അരിയില്‍ ഷുക്കൂര്‍ വധം: പി ജയരാജനും ടിവി രാജേഷിനുമെതിരെ സി.ബി.ഐ കുറ്റപത്രം

0
14

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതികളായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എയ്ക്കുമെതിരെ സി.ബി.ഐ തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജയരാജനെതിരെ കൊലക്കുറ്റവും ഗുഢാലോചന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. ടി.വി രാജേഷിനെതിരെ ഗൂഢാലോചന കുറ്റമാണ്.

കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നത് ആശുപത്രി മുറിയില്‍ വച്ചാണെന്നും പി.രാജയരാനും ടി.വി രാജേഷിനും വ്യക്തമായ പങ്കുണ്ടെന്നും അരിയില്‍ ലോക്കല്‍ സെക്രട്ടറി കീഴറയില്‍ പോയി ഷുക്കൂറിനെ തിരിച്ചറിഞ്ഞശേഷമാണ് പൂട്ടിയിട്ടിരുന്ന ഷുക്കൂറിനെ വധിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

2012 ഫെബ്രുവരി 20നാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന സക്കറിയയ്ക്ക് ഗുരുതരമായി വെട്ടേറ്റിരുന്നു. തളിപ്പറമ്പ് പട്ടവത്ത് അരിയില്‍ സ്വദേശിയും എം.എസ്.എഫ് പ്രാദേശിക പ്രവര്‍ത്തകരുമായ അബ്ദുള്‍ ഷുക്കൂറിനെ (24) കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് സി.പി.എം തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു. അന്നേ ദിവസം പി.ജയരാജനും രാജേഷും സഞ്ചരിച്ച വാഹനത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിനു പ്രതികാരമായിട്ടായിരുന്നു കൊലപാതകം. രണ്ടര മണിക്കൂറോളം ഷുക്കൂറിനെ ബന്ദിയാക്കിവച്ചശേഷം സമൂഹമാധ്യമങ്ങളിലൂടെ ചിത്രമയച്ച് ജയരാജന്റെ കാറിനു നേര്‍ക്ക് കല്ലെറിഞ്ഞത് ഷുക്കൂര്‍ ആണെന്ന് സ്ഥിരീകരിച്ച ശേഷമായിരുന്നു താലിബാന്‍ മോഡലില്‍ വിചാരണ നടത്തിയുള്ള കൊലപാതകം.

കേസില്‍ ജയരാജനും രാജേഷുമടക്കം 18 പ്രതികളുടെ പട്ടിക അന്വേഷണ സംഘം മാര്‍ച്ച് 22ന് കോടയില്‍ സമര്‍പ്പിച്ചിരുന്നു. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത്, തളിപ്പറമ്പ് മുന്‍ ചെയര്‍മാന്‍ വാടി രവിയുടെ മകന്‍ ബിജുമോന്‍, അജിത് കുമാര്‍, അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി വേണു,, ഡി.വൈ.എഫ്.ഐ പാപ്പിനിശേരി ബ്ലോക്ക് സെക്രട്ടറി ഗണേശന്‍ മൊറാഴ, മുതുവാനി യൂണിറ്റ് സെക്രട്ടറി അജേഷ്, തുടങ്ങിയവരാണ് പ്രതികള്‍. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിടെ പ്രതിപ്പട്ടിക വിപുലീകരിക്കുകയും പ്രതികളുടെ എണ്ണം 34 ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഇതിനിടെ ജയരാജനെയും രാജേഷിനെയും രണ്ടു തവണ ചോദ്യം ചെയ്യുകയും ഓഗസ്റ്റ് ഒന്നിന് ജയരാജന്‍ അറസ്റ്റിലാവുകയും ചെയ്തു. രാജേഷ് പിന്നീട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഓഗസ്റ്റ് 27നാണ് ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇരുപതാം പ്രതി മൊറാഴ സെന്‍ട്രല്‍ കുമ്മനങ്ങാട് അച്ചാലി സരീഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയുടെ കുളിമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ജയരാജനും രാജേഷിനുമെതിരെ പോലീസ് ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമാണെന്നും ഷുക്കൂറിന് നീതികിട്ടില്ലെന്നും കാണിച്ച് മാതാവ് ആത്തിക്കയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി കേസ് സി.ബി.ഐയ്ക്ക് വിടുകയായിരുന്നു. എന്നാല്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം നല്‍കിയ കേസില്‍ സി.ബി.ഐ അന്വേഷണം നിയമവിരുദ്ധമാണെന്ന് കാണിച്ച് ജയരാജനും രാജേഷും ഹൈക്കോടതിയെ സമീപിച്ച് അന്വേഷണത്തില്‍ സ്റ്റേ നേടി. 2017 ഓഗസ്റ്റില്‍ ഇത് ഡിവിഷന്‍ ബെഞ്ച് മരവിപ്പിച്ചതോടെയാണ് സി.ബി.ഐ അന്വേഷണം പുനരാരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here