ഇറിഗേഷന്‍ പദ്ധതി നോക്കുകുത്തി:വെള്ളമില്ലാതെ കൃഷി നശിക്കുന്നു

0
41
പുളിയിലക്കുന്നിലെ പമ്പിങ് കേന്ദ്രത്തിലെ കുളം.

മാള:അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വഴി പാടശേഖരങ്ങളില്‍ ആവശ്യത്തിന് വെള്ളമെത്തുന്നില്ല. വടമ പാണ്ടിപ്പാടം പാടശേഖരത്തില്‍േ വെള്ളം ലഭിക്കാതെ കൃഷി ഉണങ്ങി നശിക്കുന്നു.
മൂപ്പെത്താറായ നെല്‍കൃഷിയാണ് വെള്ളം ലഭിക്കാതെ ഉണങ്ങുന്നത്. അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലെ പ്രധാന പമ്പിങ് കേന്ദ്രമായ ഞറളക്കടവിലെ 100 എച്ച് പി യുടെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാത്തത് കാരണമാണ് പാടശേഖരങ്ങളിലേക്ക് വെള്ളമെത്താത് എന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഞറളക്കടവില്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാത്തതിനാലാണ് 100.എച്ച് പി യുടെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത്. അവിടെ ഇപ്പോള്‍ 40,20 എച്ച് പി യുടെ രണ്ട് മോട്ടോറുകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്.ചാലക്കുടി പുഴയുടെ തീരത്തുള്ള ഞറളക്കടവിലെ പമ്പിങ് കേന്ദ്രത്തില്‍ നിന്ന് അടിച്ച് വിടുന്ന വെള്ളം പുളിയിലക്കുന്നിലെ കുളത്തിലെത്തിച്ചാണ് വീണ്ടും അവിടെ നിന്ന് ലിഫ്റ്റ് ചെയ്യുന്നത്.
പുളിയിലക്കുന്നിലെ കുളത്തിന് സമീപമുള്ള പമ്പിങ് കേന്ദ്രത്തിലെ 100 എച്ച് പിയുടെ മോട്ടോര്‍ ,കുളത്തിലേക്ക് ആവശ്യത്തിന് വെള്ളമെത്താത്തതിനാല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. ഇത് കാരണമാണ് പാടശേഖരങ്ങളിലേക്ക് വെള്ളമെത്താത്. ഏതാനും വര്‍ഷം മുന്‍പാണ് ഞറളക്കടവിലെ പമ്പിങ് കേന്ദ്രത്തില്‍ 100 എച്ച് പിയുടെ മോട്ടോര്‍ സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞഞിട്ടും മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനായി ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാത്തത് അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് കര്‍ഷകര്‍ ആരോപിച്ചു.
മൂന്ന് പതിറ്റാണ്ട് മുന്‍പ് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഷ്ടമിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ആരംഭിച്ചത്. പലഘട്ടങ്ങളിലായി പദ്ധതി വിപുലീകരണം നടന്നെങ്കിലും ഇപ്പോഴും പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായിട്ടില്ല.
അതുകൊണ്ടാണ് വേനല്‍കാലത്ത് പദ്ധതിയുടെ പരിധിയില്‍ വരുന്ന കൃഷിയിടങ്ങളില്‍ ആവശ്യത്തിന് വെള്ളം എത്താത്തത്.
ഞറളക്കടവില്‍ നിന്ന് പമ്പ് ചെയത് വിടുന്ന വെള്ളം കനാല്‍ വഴിയാണ് പുളിയിലക്കുന്നിലെ കുളത്തിലേക്ക് എത്തുന്നത്. കനാല്‍ പലയിടങ്ങളിലും ശോച്യാവസ്ഥയിലാണ്. ഇത് കാരണം ധാരാളം വെള്ളം ,ചോര്‍ന്ന് പോകുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here