ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 61 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ്. കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധിക്കപ്പെട്ട ഹനീഫ് ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. മുന്നൂറിലേറെ സിനിമകളിൽ വേഷമിട്ടു.

പ്രീഡിഗ്രിക്കു ശേഷം പോസ്റ്റ് ഓഫിസ് ജീവനക്കാരനായും ഒരു ഹാർഡ് വെയർ കമ്പനിയുടെ സെയിൽസ് പ്രസന്റീവായും പ്രവർത്തിച്ചു. ഒപ്പം മിമിക്രി പരിപാടികളും ചെയ്തിരുന്നു. സുഹൃത്തും പ്രശസ്ത മിമിക്രി, സിനിമാ താരവുമായിരുന്ന സൈനുദ്ദീനാണ് ഹനീഫിനെ കൊച്ചിൻ കലാഭവനിലെത്തിച്ചത്. സിദ്ദീഖ്, ലാൽ, ജയറാം, സൈനുദ്ദീൻ, ഹരിശ്രീ അശോകൻ തുടങ്ങിയവർക്കൊപ്പം കലാഭവനിൽ പ്രവർത്തിച്ചു.

അവിടെവച്ചാണ് ചെപ്പുകിലുക്കണ ചങ്ങാതി എന്ന സിനിമയിൽ അവസരം കിട്ടിയത്. പിന്നീട് കലാഭവൻവിട്ട്പിതാവിന്റെബിസിനസിലേക്കെത്തി. ഇടവേളകളിൽ റിലാക്സ് എന്ന ട്രൂപ്പിലും പ്രവർത്തിച്ചു. അക്കാലത്തും സിനിമകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അതിനു ശേഷം പൂർണമായും സിനിമയിൽ ശ്രദ്ധിച്ചു. ഒപ്പം ടെലിവിഷൻ പരമ്പരകളിലും പരിപാടികളിലും അഭിനയിച്ചു.

പറക്കും തളിക, പാണ്ടിപ്പട, നല്ലവൻ, തുറുപ്പുഗുലാൻ, ജനപ്രിയൻ, സോൾട്ട് ആന്റ് പെപ്പർ, ഈ അടുത്തകാലത്ത്, തത്സമയം ഒരു പെൺകുട്ടി, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉസ്താദ് ഹോട്ടൽ, 2018 തുടങ്ങിയവയാണ് പ്രധാന സിനിമകൾ. ജലധാര പമ്പ്സെറ്റ്ആണ് അവസാനം പുറത്തുവന്ന ചിത്രം. ഭാര്യ: വാഹിദ. മക്കൾ: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.

 

LEAVE A REPLY

Please enter your comment!
Please enter your name here