മലവെള്ളപ്പാച്ചിലിനു ശേഷം കണ്ണീര്‍പ്പുഴ; 5000 കോടിയിലേറെ നഷ്ടം; ഇടുക്കിയുടെ ദുരന്തം പുറംലോകം അറിഞ്ഞതു വൈകി

0
14

എം.ഷാഹുല്‍ ഹമീദ്

തൊടുപുഴ : മൂന്നുമാസം നീണ്ട കാലര്‍ഷക്കെടുതി സുഗന്ധദ്രവ്യങ്ങളുടെ നാടിന്റെ ഭൂമിശാസ്ത്ര ഘടനതന്നെ മാറ്റിയിരിക്കുന്നു. മഹാപ്രളയത്തില്‍ മധ്യകേരളത്തിലെ ജില്ലകളിലുണ്ടായ ദൂരിതവുമായി താരതമ്യം ചെയ്യാനാവാത്തതാണ് വിസ്തൃതിയില്‍ രണ്ടാമതായ ഇടുക്കി ജില്ലയിലെ നാശം. നഷ്ടക്കകണക്കുകള്‍ പൂര്‍ണമല്ല. 12 ലക്ഷം ജനങ്ങളില്‍ ഭൂരിഭാഗവും പ്രത്യക്ഷവും പരോക്ഷവുമായി മഹാക്കെടുതിയുടെ ഇരകളായി. ജില്ലയിലെ ജീവ നാഡിയായ കൃഷി, ടൂറിസം, വ്യവസായം, തൊഴില്‍ മേഖലകളെല്ലാം തകര്‍ന്നടിഞ്ഞു. ജില്ലയിലെ നാലു താലൂക്കുകളും – ഇടുക്കി. ദേവീകുളം, തൊടുപുഴ, ഉടുമ്പഞ്ചോല, പീരുമേട് – ദുരന്തത്തില്‍നിന്നും ഒഴിവായിരുന്നില്ല. സംസ്ഥാനത്തിനു പ്രകാശം നല്കുന്ന ജില്ല ഇന്നു ഇരുട്ടിലാണെന്നു പറയാം ! മേഘാലയയിലെ മൗസിന്റമിനെയും ചിറാപ്പുഞ്ചിയെയും മറികടന്നുള്ള മഴയും, പെരിയാറും കൈവഴികളും നിറഞ്ഞൊഴുകുകയും, ഇടുക്കി- മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഡാമുകളിലെ വെള്ളം തുറന്നുവിടുകയും ചെയ്ത ഭീകരദിനങ്ങളില്‍ ഇവിടെ സംഭവിച്ചതു കാര്യമായി പുറം ലോകം അറിഞ്ഞില്ല. വാര്‍ത്താവിനിമിയം തകരാറായതും ഗതാഗതം തടസ്സപ്പെട്ടതുമാണ് യഥാര്‍ഥ ചിത്രം പുറത്തെത്താതിരുന്നത്. മലവെള്ളപ്പാച്ചിലിനുശേഷം കണ്ണീര്‍പ്പുഴയാണ് മലയോരത്തുകാണുന്നത്. 99- ലെ വെള്ളപ്പൊക്കത്തെക്കാളും നാശനഷ്ടമാണു ഹൈറേഞ്ചിനു സംഭവിച്ചിരിക്കുന്നത്. അന്നത്തെക്കാള്‍ ആള്‍ നാശം കുറവാണെന്നുമാത്രം. വീടും കൃഷിയും വ്യവസായ നഷ്ടവും കൂടുതലാണ്. 1924- ല്‍ ജനവാസം കുറവായിരുന്നു. ബ്രിട്ടീഷുകാരും തിരുവിതാം കൂര്‍ രാജാക്കന്മാരും തോട്ടം തൊഴിലിനായി കൊണ്ടുവന്ന തൊഴിലാളികളായിരുന്നു അധികവും. ഇന്നത്തേതുപോലെ വ്യാപകമായ ജനവാസവും മറ്റു കൃഷിയും ഇല്ലായിരുന്നു. 1945 നുശേഷം രണ്ടാം കുടിയേറ്റക്കാലത്താണ് ജനവാസം ശക്തിപ്പെട്ടത്.
ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഒടുവില്‍ കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ കളക്ടര്‍ കെ. ജീവന്‍ ബാബൂ അവതരിപ്പിച്ച റിപ്പോര്‍ട്ട്. കാലവര്‍ഷത്തില്‍ ജില്ലയില്‍ 278 സ്ഥലത്ത് ഉരുള്‍പൊട്ടലും 1800 ലേറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. 56 പേര്‍ മരിച്ചു. ഇതില്‍ 19 പേര്‍ മരിച്ചത് ഉരുള്‍പൊട്ടലിലാണ്. ഏഴുപേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ ബന്ധുക്കളും നാട്ടുകാരും തുടരുന്നു. 1200 ഓളം വീടുകള്‍ പൂര്‍ണമായും നശിച്ചു. 2266 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇടുക്കി താലൂക്കില്‍ 564, ദേവികുളത്ത് 131 , ഉടുമ്പന്‍ചോലയില്‍ 210 , പീരുമേട് 248 , തൊടുപുഴയില്‍ 47, എന്നിങ്ങനെയാണ് പൂര്‍ണമായി തകര്‍ന്ന വീടുകള്‍. 11 സ്‌കൂളുകള്‍ക്കും 11 അങ്കണവാടികള്‍ക്കും നാശം സംഭവിച്ചു. ആനവിരട്ടി എല്‍പി സ്‌കൂള്‍, മുക്കുടം വിജ്ഞാനം എല്‍പി സ്‌കൂള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നതായി കളക്ടര്‍ വിശദീകരിച്ച. മണ്ണിടിഞ്ഞ് അപകട ഭീഷണി നിലനില്ക്കുന്നതിനാല്‍ ചില പ്രദേശവാസികളെ മാറ്റിപാര്‍പ്പിക്കേണ്ട അവസ്ഥയും ഉണ്ട്. ഭാഗികമായി തകര്‍ന്ന വീടുകളുടെ പുന: നിര്‍മാണവും അടിയന്തരമായി പൂര്‍ത്തീകരിക്കാതെ പുനരധിവാസം അപകടമാണ്.
ജില്ലയില്‍ തകരാത്ത റോഡുകള്‍ വിരളമാണ്. പാലവും റോഡും തകര്‍ന്നതോടെ 3000 കോടി രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നത്.
ദേശീയ പാത 85 കത്തിപ്പാറയില്‍ മണ്ണിടിഞ്ഞുതകര്‍ന്ന ഭാഗം ഒഴിവാക്കി സമാന്തരമായി പാത നിര്‍മിച്ചു താത്ക്കാലികമായി ഗതാഗതം ആരംഭിച്ചു. ചെറുതോണിയിലും തകര്‍ന്ന അപ്രോച്ചുറോഡ് കല്ലിട്ടു ഗതാഗതയോഗ്യമാക്കി. ഇവിടെ പുതിയ പാലം നിര്‍മിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. മൂന്നാര്‍ -ഉഡുമല്‍പ്പേട്ട റോഡില്‍ പെരിയവരൈ പാലം തകര്‍ന്നതോടെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട നിവാസികള്‍ക്കു അന്തസസ്സംസ്ഥാന ബന്ധവും നഷ്ടപ്പെട്ടു. ഇവിടെ പാലം