തോട്ടം ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും നിസഹകരണം; പൂട്ടിക്കിടക്കുന്ന അഞ്ചു തേയിലത്തോട്ടങ്ങള്‍ ഉടന്‍ തുറക്കാനിടയില്ല

0
33

ഉപ്പുതറ: സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന അഞ്ചു തോട്ടങ്ങള്‍ ഉടന്‍ തുറക്കാനിടയില്ല. തോട്ടം ഉടമകളുടേയും, തൊഴിലാളി സംഘടനകളുടേയും നിസ്സഹകരണമാണ് തടസ്സമെന്നു ചൂണ്ടികാണിക്കപ്പെടുന്നു.

തിരുവനന്തപുരം ജില്ലയിലെ ബോണക്കാട്, ഇടുക്കി ജില്ലയിലെ പീരുമേട് കമ്പനിയുടെ ചീന്തയാര്‍, ലോണ്‍ട്രി, എം.എം ജെ പ്ലാന്റേഷന്റെ ബോണാമി, കോട്ടമല എന്നീ എസ്റ്റേറ്റുകളാണ് സംസ്ഥാനത്ത് വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്നതു്. നവംബര്‍ 22 ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ എം.എല്‍ എ മാരായ കെ.എസ് ശബരീനാഥ്, ഇ.എസ് ബിജിമോള്‍, തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, തോട്ടം ഉടമകള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗത്തിലാണ് 2019 ജനുവരിയില്‍ തോട്ടം തുറക്കാന്‍ തീരുമാനമായത്. തോട്ടം തുറക്കുന്നതിന് സര്‍ക്കാര്‍ സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ഉടമകളും, ട്രേഡ് യൂണിയനുകളും ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍ (സി.ഐ.പി) മുഖേന സര്‍ക്കാരിനു പ്രൊപ്പോസല്‍ നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. തൊഴിലാളികളുടെ നിലവിലുള്ള ജീവിത സാഹചര്യം മനസ്സിലാക്കി വേണം പ്രൊപ്പോസല്‍ നല്‍കാനെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ എം.എം ജെ.പ്ലാന്റേഷന്‍ മാത്രമാണ് ഇതു സംബന്ധിച്ച് പ്രൊപ്പോസല്‍ ഇതിനകം സമര്‍പ്പിച്ചത്. അതും ആവശ്യമായ ബാധ്യതകള്‍ കൊടുത്തു തീര്‍ക്കാന്‍ ആവശ്യമായ ബാങ്ക് ലോണ്‍ കിട്ടിയാല്‍ തോട്ടം തുറക്കുന്നതിന് തയ്യാറാണെന്ന പ്രൊപ്പോസലാണ് നല്കിയത്. എന്നാല്‍ എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച് വിവിധ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രേഖകള്‍ കിട്ടുന്നതിന് തടസ്സമുണ്ട്. ഇക്കാര്യം ഉടമകള്‍ അന്നു നടന്ന ചര്‍ച്ചയില്‍ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു. ജില്ലാ കളക്ടറെ സമീപിച്ചിട്ട് രേഖകള്‍ കിട്ടിയില്ലങ്കില്‍ അടിയന്തിരമായി ലാന്റ് റവന്യൂ കമ്മീഷനും, സര്‍ക്കാരിനും അപേക്ഷ നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജില്ലാ കളക്ടറെ സമീപിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടേയുള്ളു. സര്‍ക്കാരില്‍ നിന്ന് രേഖകള്‍ ലഭ്യമാക്കി ബാങ്ക് ലോണ്‍ കിട്ടി വരണമെങ്കില്‍ മാസങ്ങളെടുക്കും.

പീരുമേട് ടീ കമ്പനി ബാങ്ക് ലോണിന് ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കി ഒരു കത്ത് നല്‍കിയിട്ടുണ്ട്.ഇത് പ്രൊപ്പോസലായി പരിഗണിക്കാനാവില്ലന്ന് തൊഴില്‍ വകുപ്പിലെ ഒരു ഉന്നത ഉലദ്യാഗസ്ഥന്‍ വ്യക്തമാക്കി. മറ്റ് മാനേജ്‌മെന്റുകളും, ഭരണപക്ഷത്തെ ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളും പ്രൊപ്പോസല്‍ നല്‍കിയിട്ടില്ല. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശിക സംബന്ധിച്ച് തീരുമാനമെടുത്ത ശേഷം തോട്ടം തുറക്കുന്നതിനേക്കുറിച്ച് ചര്‍ച്ച മതിയെന്ന് അന്ന് ട്രേഡ് യൂണിയനുകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതംഗീകരിക്കാന്‍ മന്ത്രി തയ്യാറായില്ല. ആദ്യം തോട്ടം തുറക്കുക, പിന്നീടാകാം കുടിശികയുടെ കാര്യം എന്ന മന്ത്രിയുടെ തീരുമാനത്തില്‍ യൂണിയനുകള്‍ കടുത്ത എതിര്‍പ്പു പ്രകടിപ്പിക്കുകയും ചെയതു. ഈ എതിര്‍പ്പാകാം ട്രേഡ് യൂണിയനുകള്‍ പ്രൊപ്പോസല്‍ നല്‍കാത്തതിന് കാരണമെന്നു അറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here