രാജുവെത്തി; വിദ്യാര്‍ത്ഥികള്‍ക്ക് ആത്മ വിശ്വാസവും പേന നിര്‍മാണവിദ്യയും പകര്‍ന്ന് മടങ്ങി

0
3

വിജോ ജോര്‍ജ്ജ്

ഭാര്യ പൊന്നമ്മ രാജുവിനെ സ്‌കൂട്ടറില്‍ കയറാന്‍ സഹായിക്കുന്നു.

അന്തിക്കാട്: ചേലക്കരയില്‍ നിന്ന് അംഗപരിമിതനായ രാജു അരിമ്പൂര്‍ ഹൈസ്‌കൂളിലേക്ക് പേന നിര്‍മ്മാണത്തിന് പരിശീലനം നല്‍കാന്‍ സ്‌കൂട്ടറോടിച്ചത് അറുപത് കിലോമീറ്ററോളം. വിദ്യാര്‍ത്ഥികള്‍ക്ക് ആത്മ വിശ്വാസവും പേന നിര്‍മാണവും പകര്‍ന്ന് മടങ്ങി. അരിമ്പൂര്‍ ഹൈസ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് വിദ്യാര്‍ത്ഥികള്‍ക്ക് പേന നിര്‍മ്മാണത്തിന് പരിശീലനം നല്‍കുന്നതിനാണ് തളരാത്ത മനസുമായി രാജു ഭാര്യ പൊന്നമ്മയുമൊത്ത് അരിമ്പൂര്‍ സ്‌കൂളിലെത്തിയത്.
ഇരുപത്തിനാലാമത്തെ വയസില്‍ പനി വന്ന് നെഞ്ചിന് കീഴ്‌പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ട രാജുവിന്റെ വിധിയോടുള്ള പോരാട്ടം കൂടിയാണ് ഓരോ യാത്രയും. രാജുവിനെ താങ്ങിയെടുത്ത് വേണം സ്‌കൂട്ടറിലിരുത്താന്‍. ഇരുവശങ്ങളിലും പ്രത്യേകം ചക്രങ്ങള്‍ ഘടിപ്പിച്ചിട്ടുള്ള സ്‌കൂട്ടറിലാണ് ഇവരുടെ യാത്ര.
അരിമ്പൂര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മാതാവിന് വൃക്ക ശസ്ത്രകിയ നടത്തേണ്ടി വരുന്ന ചിലവിലേക്ക് സ്‌കൂളില്‍ നിന്നും ധന ശേഖരണം നടത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ ധനം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളും, അധ്യാപകരും കണ്ടെത്തിയ മാര്‍ഗമായിരുന്നു പരിസ്ഥിതി സൗഹാര്‍ദ്ദ പേന നിര്‍മ്മാണവും വിപണനവും.
ഇതിനായി പേന, പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ വിദഗ്ധനായ രാജുവിനെ അധ്യാപകര്‍ സ്‌കൂളിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. അരിമ്പൂര്‍ ഹൈസ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് വിദ്യാര്‍ത്ഥികള്‍ക്ക് പേന നിര്‍മ്മാണത്തിന് പരിശീലനം നല്‍കി. ട്യൂബില്‍ വര്‍ണക്കടലാസ് ചുറ്റി നിര്‍മ്മിക്കുന്ന പേനക്കുള്ളില്‍ ഓരോ പച്ചക്കറി വിത്തു കൂടി വച്ചിട്ടുണ്ട്. ഉപയോഗ ശേഷം വലിച്ചെറിയുന്ന പേനയിലെ വിത്ത് മുളച്ച് ചെടികളായി മാറുന്ന രീതിയിലാണ് നിര്‍മ്മാണം.
വര്‍ഷങ്ങളായി പേപ്പര്‍ ബാഗുകളും, പേനകളും നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയ വഴി ഓര്‍ഡര്‍ ശേഖരിച്ച് വിറ്റഴിച്ച് ഉപജീവനം നടത്തുന്ന രാജു, പൊന്നമ്മ ദമ്പതികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച വിദ്യാര്‍ത്ഥികളില്‍ കൗതുകമുണര്‍ത്തി.
പരിശീലന ദിനം തന്നെ വിദ്യാര്‍ത്ഥികള്‍ ആയിരത്തിലധികം പേനകള്‍ നിര്‍മ്മിച്ചു. എക്‌സിബിഷന്‍ സംഘടിപ്പിച്ച് വിത്ത് പേനകള്‍ വിറ്റഴിക്കാനാണ് വിദ്യാര്‍ത്ഥികളുടെ ശ്രമം. അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവും ഉണ്ടെങ്കില്‍ വിധിയില്‍ തളരാതെ മുന്നോട്ട് പോകാന്‍ കഴിയുമെന്ന സന്ദേശവും നല്‍കിയാണ് രാജു മടങ്ങിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here