കൊച്ചി: കാഷ്മീരി പണ്ഡിറ്റുകൾ നേരിട്ട അതിക്രമത്തിന്‍റെയും പലായനത്തിന്‍റെയും കഥ പറയുന്ന കാഷ്മീർ ഫയൽസ് എന്ന സിനിമ വലിയ ചർച്ചയാകുന്നു. കാഷ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച മനുഷ്യവേട്ടയുടെ നേർക്കാഴ്ചയാണ് ചിത്രമെന്നാണ് വടക്കേന്ത്യൻ തീയറ്ററുകളിൽ സിനിമ കണ്ടിട്ട് ഇറങ്ങിയ കാഷ്മീരി പണ്ഡിറ്റുകൾ പ്രതികരിക്കുന്നത്.

വടക്കേന്ത്യയിൽ പല തീയറ്ററുകളിലും നിറഞ്ഞ സദസുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഡൽഹിയിൽ പലേടത്തും ടിക്കറ്റുകൾ കിട്ടാനില്ല. കേരളത്തിൽ കൊച്ചിയും കോഴിക്കോട്ടും ഒരോ തീയറ്ററിൽ മാത്രമാണ് സിനിമ പ്രദർശിപ്പിച്ചു തുടങ്ങിയത്. കൂടുതൽ തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കണമെന്ന കാന്പയിൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. രണ്ടു ദിവസംകൊണ്ട് ചിത്രം 12 കോടി നേടിയതായിട്ടാണ് റിപ്പോർട്ട്.

കൂടുതൽ പേർ ചിത്രം തെരയാൻ തുടങ്ങിയതോടെ റേറ്റിംഗും ഉയർന്നിട്ടുണ്ട്. അന്വേഷണങ്ങൾ കൂടിയതോടെ തൃശൂരിലും തിരുവനന്തപുരത്തും ഒരോ തിയറ്ററുകളിലേക്കും ചിത്രം എത്തിയിട്ടുണ്ട്. സമീപത്തെ തീയറ്ററിൽ എത്തിയാൽ സിനിമ കാണുമെന്നു പലരും സോഷ്യൽ മീഡിയയിൽ കമന്‍റ് ചെയ്യുന്നുണ്ട്.

കാഷ്മീർ താഴ്‌വരയിലെ കലാപത്തെത്തുടർന്നു ജീവനുംകൊണ്ടു പലായനം ചെയ്ത കാഷ്മീരി പണ്ഡിറ്റുകൾ നേരിട്ട ദുരിതങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഇസ്‌ലാമിസ്റ്റ് ആക്രമണത്തെത്തുടർന്നായിരുന്നു പലായനം.

2017ൽ കാഷ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ 27-ാം വാർഷിക ദിനത്തിൽ ബോളിവുഡ് താരം അനുപം ഖേര്‍ അവർക്കായി ഒരു കവിത ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടൊപ്പം കാഷ്മീരി പണ്ഡിറ്റുകൾ നേരിട്ട ദുരിതങ്ങളെക്കുറിച്ചുള്ള വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു. പ്രശസ്ത കാഷ്മീരി കവിയായ ഡോ. ശശി ശേഖര്‍ തോഷ്കാനി രചിച്ച കവിതയാണ് കാഷ്മീരി ബ്രാഹ്മണൻ കൂടിയായ അനുപം ഖേർ പങ്കുവച്ചത്.

1990 ജനുവരി 19ന് 60,000ല്‍ അധികം കാഷ്മീരി പണ്ഡിറ്റ് കുടുംബങ്ങളാണ് അന്നു കാഷ്മീര്‍ താഴ് വരയില്‍നിന്നു കൂട്ടപ്പാലായനം ചെയ്തതെന്നും ഈ വിഡിയോയിൽ ഖേര്‍ പറയുന്നു. ഇതിനു പിന്നില്‍ പാകിസ്ഥാനായിരുന്നു. 2008ല്‍ പുറത്തുവന്ന ജമ്മു-കാഷ്മീര്‍ പോലീസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 25,000ല്‍ അധികം പണ്ഡിറ്റ് കുടുംബങ്ങള്‍ ലഹള പൊട്ടിപ്പുറപ്പെട്ട 1989 മുതല്‍ പാലായനം നടത്തിയിട്ടുണ്ട്.

1989നും 2004നും ഇടയില്‍ 209 പണ്ഡിറ്റുകള്‍ കാഷ്മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്‍റെ കണക്ക്. എന്നാല്‍, വിവിധ പണ്ഡിറ്റ് സംഘടനകളുടെ കണക്കനുസരിച്ച് ആയിരങ്ങള്‍ വരുമിത്. എന്നാല്‍, പണ്ഡിറ്റുകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നുവരെ ആര്‍ക്കും ശിക്ഷ കിട്ടിയിട്ടില്ല എന്നാണ് പണ്ഡിറ്റ് അക്ടിവിസ്റ്റുകള്‍ പറയുന്നത്.

ഇന്നു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കാഷ്മീര്‍ താഴ്വരയില്‍ പണ്ഡിറ്റുകള്‍ ന്യൂനപക്ഷമാണ്. ഓരോ ദിവസം കഴിയുംതോറും പണ്ഡിറ്റുകള്‍ കാഷ്മീര്‍ വിട്ട് ജമ്മുവിലേക്കു കുടിയേറുന്നതു തുടരുന്നുണ്ടെന്നും വിഡിയോയിൽ പറഞ്ഞിരുന്നു. അനുപം ഖേർ ഈ സിനിമയിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മിഥുൻ ചക്രവർത്തിയും മുഖ്യവേഷത്തിലുണ്ട്.

കഥകളിലും കവിതകളിലുമൊക്കെ നിറഞ്ഞു നിന്നിരുന്ന പണ്ഡിറ്റുകളുടെ കദനകഥയാണ് ഇപ്പോൾ സിനിമയായി പുറത്തുവരുന്നത്. അതുകൊണ്ടു തന്നെ കാഷ്മീരി പണ്ഡിറ്റുകളും അവരെ പിന്തുണയ്ക്കുന്നവരും വികാരപരമായാണ് ഈ സിനിമയെ സമീപിച്ചുകൊണ്ടിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here