ബാവിക്കര സംഭരണിയില്‍ ജലനിരപ്പ് താഴ്ന്നു: കനാലിലൂടെ വെള്ളമെത്തിക്കാന്‍ നീക്കം

0
9

ബോവിക്കാനം : പയസ്വിനിപ്പുഴയിലെ ബാവിക്കര സംഭരണിയില്‍ ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞതോടെ പാണ്ടിക്കണ്ടം തടയണയില്‍ നിന്നു കനാല്‍ നിര്‍മിച്ച് വെള്ളമെത്തിക്കാന്‍ നീക്കം തുടങ്ങി. ജലഅതോറിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബാവിക്കര സംഭരണി നിറയ്ക്കാന്‍ പുഴയിലൂടെ കനാല്‍ നിര്‍മിക്കുന്നത്.
ബാവിക്കര സംഭരണിയുടെ 3 കിലോമീറ്റര്‍ മുകളിലായിട്ടാണ് പാണ്ടിക്കണ്ടം തടയണ .വെള്ളം കുറഞ്ഞതോടെ കഴിഞ്ഞ ഒരു മാസമായി ഈ തടയണയുടെ ഷട്ടര്‍ തുറന്നാണ് ഇവിടേക്ക് വെള്ളം എത്തിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ പുഴയിലെ ഒഴുക്ക് പൂര്‍ണമായും നിലച്ചതിനാല്‍ തടയണ തുറന്നാലും സംഭരണിയിലേക്ക് വെള്ളം ഒഴുകിയെത്തുന്നില്ല. ഇവയ്ക്കിടയിലുള്ള കയങ്ങള്‍ വറ്റിയതിനാല്‍ ഒഴുകിയെത്തുന്ന വെള്ളം അവിടെ സംഭരിക്കുന്നതാണ് പ്രശ്‌നം. കയങ്ങള്‍ നിറച്ച് ഒഴുക്കാനുള്ള വെള്ളം പാണ്ടിക്കണ്ടം തടയണയിലും ഇല്ല.
നേരത്തെ 3.80 മീറ്റര്‍ വെള്ളമുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ 1.80 മീറ്റര്‍ മാത്രമേ വെള്ളമുള്ളൂ.ഇതില്‍ തന്നെ 1 മീറ്റര്‍ കഴിച്ച് ബാക്കി മാത്രമേ ഷട്ടര്‍ തുറന്നാല്‍ ഒഴുക്കിവിടാന്‍ കഴിയൂ.ഈ സാഹചര്യത്തിലാണ് കനാല്‍ നിര്‍മാണം തുടങ്ങിയത്.ഇന്ന് വൈകിട്ടോടെ കനാലിന്റെ പണി പൂര്‍ത്തിയാകും. ഇതോടെ ബാവിക്കര സംഭരണയിലേക്ക് ആവശ്യമായ വെള്ളമെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ഇല്ലെങ്കില്‍ കാസര്‍കോട് നഗത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം ഉടന്‍ മുടങ്ങും.സംഭരണിയില്‍ ഇപ്പോള്‍ 24 സെന്റിമീറ്റര്‍ വെള്ളമേ ഉള്ളൂ.
2 മോട്ടോറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുകയാണ് ഇവിടെ പതിവ്.എന്നാല്‍ വെള്ളം കുറഞ്ഞതോടെ കഴിഞ്ഞ മൂന്നാഴ്ചയോളമായി 1 മോട്ടോര്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കുന്നുള്ളൂ.മഴ ഉടന്‍ കിട്ടിയില്ലെങ്കില്‍ അതും മുടങ്ങുന്ന സാഹചര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here