പത്തനംതിട്ട ലക്ഷ്യമിട്ട് കെ സുരേന്ദ്രനും ശ്രീധരന്‍ പിള്ളയും; ബിജെപി കോര്‍ കമ്മിറ്റി തിങ്കളാഴ്ച

0
5

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ ബിജെപിയുടെ നിര്‍ണ്ണായക കോര്‍ കമ്മിറ്റിയോഗം തിങ്കളാഴ്ച ചേരും. മിസ്സോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തിയപ്പോള്‍ തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കഴിഞ്ഞു. ഇതോടെ തിരുവനന്തപുരം മണ്ഡലം ലക്ഷ്യമിട്ടിരുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ മത്സരിക്കാന്‍ വേറെ ഇടം അന്വേഷിക്കേണ്ട അവസ്ഥയിലാണ്.

തലസ്ഥാനത്ത് നോട്ടമുണ്ടായിരുന്ന പിഎസ് ശ്രീധരന്‍പിള്ള കുമ്മനത്തിന്റെ വരവോടെ ശ്രമം പത്തനംതിട്ടയിലേക്ക് മാറ്റിയിരിക്കുകയാണ്. ജില്ലാ ഘടകത്തിനാകട്ടെ പക്ഷെ പിള്ളയെക്കാള്‍ താല്‍പര്യം ശബരിമല സമരം നയിച്ച കെ.സുരേന്ദ്രനെയാണ്. സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്നതില്‍ അന്തിമതീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണ്.

പത്തനംതിട്ട കഴിഞ്ഞാല്‍ പിന്നെ സുരേന്ദ്രന് താല്‍പര്യം തൃശൂര്‍ മണ്ഡലമാണ്. പക്ഷെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ തയ്യാറായാല്‍ തൃശൂര്‍ ബിഡിജെഎസിന് വിട്ടുകൊടുക്കേണ്ടിവരും. തുഷാറിനോട് മത്സരിക്കാന്‍ അമിത്ഷാ രണ്ട് തവണ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഡല്‍ഹിക്ക് പോയ തുഷാര്‍ അമിത്ഷായുമായി നാളെയോ മറ്റന്നാളോ വീണ്ടും ചര്‍ച്ച നടത്തും. ഷാ നിലപാട് ആവര്‍ത്തിച്ചാല്‍ തുഷാറിന് സ്ഥാനാര്‍ത്ഥിയാകേണ്ടിവരും.

അങ്ങിനെയെങ്കില്‍ കെ സുരേന്ദ്രന് സീറ്റ് കണ്ടെത്തുകയാണ് ബിജെപിക്ക് മുന്നിലെ പ്രധാന പ്രശ്‌നം. കാസര്‍ക്കോട് പികെ കൃഷ്ണദാസ്, കണ്ണൂരില്‍ സികെ പത്മനാഭന്‍, കോഴിക്കോട് എംടി രമേശ്, ചാലക്കുടി എ എന്‍ രാധാകൃഷ്ണന്‍, പാലക്കാട് ശോഭാസുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. ജനറല്‍ സെക്രട്ടറിമാരുടെ പരിവര്‍ത്തനയാത്ര തീര്‍ന്നശേഷം പാര്‍ട്ടി അന്തിമ ചര്‍ച്ചകളിലേക്ക് കടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here