അയല്‍വാസിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും

0
11

കൊല്ലം: വാന്‍ വഴിയില്‍ ഇട്ട് വഴി തടഞ്ഞുവെന്നാരോപിച്ച് അയല്‍വാസിയെയും സഹായിയേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ കോടതി ശിക്ഷിച്ചു. കൊല്ലം പുന്നത്തല തോപ്പില്‍ വീട്ടില്‍ അപ്പുക്കുട്ടന്‍ പിള്ള മകന്‍ അനില്‍കുമാറിനെയാണ് കോടതി 5 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. 07.09.2015 വൈകിട്ട് 3.45 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിലേക്കുള്ള വഴിയുടെ ഭാഗത്ത് ഒന്നാം സാക്ഷിയും അയല്‍വാസിയുമായ കാറ്റിറിംഗ് സര്‍വ്വീസ് നടത്തിവന്നിരുന്ന സെബാസ്റ്റ്യന്‍ ആന്റണിയുടെ വാന്‍ പാര്‍ക്ക് ചെയ്ത് കാറ്ററിംഗ് സാധനങ്ങള്‍ കയറ്റിക്കൊണ്ടു നില്‍ക്കവെ പ്രതി അവിടെയെത്തി വാഹനത്തിന്റെ ഡ്രൈവറായിരുന്ന രണ്ടാം സാക്ഷി ജോണ്‍ ഷാനിനെ അസഭ്യം വിളിക്കുകയും വാന്‍ മാറ്റിയിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അല്‍പസമയം കഴിഞ്ഞ് വീണ്ടുമെത്തി സെബാസ്റ്റന്‍ ആന്റണിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടശേഷം കാണിച്ചുതരാമെന്ന് പറഞ്ഞ് വീട്ടിലേക്കുപോയി വെട്ടുകത്തിയുമായി മടങ്ങിവന്ന സെബാസ്റ്റ്യന്‍ ആന്റണിയുടെ തലയില്‍ ഉച്ചിഭാഗത്ത് വെട്ടുകത്തികൊണ്ട് അടിച്ച് മുറിവുണ്ടാക്കിയിട്ടുള്ളതും വീണ്ടും വെട്ടാനായി തുടങ്ങിയ സമയം തടസ്സം പിടിച്ച ഷാനിനെ വെട്ടുകത്തികൊണ്ട് തലയ്ക്ക് മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ജോണ്‍ ഷാനിന്റെ സംസാരശേഷി കുറയുകയും ശരീരത്തിന് ഒരുവശം ബലക്ഷയം ഉണ്ടാവുകയും ചെയ്തിരുന്നു. കേസ് വിസ്താരം തുടങ്ങുന്നതിന് മുമ്പ് സെബാസ്റ്റ്യന്‍ ആന്റണി മരണപ്പെട്ടുപോയിരുന്നു. കൊല്ലം വെസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് കൊല്ലം വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ആര്‍. സുരേഷ് ആയിരുന്നു. അസഭ്യവാക്കുകള്‍ വിളിച്ചതിന് ഒരുമാസം വെറും തടവും 1000/- രൂപ പിഴയും ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചതിന് 6 മാസം വെറും തടവും 1000/- രൂപ പിഴയും വധശ്രമത്തിന് 5 വര്‍ഷം കഠിന തടവും 25000/- രൂപ പിഴയും പ്രതി ശിക്ഷയായി അനുഭവിക്കണമെന്നും പിഴത്തുകയില്‍ നിന്നും 25000/- രൂപ ജോണ്‍ ഷാനിന് നല്‍കണമെന്നും കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എന്‍. സുജിത്ത് ഉത്തരവായി.പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി. വിനോദ് കോടതിയില്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here