കെ എസ് ആര്‍ ടി സി പ്രതിസന്ധി: ഷെഡ്യൂള്‍ നിലനിര്‍ത്താന്‍ ഡി ടി ഒ മാര്‍ നെട്ടോട്ടത്തില്‍

0
14

പി.ഉദയകുമാര്‍
കൊല്ലം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലെ നാലായിരത്തോളം താല്‍ക്കാലിക വിഭാഗം കണ്ടക്ടര്‍മാര്‍ക്ക് ജോലിയില്ലാതെ വരുന്നതോടെ,ഷെഡ്യൂളുകള്‍ നിലനിര്‍ത്താന്‍ ഡി.ടി.ഒമാര്‍ നെട്ടോട്ടത്തില്‍. അവധി എടുത്തവരെയെല്ലാം ഡ്യൂട്ടിക്കിറക്കാന്‍ പൊടാപ്പാടുപെടുകയാണ് ഓരോ ഡിപ്പോയിലും. ഇന്നു മുതല്‍ ജീവനക്കാര്‍ക്ക് ലീവെടുക്കണമെങ്കില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എന്നാല്‍ ഈ തീരുമാനം ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എം പാനലുകാരെ പിരിച്ചുവിടാനുള്ള നോട്ടീസ് കെ.എസ്.ആര്‍.ടി.സി അയച്ചുതുടങ്ങിയിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ.എസ്.ആര്‍.ടി. സിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ്. ആദ്യഘട്ടമായി 3861 പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുന്നത്. പി.എസ്.സി ലിസ്റ്റിലുള്ളവരെ പകരം നിയമിക്കും. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്നതിനെതിരെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് 19ന് ആലപ്പുഴയില്‍ നിന്നു ലോംഗ് മാര്‍ച്ച് ആരംഭിക്കും. സെക്രട്ടേറിയേറ്റിലേക്കാണ് പദയാത്രയായി മാര്‍ച്ച് നടത്തുന്നത്. എം.പാനലുകാരെ പിരിച്ചു വിടുന്നത് കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി ഉണ്ടാക്കുമെന്ന് വകുപ്പ് മന്ത്രി തന്നെ പറഞ്ഞിരിക്കുന്നു.

പി.എസ്.സിവഴി കണ്ടക്ടര്‍മാരെ എടുത്താലും ഒഴിവുകള്‍ പിന്നേയും ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. 4051 പേര്‍ക്കാണ് അഡൈ്വസ ്മെമ്മോ ലഭിച്ചത്. ഇതില്‍ 800ഓളംപേര്‍ മാത്രമെ ജോലിയില്‍ ചേരാന്‍ സാധ്യതയുള്ളൂ എന്നറിയുന്നു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്നു യൂണിയനുകള്‍ ആവശ്യപ്പെടുന്നു. നിലവില്‍ എംപ്ലോയ്മെന്റ് വഴിയാണ് എംപാനലുകാരെ എടുത്തിരിക്കുന്നത്. ഇവരുടെ തൊഴിലിനു നിയമപരമായ അംഗീകാരം കിട്ടാന്‍ കെ.എസ്.ആര്‍.ടി.സി. റിക്രൂട്ട്മെന്റ് റൂളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു.

എന്നാല്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതിയുടെ സമയപരിധി ഇന്നലെ അവസാനിച്ചെങ്കിലും കൊല്ലം ഉള്‍പ്പെടെ പലയിടത്തും അധികൃതര്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കു് ഡ്യൂട്ടി നല്‍കുകയുണ്ടായി. ഇതുമൂലം ഇന്നലെ കെ.എസ്.ആര്‍.ടിസി. സര്‍വ്വീസുകള്‍ക്ക് മുടക്കം വന്നിരുന്നില്ല. ഇവര്‍ക്കുള്ള നിയമാനുസൃത വിടുതല്‍ നോട്ടീസ് എത്തിച്ചിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here