പുതുക്കിപ്പണിയണം. സൈന്യത്തിന്റെ സഹായത്തോടെ ബെയ്‌ലി പാലം നിര്‍മിക്കാനും ആലോചന നടക്കുന്നു. താത്ക്കാലം വൈദ്യുതി പോസ്റ്റ് കുറുകെയിട്ട് കാല്‍നട യാത്ര അനുവദിച്ചിട്ടുണ്ട്. മൂന്നാര്‍ ലക്കംവാട്ടര്‍ വെള്ളച്ചാട്ടത്തിനുസമീപം റോഡ് 500 മീറ്ററോളം ഇടിഞ്ഞുതാണു. തലയാറില്‍ ഉരുള്‍പൊട്ടി റോഡി തകര്‍ന്നു.മറയൂര്‍ -മൂന്നാര്‍ ബദല്‍ പാതയായ കാന്തല്ലൂര്‍ വഴി മൂന്നാറിലേക്കെത്താവുന്ന മന്നവന്‍ ചോല (ആനമുടി ദേശീയോദ്യാനം ) യിലൂടെയുള്ള, സേതുപാര്‍വ്വതി പുരം റോഡ് തുറന്ന് നല്‍കണമെന്ന് നാട്ടുകാരുടെ ആവശ്യം ഇനിയും അംഗീകരിച്ചിട്ടില്ല. കാന്തല്ലൂര്‍ പെരുമലയില്‍ നിന്ന് കുണ്ടള മാട്ടുപെട്ടി വഴി എളുപ്പത്തില്‍ മൂന്നാറിലേക്കെത്താവുന്ന പാതയാണിത്. മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും മാങ്കുളം, പള്ളിവാസല്‍, ആനച്ചാല്‍, മുരിക്കാശ്ശേരി, പന്നായാര്‍കുട്ടി തുടങ്ങിയ പ്രദേശങ്ങളും ദിവസങ്ങളോളം ഒറ്റപ്പെട്ട നിലയിലായിരുന്നു. സര്‍ക്കാര്‍ സംവിധാനം ( പിഡബ്ല്യൂഡി, പോലീസ്, ഫയര്‍ഫോഴ്‌സ്, ) കൂടെ നാട്ടുകാരും രംഗത്തിറങ്ങിയാണ് പലേടത്തും ഗതാഗത സൗകര്യമൊരുക്കിയത്. വണ്ടിപ്പെരിയാര്‍ മ്ലാമല ശാന്തിപ്പാലം രണ്ടുലക്ഷം രൂപ സമാഹരിച്ച് നാട്ടുകാരാണ് സഞ്ചാരയോഗ്യമാക്കിയത്. 500 ഓളംപേര്‍ നിര്‍മാണത്തിലും പങ്കാളിയായി.
വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞും മറ്റും ജില്ലയില്‍ വൈദ്യുതി വകുപ്പിന് രണ്ടു കോടിയുടെ നഷ്ടം. 13 ട്രാന്‍സ്‌ഫോമറുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 11 കെവി ലൈനുകളുടെ 5ംം ലേറെ പോസ്റ്റുകള്‍ ഒടിഞ്ഞു. ട്രാന്‍സ്‌ഫോമറുകളില്‍നിന്നു വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്ന എല്‍ടി (ലോ ടെന്‍ഷന്‍) ലൈനുകളുടെ 1198 പോസ്റ്റുകളും ഒടിഞ്ഞു. 11 കെവി ലൈനുകളുടെ 299 പോസ്റ്റുകളും ലോ ടെന്‍ഷന്‍ ലൈനുകളുടെ 446 പോസ്റ്റുകളുമാണ് അടിമാലി ഡിവിഷനു കീഴില്‍ തകര്‍ന്നത്. 11 കെവി വൈദ്യുത ലൈനുകള്‍ 34.04 കിലോമീറ്റര്‍ നീളത്തിലും എല്‍ടി വൈദ്യുത ലൈനുകള്‍ 194.66 കിലോമീറ്റര്‍ നീളത്തിലും ഉപയോഗശൂന്യമായി.
