം കയ്യിലിട്ട് ചുരുട്ടിക്കൊണ്ടിരുന്നു. എന്നിട്ട് ഇതുകൂടി പറഞ്ഞു:
” എം.എ. പാസായാല്‍ ഭാഷാധ്യാപകനാവാം. പക്ഷേ അതിലും നല്ലത് ആത്മഹത്യചെയ്യുന്നതാണ്. കുഞ്ഞബ്ദുള്ള മെഡിക്കല്‍ കോളജില്‍ ചേര്‍ന്നോളൂ. ഒരു ഡോക്ടറായി തിരിച്ചുവരൂ. ഒരുപാട് കഥകള്‍ എഴുതാനാവും.” ആ അപേക്ഷാഫോറം വിജയന്‍ ചുരുട്ടി ചവറ്റുകുട്ടയിലെറിഞ്ഞു.
പുനത്തിലിന്റെ ജീവിതകഥ പൊങ്ങച്ചമോ വെറുപ്പോ പ്രകടിപ്പിക്കുന്നില്ല. മറ്റുള്ളവര്‍ക്കൊപ്പം നീങ്ങുക എന്ന സഹവര്‍ത്തിത്വ മനോഭാവമാണ് ഇതില്‍ തുടിക്കുന്നത്. ലോകസഞ്ചാരിയായ എസ്.കെ. പൊറ്റെക്കാടുമായുള്ള സഹവാസം ഈ പുസ്തകത്തെ ദീപ്തമാക്കുന്നുണ്ട്. സ്വന്തം പണം ചെലവാക്കി ലോകം കണ്ട് സഞ്ചാരക്കുറിപ്പുകളെഴുതിയ പൊറ്റെക്കാടിന്റെ ഭക്ഷണപ്രിയം പുനത്തില്‍ വിവരിക്കുന്നതില്‍ നര്‍മ്മമുണ്ട്:
”വിഭവങ്ങള്‍ എവിടെ കണ്ടാലും വെട്ടിവിഴുങ്ങും. വലിച്ചുവാരിത്തിന്നും. ആദ്യം ബിരിയാണി. പിന്നെ ചോറും മത്സ്യവും അവിയലും സാമ്പാറും. അവസാനം പായസം. പായസത്തിനു മീതെ പുളിശ്ശേരിയും കൂട്ടി ഒരു പിടിച്ചോറ്.”
പുനത്തിലിന്റെ കഥകള്‍ വായിക്കുന്നതിനുമുമ്പ് ഈ ആത്മകഥ വായിക്കണം. കഥയുടെ വിചാരപ്പടര്‍പ്പുകള്‍ തെളിഞ്ഞുവരും. ‘മരുന്ന്’ എന്ന നോവലിലും ‘ജീവച്ഛവങ്ങള്‍’ എന്ന കഥയിലും കാണാനാവുന്ന ഡോ. മെഹ്ദി ഹസന്‍ യഥാര്‍ത്ഥ വ്യക്തിയാണ്. പോസ്റ്റുമോര്‍ട്ടം നടത്തുന്ന ചാറ്റര്‍ജി താളബോധവും സംഗീതവാസനയും ഒത്തിണങ്ങിയവനാണെന്ന നിരീക്ഷണം ആഴമുള്ളതാണ്: ”ഏത് സമയത്തും അജ്ഞാതമായ ഏതോ ഒരു ഗാനത്തിന്റെ വീചികള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് ഉതിര്‍ന്നുകൊണ്ടിരിക്കും.”
ഒരു കഥയില്‍ മാത്രം നാം പ്രതീക്ഷിക്കുന്ന വാക്യങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍തന്നെ പ്രത്യക്ഷപ്പെടുന്നു. ഇത് അനുഭവങ്ങളുടെ സ്മാരകശിലകളാണ്. ജീവിതത്തിന്റെ വാര്‍ഡിലെ ഓര്‍മ്മകളുടെ മരുന്നുമായി വരുകയാണ് ഒരു സാഹിത്യകാരന്‍.

LEAVE A REPLY

Please enter your comment!
Please enter your name here