ഗതകാലസ്മരണകളുണര്‍ത്തുന്ന അപ്പര്‍ കുട്ടനാട്ടിലെ ബോട്ട് ജെട്ടികള്‍ വിസ്മൃതിയിലേക്ക്

0
23

കൊച്ചുമോന്‍ വീയപുരം


മാന്നാര്‍ പന്നായിക്കടവിലെ ബോട്ട് ജെട്ടി

എടത്വ:ഗതകാല സ്മരണ ഉണര്‍ത്തുന്ന മാന്നാറിലെ ബോട്ടുജെട്ടി വിസ്മൃതിയിലായി. പ്രളയം ഒഴിഞ്ഞതോടെ ബോട്ടുജെട്ടി നാശത്തിന്റെ വക്കിലുമായി. പത്തനംതിട്ടആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പന്നായിക്കടവ് പാലത്തിന് കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് പമ്പാനദിക്ക് സമീപം ജലഗതാഗതവകുപ്പ് ഇരുകരകളിലും സ്ഥാപിച്ചിട്ടുള്ള മാന്നാര്‍, കുര്യത്ത്കടവ്, ചിറക്കടവ്, വള്ളക്കാലി, തേവര്‍കുഴിക്കടവ്, കരുവേലില്‍ക്കടവ്, തേവരിക്കടവ്, പട്ടേരിക്കടവ് ബോട്ടുജെട്ടികളാണ് നാശോന്മുഖമായത്.

റോഡും വാഹനഗതാഗതവും വിരളമായിരുന്ന കാലഘട്ടത്തില്‍ ബോട്ട് സര്‍വീസ് ജനങ്ങളുടെ പ്രധാന യാത്ര ഉപാധിയായിരുന്നു. കെട്ടുവള്ളങ്ങളും ബോട്ട് സര്‍വീസും 57ന് മുമ്പ് സ്വകാര്യ വ്യക്തികളാണ് സര്‍വീസ് നടത്തിയിരുന്നത്. മട്ടാഞ്ചേരി, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും പലചരക്ക് സാധനങ്ങള്‍ കേവ് വള്ളങ്ങളിലും, ബോട്ടുകളിലുമാണ് എത്തിച്ചിരുന്നത്. കൂടാതെ ഓട്, പിത്തള, അലൂമിനിയം, വാര്‍പ്പ്, പള്ളിമണികള്‍, ഉരുളി, വിളക്കുകള്‍, കൊപ്ര, അടയ്ക്ക, ഗൃഹോപകരണങ്ങള്‍ ഇവയെല്ലാം ആലപ്പുഴയ്ക്കും, കോട്ടയത്തും, എറണാകുളത്തും എത്തിച്ചിരുന്നതും ബോട്ടുകളിലായിരുന്നു.

മഹാപ്രളയം കഴിഞ്ഞതോടെ ബോട്ടുജെട്ടികളും കുളിക്കടവുകളും പൊതുകുളങ്ങളും ചെളികളാല്‍ മൂടികഴിഞ്ഞു. ഒരുകാലത്ത് പ്രദേശവാസികളുടെ സജീവകുളിക്കടവായിരുന്ന ഇവിടങ്ങളില്‍ ബോട്ടുജെട്ടികള്‍ ഉപയോഗ ശൂന്യമായതോടെ ഇവയും സ്വകാര്യ വ്യക്തികള്‍ കൈക്കലാക്കി. ആലപ്പുഴയില്‍ നിന്നും മാന്നാറിലേക്ക് ഉണ്ടായിരുന്ന ബോട്ടു സര്‍വീസ് നിലച്ചതോടെയാണ് ഇവയുടെ പ്രധാന്യം ഇല്ലാതായത്. ഇപ്പോള്‍ കാട്കയറി ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും കേന്ദ്രമായി ബോട്ടുജെട്ടികളും കടവുകളും മാറി. ജലഗതാത വകുപ്പിന്റെ അധീനതയിലുള്ള സ്ഥലവും ഓഫീസും യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യവും ഉണ്ടായിരുന്ന ഇവിടെ ബോട്ട് സര്‍വീസ് നിലിച്ചതോടെ ഓഫീസും പരിസരവും അനാഥമായി മാറി. പിന്നീട് അങ്കണവാടി പ്രവര്‍ത്തനം ആരംഭിച്ചു.

ഒരു കാലഘട്ടത്തില്‍മാന്നാറിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ക്കും ഏറെ പ്രയോജനമായിരുന്ന ബോട്ടു സര്‍വീസ് ഇവിടെയുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വ്യാപാര മേഖലയില്‍ ഉണര്‍വേകിയിരുന്നു. 1957ല്‍ ഇഎംഎസ് സര്‍ക്കാര്‍ ബോട്ട് സര്‍വീസിനായുള്ള ബോട്ട് നിര്‍മിച്ച് ജലഗതാഗതവകുപ്പിന് കൈമാറി ബോട്ട് സര്‍വീസിന് തുടക്കമിട്ടു. പരുമല ഉള്‍പ്പെടെയുള്ള സ്‌കൂള്‍കോളേജ് വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യ യാത്രയ്ക്ക് പ്രയോജനമായിരുന്നു. മാന്നാര്‍എറണാകുളം, മാന്നാര്‍ആലപ്പുഴ, മാന്നാര്‍കോട്ടയം എന്നീ ജലഗതഗത സര്‍വീസുകളായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്.

മാന്നാറിലെ ഓട്ടുപാത്രങ്ങള്‍ വിവിധ ജില്ലകളില്‍ കച്ചവടത്തിനായി എത്തിച്ചിരുന്നത് ബോട്ട് സര്‍വീസിലൂടെ ആയിരുന്നു. കൂടാതെ കാര്‍ഷിക മേഖലയായ കുട്ടനാടന്‍ കായലുകളിലെ കെയ്ത്ത് കഴിഞ്ഞ് തൊഴിലാളികള്‍ നെല്ലുമായി എത്തിയിരുന്നതും ബോട്ടിനെ ആശ്രയിച്ചായിരുന്നു. പരുമലപള്ളി, പനയന്നാര്‍കാവ് ക്ഷേത്രം, പുത്തന്‍പള്ളി ജമാഅത്ത്, നിരണം പള്ളി, തൃക്കുരട്ടി ക്ഷേത്രം, എടത്വാപള്ളി, മണ്ണാറശാല ക്ഷേത്രം എന്നീവിടങ്ങളില്‍ ആരാധന നടത്തുവാന്‍ ആളുകള്‍ എത്തിയിരുന്നതും ബോട്ട് സര്‍വീസിലൂടെയാണ്. ഇപ്പോള്‍ ഈ സര്‍വീസുകള്‍ നിലച്ചിട്ട് 35 വര്‍ഷമായി.

മാന്നാര്‍ പൈതൃക ഗ്രാമമായി മാറുന്നതോടെ പമ്പാനദിക്കരയുടെ സമീപത്തുള്ള നാശോന്മുഖമായ ബോട്ടുജട്ടികള്‍ സംരക്ഷിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കി മിനി പാര്‍ക്കുകള്‍ സ്ഥാപിച്ച് സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോട് കൂടി ബോട്ട് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചാല്‍ മാന്നാറിന്റെ മുഖഛായ മാറ്റി എടുക്കുവാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ്.

മാന്നാര്‍ പന്നായിക്കടവിലെ ബോട്ട് ജെട്ടി

LEAVE A REPLY

Please enter your comment!
Please enter your name here