മൂന്നാര്‍, ഇടുക്കി, തേക്കടി, വിനോദ സഞ്ചാരത്തിന്റെ സുവര്‍ണ്ണ ത്രികോണം എന്നു അറിയപ്പെടുന്ന പ്രദേശം ബോംബിട്ടുതകര്‍ത്ത യുദ്ധഭൂമിപോലെയാണ്. ഓണം സീസണും നീലക്കുറിഞ്ഞിപൂക്കലും ഒരുമിച്ചു മേഖലയ്ക്ക് ഉത്സവമാകുമെന്ന പ്രതീക്ഷയിലായിരുന്നു ടൂറിസം കേന്ദ്രങ്ങള്‍. ഉരുള്‍പൊട്ടലിലും പ്രളയവും പ്രധാന റോഡുകളുടെ തകര്‍ച്ചയും മൂന്നാറിനെയും തേക്കടിയെയും പുറ ംലോകത്തുനിന്നും അകറ്റി. എത്തിയ സഞ്ചാരികള്‍തന്നെ ചിലേടത്ത് കുടുങ്ങി. രക്ഷിക്കാന്‍ നേവിയെത്തേണ്ടിവന്നു. ഇതോടെ മുന്‍കൂട്ടിയുള്ള ബുക്കിങ്ങുകളും റദ്ദായി. കുറിഞ്ഞിക്കാലം കണക്കിലെടുത്ത് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു. പ്രതിദിനം ആറായിരത്തില്‍പ്പരം സഞ്ചാരികള്‍ എത്തിയിരുന്ന തേക്കടി വിജനമാണ്. മഴക്കെടുതിയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് വന്‍ തിരിച്ചടിയായെന്നു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജയന്‍ കെ. വിജയന്‍ പറഞ്ഞു. റിസോര്‍ട്ടുകളും ഹോട്ടലുകളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും കനത്ത നഷ്ടത്തിലാണ്. ടൂറിസം കേന്ദ്രങ്ങളെല്ലാം ഒരുക്കുന്നതിനുളള തിരക്കിലാണ് ഇടുക്കി ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍.
വാഗമണ്‍ അടക്കം അടച്ച വിനോദഞ്ചാരകേന്ദ്രങ്ങള്‍ തുറക്കുകയും നിരോധനം പിന്‍വിലിക്കുകയും ചെയ്തു. പക്ഷേ, ഗതാഗതം സുഗമമാകാതെ സഞ്ചാരികള്‍ക്കു ഇവിടേക്ക് എത്താനാവില്ല.ജില്ലയില്‍ ഡിറ്റിപിസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ മാത്രം 5 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. 50 ലക്ഷം രൂപയുടെ റവന്യൂ നഷ്ടവും ഉണ്ടെന്നു ജയന്‍ കെ. വിജയന്‍ പറഞ്ഞു.
വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍ , മാട്ടുപ്പെട്ടി, വാഗമണ്‍, രാമക്കല്‍മേട്, പീരുമേട്, പാഞ്ചാലിമേട്, തേക്കടി എന്നിവടങ്ങള്‍ വീണ്ടും വിനോദ സഞ്ചാരികളെ വരവേല്ക്കാന്‍ ത്ധടിതിയില്‍ പ്രവര്‍ത്തനം നടക്കുന്നു. ബോട്ടിങ് ഉടന്‍ പുനഃരാരംഭിക്കുമെന്നാണ് സൂചന.
വൈദ്യുതി മന്ത്രി എം.എം. മണി, ജോയ്‌സ് ജോര്‍ജ് , കളക്ടര്‍ കെ. ജീവന്‍ ബാബു, എംഎല്‍എമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിന്‍, എസ്. രാജേന്ദ്രന്‍, ഇ.എസ്. ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥ മേധാവികളും, രാഷ്ട്രീയ- മത- സാമൂഹിക -സന്നദ്ധ സംഘടകളും, നാട്ടുകാരും ഒത്തുചേര്‍ന്നു ജില്ലയെ പുന: നിര്‍മിക്കുന്നതിന് അഹോരാത്രം പ്രയത്‌നത്തിലാണ്. മണ്ണിനോടും പ്രകൃതിയോടും കാട്ടുമൃഗങ്ങളോടുമെല്ലാം പൊരുതി ജീവിതം കരുപ്പിടിപ്പിച്ച പൂര്‍വികരുടെ പിന്‍തലമുറ പ്രതീക്ഷ കൈവിടാതെ ചരിത്രത്തിലെ വന്‍ ദുരന്തത്തില്‍നിന്നു കരകയാറാനുള്ള പോരാട്ടമാണ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here