കൊച്ചി: സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്ന് ജാമ്യാപേക്ഷയിൽ സ്വപ്ന സുരേഷ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കത്തിലാണ് കേസിൽ എൻഐഎ അന്വേഷണം വന്നത്. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും ഇതിനായി പണം സമാഹരിച്ചതിനോ, സംവിധാനമൊരുക്കിയതിലോ പങ്കില്ലെന്നും ജാമ്യാപേക്ഷയിൽ സ്വപ്ന വ്യക്തതമാക്കുന്നു.

കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിലാണ് ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാന – കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് കേസിൽ എൻഐഎ അന്വഷണം വന്നതെന്നതാണ് ഹർജിയിലെ പ്രധാന വാദം. കേസിൽ തനിക്കെതിരേ തീവ്രവാദ ബന്ധം ഉന്നയിക്കാനാകില്ലെന്നും ജാമ്യഹർജിയിൽ സ്വപ്ന ചൂണ്ടിക്കാട്ടുന്നു.

കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വർണമുള്ള ബാഗേജുമായി ബന്ധമില്ല. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ചാണ് ബാഗേജ് വൈകുന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണിൽ സംസാരിച്ചത്. കോവിഡ് മൂലമുള്ള തിരക്കുകൾ മൂലമാണ് ബാഗേജിന്റെ ക്ലിയറൻസ് വൈകുന്നതെന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും അവർ പറയുന്നു.

ജനിച്ചതും വളർന്നതും യുഎഇയിലാണെന്നും അറബി അടക്കം നാല് ഭാഷകൾ വശമുണ്ടെന്നും അവർ ഹർജിയിൽ പറയുന്നു. ഭാഷാ വൈധഗ്ദ്ധ്യം കണക്കിലെടുത്താണ് യുഎഇ കോൺസുലേററിൽ ജോലി ലഭിച്ചതെന്നും ഹർജിയിൽ സ്വപ്ന ചൂണ്ടിക്കാണിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here