എട്ടു ലക്ഷം മുടക്കി നിര്‍മിച്ച ബസ് കാത്തിരുപ്പു കേന്ദ്രം തുറന്നു കിട്ടാന്‍ കാത്തിരുപ്പു നീളുന്നു

0
13

അടിമാലി: ഒന്നര പതിറ്റാണ്ട് മുമ്പ് പണികഴിപ്പിച്ച വെള്ളത്തൂവല്‍ വിമലസിറ്റിയിലെ ബസ്‌കാത്തിരിപ്പ് കേന്ദ്രം ഇനിയും തുറന്നു നല്‍കാന്‍ നടപടിയില്ല.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അടഞ്ഞു കിടക്കുന്ന ഈ കെട്ടിടം എന്തിന് വേണ്ടി നിര്‍മ്മിച്ചുവെന്ന#ാണു നാട്ടുകാര്‍ ചോദിക്കുന്നത്. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ പന്നിയാര്‍ പവര്‍ഹൗസിന് സമീപം വിമലസിറ്റിയിലാണ് ഒന്നരപതിറ്റാണ്ടായി അടഞ്ഞ് കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും അനുബന്ധ കെട്ടിടവുമുള്ളത്.രണ്ട് തവണകളായി ഏകദേശം 8 ലക്ഷത്തോളം രൂപ ചിലവഴിച്ച് കെട്ടിടം നിര്‍മ്മിച്ചിട്ടും നാളിതുവരെ നാട്ടുകാര്‍ക്ക് പ്രയോജനം ലഭിച്ചിട്ടില്ല.
പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചിമുറികളും മറ്റ് രണ്ട് മുറികളും ഉള്‍പ്പെടെയായിരുന്നു കെട്ടിടം പൂര്‍ത്തീകരിച്ചത്. വൈദ്യുതി കണക്ഷന്‍ പോലും നാളിതുവരെ ഈ കെട്ടിടത്തില്‍ എത്തിക്കുവാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. വെള്ളം സംഭരിക്കാന്‍ കെട്ടിടത്തിന് സമീപത്തായി സ്ഥാപിച്ച ടാങ്ക് വെയിലും മഴയുമേറ്റ് അനാഥമായി കിടക്കുന്നു.കൊന്നത്തടി, പന്നിയാര്‍,കാക്കാസിറ്റി തുടങ്ങിയ ഇടങ്ങളിലെ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന പ്രധാന ഇടമാണ് വിമലസിറ്റി. കെട്ടിടത്തിന്റെ പണിപൂര്‍ത്തീകരിച്ചിട്ടും വെയിലും മഴയുമേറ്റ് പാതയോരത്ത് ബസ് കാത്ത് നില്‍ക്കാനാണ് സമീപവാസികളുടെ നിയോഗം.ഏതാനും നാളുകള്‍ക്ക് മുമ്പ് വിമലസിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹെല്‍ത്ത് സെന്റര്‍ കെട്ടിടത്തിന്റെ ഭാഗമായിട്ടുള്ളൊരു മുറിയിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ചിരുന്നു.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പ്രവര്‍ത്തനം നിലച്ചു കെട്ടിടത്തിന് വീണ്ടും പൂട്ടു വീണു. കഴിഞ്ഞ പ്രളയത്തില്‍ മണ്ണിടിഞ്ഞ് കെട്ടിടത്തിന്റെ പിന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ഇനിയെങ്കിലും കെട്ടിടത്തില്‍ വൈദ്യുതിയും വെള്ളവുമെത്തിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം തുറക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here