ലോക്‌സഭ തെരഞ്ഞെടുപ്പിന് കെപിസിസി മുന്നൊരുക്കം തുടങ്ങി; ബുത്ത് പ്രസിഡന്റുമാരുടെ യോഗം കൊച്ചിയില്‍; രാഹുല്‍ ഗാന്ധി പങ്കെടുക്കും

0
9

കൊച്ചി : ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ബൂത്ത് പ്രസിഡന്റുമാരെയെല്ലാം ഒന്നിച്ചു വിളിച്ചുചേര്‍ത്ത് വിപുലമായ സമ്മേളനം കൊച്ചിയില്‍ സംഘടിപ്പിക്കാന്‍ കെ.പി.സി.സി. എ.ഐ.സി.സി. പ്രസിഡന്റ് രാഹുല്‍ ഗാന്ധി സമ്മേളനത്തില്‍ പങ്കെടുക്കും.

താഴെത്തട്ടില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയെന്നതാണ് കെപിസിസി ലക്ഷ്യമിടുന്നത്. ജനങ്ങളുമായി ഇടപഴകേണ്ട താഴെത്തട്ടിലുള്ള നേതാക്കളെ സജ്ജരാക്കുന്നതിനുള്ള കര്‍മപരിപാടിക്ക് പാര്‍ട്ടി രൂപം നല്‍കി കഴിഞ്ഞു. ഓരോ 25 വീടുകള്‍ക്കും ഒരു കോ-ഓര്‍ഡിനേറ്റര്‍ വീതം, ബൂത്തുകളില്‍ പത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ വേണമെന്നാണ് പാര്‍ട്ടി മണ്ഡലം കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബൂത്തുകളിലും മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കുന്നവരെ നേരത്തെ തന്നെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുകാണ് ലക്ഷ്യം. മണ്ഡലം പ്രസിഡന്റുമാര്‍ക്കായി പ്രവര്‍ത്തന മാര്‍ഗരേഖ ഉണ്ടാക്കിയിട്ടുണ്ട്. ഒരു ദിവസത്തെ ശില്പശാല നടത്തി മണ്ഡലം പ്രസിഡന്റുമാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പഠിപ്പിക്കും. മൂന്ന് മേഖലാ സമ്മേളനങ്ങളാണ് ഇതിനായി സംഘടിപ്പിക്കുക. ഞായറാഴ്ച കോഴിക്കോട് നടക്കുന്ന മലബാര്‍ മേഖലാ ശില്പശാലയോടെ പഠന പരിപാടി സമാപിക്കും.

പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തിരിച്ചെത്തിക്കുക എന്ന പ്രധാന ദൗത്യവും മണ്ഡലം കമ്മിറ്റികള്‍ക്ക് പാര്‍ട്ടി നല്‍കിയിട്ടുണ്ട്. നടപടി നേരിട്ട് ഒഴിവാക്കപ്പെട്ടവരായാലും എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ അവരെ തിരിച്ചുകൊണ്ടുവന്ന് പ്രവര്‍ത്തനരംഗത്ത് സക്രിയമാക്കണം. പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കുള്ള പോക്ക് തടയാനും മണ്ഡലം കമ്മിറ്റികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിക്കുന്നു. ശബരിമല സംഭവങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പിയിലേക്കും മറ്റും വിട്ടുപോകുന്നവരെ തടയാനാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ ബുദ്ധിപരമായ ഇടപെടല്‍ നടത്താനാണ് പാര്‍ട്ടി നിര്‍ദേശിക്കുന്നത്. ആരാധനാലയങ്ങളിലെ ഭരണസമിതികളില്‍ പങ്കാളിത്തമുണ്ടാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ഡലത്തിലെ കല്യാണവീടുകളിലും മരണ വീടുകളിലുമെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടാവണം.

പാര്‍ട്ടിയുടെ കീഴിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പാര്‍ട്ടിക്ക് കീഴിലാണെന്ന് ഉറപ്പാക്കണം. പാര്‍ട്ടിയില്‍ അച്ചടക്ക നടപടികള്‍ കര്‍ശനമാക്കാനും കെ.പി.സി.സി. ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്കമില്ലാത്തവരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കരുത്. പാര്‍ട്ടി സ്ഥാനങ്ങളിലും പദവികളിലും ഇരുന്നുകൊണ്ട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ മേല്‍ക്കമ്മിറ്റികളോട് ശുപാര്‍ശ ചെയ്യണം. പാര്‍ട്ടിക്കു വേണ്ടിയുള്ള പിരിവുകളെല്ലാം രസീതുവെച്ചു വേണമെന്നും കെ.പി.സി.സി. നിര്‍ദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here