തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകള്‍ അടച്ചുതുടങ്ങി

0
15

ആലപ്പുഴ: വേമ്പനാട്ടുകായലിന് കുറുകെ ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകള്‍ താഴ്ത്തിത്തുടങ്ങി. ഇരുജില്ലകളും പത്തനംതിട്ടയും ഉള്‍പ്പെടുന്ന കുട്ടനാടന്‍മേഖലയിലെ നെല്‍കൃഷിയെ ലവണാംശമുള്ള കടല്‍വെള്ളത്തില്‍നിന്ന് സംരക്ഷിക്കാനാണ് ഷട്ടറുകള്‍ അടയ്ക്കുന്നത്.
ഓരുവെള്ളം കയറി നെല്ലിന് ഭീഷണിയായെന്ന് കര്‍ഷകര്‍ ഏറെ ദിവസമായി മുറവിളി ഉയര്‍ത്തുകയാണ്. കടല്‍വെള്ളം കയറുന്ന തോട്ടപ്പള്ളി സ്പില്‍വേയുടെ പൊഴിമുഖത്ത് മണല്‍ച്ചാക്ക് നിരത്തിയാണ് തടയുന്നത്. സ്പില്‍വേയുടെ അടിയിലെ വിടവിലൂടെ വെള്ളം കയറുന്നതിനാല്‍ ഓരുവെള്ളം പൂര്‍ണമായി തടയാനാകില്ല. കടല്‍വെള്ളം പൂര്‍ണമായി പ്രതിരോധിക്കാന്‍ തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകളെല്ലാം അടയ്ക്കണം. മൂന്നുഘട്ടത്തില്‍ നിര്‍മിച്ച 28 എണ്ണം ഉള്‍പ്പടെ ബണ്ടില്‍ മൊത്തം 90 ഷട്ടറുകളാണുള്ളത്. ഞായറാഴ്ച രാവിലെ എട്ടോടെ തണ്ണീര്‍മുക്കം ഭാഗത്തെ ഒന്നാം ഘട്ടത്തിലെ 31 ഷട്ടറുകള്‍ ആദ്യം അടച്ചു. ഉച്ചയ്ക്കുശേഷം വെച്ചൂര്‍ ഭാഗത്തെ 19 ഷട്ടറുകളും മൂന്നാംഘട്ടത്തിലെ 14 ഷട്ടറുകളും അടച്ചു. അവശേഷിക്കുന്നവ തിങ്കളാഴ്ച അടയ്ക്കും.
ഒന്നരക്കിലോമീറ്ററാണ് ബണ്ടിന്റെ ദൈര്‍ഘ്യം. കലക്ടറുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന യോഗമാണ് ഷട്ടറുകള്‍ താഴ്ത്താന്‍ തീരുമാനിച്ചത്. മൂന്നുമാസത്തേക്കാണ് ഷട്ടറുകളെല്ലാം അടച്ചിടുന്നത്. മാര്‍ച്ച് പകുതിയോടെ വീണ്ടും തുറക്കേണ്ടതാണെങ്കിലും കുട്ടനാട്ടില്‍ എല്ലായിടത്തും കൃഷി ഒരുപോലെയല്ലാത്തതിനാല്‍ ബണ്ട് തുറക്കുന്ന ദിവസവും നീളും.
മത്സ്യം പിടിക്കുന്നതിന് രാത്രികാലങ്ങളില്‍ ചിലര്‍ ഷട്ടറിന്റെ അടിവശം ഉയര്‍ത്തുന്നതാണ് ഓരുകയറാന്‍ ഇടയാക്കുന്നതെന്നാണ് കര്‍ഷകരുടെ ആരോപണം. രാത്രികാലങ്ങളില്‍ ബണ്ട് കേന്ദ്രീകരിച്ച് പൊലീസിന്റെയോ ജലസേചനവകുപ്പിന്റെയോ പട്രോളിങ് കാര്യക്ഷമമാക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. ഷട്ടറുകള്‍ താഴ്ത്തുന്നതൊടെ രൂക്ഷമായ ജലമലിനീകരണമാണ് കുട്ടനാടിനെ കാത്തിരിക്കുന്നത്. വേമ്പനാട്ടുകായലിലും സമീപ ജലാശയങ്ങളിലും തോടുകളിലും മാലിന്യം വര്‍ധിക്കുമെന്നാണ് ആശങ്ക. ഒഴുക്കുനിലച്ച് വെള്ളം കെട്ടിക്കിടക്കുന്നതാണ് മലിനീകരണത്തിനിടയാക്കിയത്. ഇപ്പോള്‍ത്തന്നെ പോള നിറഞ്ഞ് പല തോടുകളിലും വെള്ളം ഉപയോഗശൂന്യമാണ്. ഉപ്പുവെള്ളം കയറാത്തതിനാല്‍ പോളശല്യം കൂടുകയുംചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here