ജൈവ പച്ചക്കറിക്കൃഷി ഗാഥയുമായി വരവൂര്‍ എല്‍.പി സ്‌കൂള്‍

0
88

മനോജ് കടമ്പാട്ട്

വടക്കാഞ്ചേരി: ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വരവൂര്‍ ഗവ.എല്‍.പി.സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം.ബി.പ്രസാദ് മാസ്റ്ററിന്റെ നേതൃത്വത്തില്‍ കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും, പി ടി എ, എം.പി.ടി.എ, എസ്.എം.സി, ഒ.എസ്.എ, അംഗങ്ങളും, പഞ്ചായത്ത് അംഗങ്ങളും ഒത്തുചേര്‍ന്ന് വിത്തിടല്‍ നടത്തി.
ഒരേക്കര്‍ നെല്‍പാടം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്ത് കുട്ടികള്‍ക്ക് നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ നേരിട്ട് അനുഭവഭേദ്യമാക്കി നൂറുമേനി വിളവെടുത്തതിനു ശേഷം വീണ്ടും ഒരേക്കര്‍ സ്ഥലത്ത് ഇടവിളയായി കഴിഞ്ഞ ആഴ്ചഉഴുന്നുവിതച്ച് കൃഷി ആരംഭിച്ചിരുന്നു.
വീണ്ടും ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് കേരളത്തിലെ വിദ്യാലയങ്ങള്‍ക്ക് മാതൃകയാവുകയാണ് ഈ ജനകീയ വിദ്യാലയം. സ്‌കൂള്‍ കെട്ടിടം നില്‍ക്കുന്ന സ്ഥലമൊഴിച്ച് മുഴുവന്‍ സ്ഥലത്തും, ചിത്രശലഭപാര്‍ക്ക്, നക്ഷത്ര വനം, ഔഷധത്തോട്ടം, ജൈവവൈവിധ്യ പാര്‍ക്ക്, റോസ്ഗാര്‍ഡന്‍, മത്സ്യക്കുളം ,ഓമന പക്ഷിമൃഗാദികളുടെ പാര്‍ക്ക്, എന്നിവ ക്രമീകരിച്ച് ബാക്കി സ്ഥലത്ത് ‘ സ്വര്‍ണ മുഖി, ചങ്ങാലിക്കോടന്‍ തുടങ്ങി അമ്പതോളം വാഴകളും കോവയ്ക്ക,കയ്പക്ക, പടം വലം, വെണ്ട,
പയര്‍, കൊള്ളി, തക്കാളി, വഴുതനങ്ങ ,കാബേജ് കോളി ഫ്‌ലവര്‍, മുളക്, ചീര, വെള്ളരി, ചിരവയ്ക്ക, മത്തന്‍, കുമ്പളം, തുടങ്ങി പച്ചക്കറികളും കൃഷി ചെയ്ത് സ്ഥലം തികയാതെ വന്നപ്പോഴാണ് വരവൂര്‍ ശങ്കരത്ത് വേണുഗോപാലിന്റെ ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ജൈവ പച്ചക്കറി കൃഷി വിപുലമാക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുത്ത 100 കുട്ടികളുടെ വീട്ടില്‍ ജൈവ പച്ചക്കറി കൃഷിക്കുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തിട്ടുമുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട അമ്മമാരുടെ സംരക്ഷണത്തില്‍ അമ്മ കൃഷിയും സ്‌കൂളില്‍ നിലവിലുണ്ട്.വിത്തിടലിന്റെ ഉദ്ഘാടനം വരവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വിജയലക്ഷ്മി നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.വി.ഖദീജ ടീച്ചര്‍ അധ്യക്ഷം വഹിച്ചു.പ്രധാന അധ്യാപകന്‍ എം.ബി. പ്രസാദ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി വി.ശ്രീബ നന്ദിയും പറഞ്ഞു.മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബാബു, സ്ഥിരം സമിതി അംഗങ്ങളായ സി. ഗോപകുമാര്‍,
എം.എ മോഹനന്‍, പ്രീതി ഷാജു, മെമ്പര്‍മാരായ ബിന്ദു ഉണ്ണികൃഷ്ണന്‍, സി.ആര്‍.ഗീത, എന്നിവരും, വടക്കാഞ്ചേരി എ.ഇ.ഒ പി.ശോഭനകുമാരി, ബി.ആര്‍.സി ട്രെയ്‌നര്‍ ഹസീന ടീച്ചര്‍, പി.ടി.എ.പ്രസിഡന്റ് വി.ജി.സുനില്‍, വൈസ് പ്രസിഡന്റ് എം.എച്ച് ഇബ്രാഹിം, എസ്.എം.സി ചെയര്‍മാന്‍ എന്‍.എച്ച് ഷറഫുദ്ദീന്‍, മാതൃസംഗമം, പി ടി എ, അംഗങ്ങള്‍ ഒ.എസ്.എ അംഗങ്ങള്‍ കര്‍ഷകനായ എ.ബി. ശങ്കരന്‍ എന്നിവരും രക്ഷിതാക്കളും, കുട്ടികള്‍ക്കൊപ്പം പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here